സിസ്റ്റര്‍ അഭയക്കൊലക്കേസ്: ഫാ.തോമസ് കോട്ടൂരും സിസ്റ്റര്‍ സെഫിയും വിചാരണ നേരിടണമെന്ന് ഹൈക്കോടതി

ഫാദര്‍ ജോസ് പുതൃക്കയിലിനെ വെറുതെവിട്ട സി ബി ഐ കോടതിയുടെ നടപടി ഹൈക്കോടതി ശരിവെച്ചു.കേസിലെ നാലാം പ്രതിയും ക്രൈംബ്രാഞ്ച് എസ് പി യുമായിരുന്ന കെ ടി മൈക്കിളിനെ ഹൈക്കോടതി പ്രതിപട്ടികയില്‍ നിന്ന് ഒഴിവാക്കി. സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ട് 27 വര്‍ഷം പിന്നിടുമ്പോഴാണ് കേസ് വിചാരണ വഴിയിലേക്ക് വീണ്ടും തിരിച്ചെത്തുന്നത്. 1992 മാര്‍ച്ച് 27നാണ് കോട്ടയം പയസ് ടെന്‍ത് കോണ്‍വെന്റിലെ കിണറ്റില്‍ സിസ്റ്റര്‍ അഭയയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.ആദ്യം ലോക്കല്‍ പോലിസും തുടര്‍ന്ന് ക്രൈം ബ്രാഞ്ചും അന്വേഷണം നടത്തി അവസാനിപ്പിച്ച കേസ് പിന്നീട് സി ബി ഐയ്ക്ക് കൈമാറുകയായിരുന്നു

Update: 2019-04-09 06:03 GMT

കൊച്ചി : സിസ്റ്റര്‍ അഭയക്കേസിലെ ഒന്നാം പ്രതി ഫാദര്‍ തോമസ് കോട്ടൂര്‍, മൂന്നാം പ്രതി സിസ്റ്റര്‍ സെഫി എന്നിവര്‍ വിചാരണ നേരിടണമെന്ന് ഹൈക്കോടതി. സി ബി ഐ കോടതിയുടെ ഉത്തരവിനെതിരെ ഇവര്‍ നല്‍കിയ ഹരജി തള്ളിക്കൊണ്ടാണ് ഇരുവരും വിചാരണ നേരിടണമെന്ന് വ്യക്തമാക്കിക്കൊണ്ട് ഹൈക്കോടതി ഉത്തരവിട്ടത്. ഇരുവരും നേരത്തെ സി ബി ഐ കോടതിയില്‍ റിവ്യൂ ഹരജി നല്‍കിയിരുന്നുവെങ്കിലും ഇത് തള്ളിയിരുന്നു. ഇതേ തുടര്‍ന്നാണ് ഇവര്‍ ഹൈക്കോടതിയെ സമീപിച്ചത്.

കേസിലെ രണ്ടാം പ്രതി ഫാദര്‍ ജോസ് പുതൃക്കയിലിനെ വെറുതെവിട്ട സി ബി ഐ കോടതിയുടെ നടപടി ഹൈക്കോടതി ശരിവെച്ചു. ഇതിനെതിരെ ജോമോന്‍ പുത്തന്‍പുരയക്കല്‍ നല്‍കിയ ഹരജി ഹൈക്കോടതി തള്ളി.കേസിലെ നാലാം പ്രതിയും ക്രൈംബ്രാഞ്ച് എസ് പി യുമായിരുന്ന കെ ടി മൈക്കിളിനെ ഹൈക്കോടതി പ്രതിപട്ടികയില്‍ നിന്ന് ഒഴിവാക്കി. കേസില്‍ തെളിവുനശിപ്പിച്ചു, ഗൂഢാലോചന നടത്തി എന്നീ കുറ്റങ്ങളായിരുന്നു മൈക്കിളിനുമേല്‍ സി ബി ഐ ചുമത്തിയിരുന്നത്.ഇതിനെതിരെ മൈക്കിള്‍ നല്‍കിയ ഹരജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ട് 27 വര്‍ഷം പിന്നിടുമ്പോഴാണ് കേസ് വിചാരണ വഴിയിലേക്ക് വീണ്ടും തിരിച്ചെത്തുന്നത്. 1992 മാര്‍ച്ച് 27നാണ് കോട്ടയം പയസ് ടെന്‍ത് കോണ്‍വെന്റിലെ കിണറ്റില്‍ സിസ്റ്റര്‍ അഭയയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.ആദ്യം ലോക്കല്‍ പോലിസും തുടര്‍ന്ന് ക്രൈം ബ്രാഞ്ചും അന്വേഷണം നടത്തി അവസാനിപ്പിച്ച കേസ് പിന്നീട് സി ബി ഐയ്ക്ക് കൈമാറുകയായിരുന്നു. 1993 മാര്‍ച്ച് 29 ന് കേസ് സിബിഐ ഏറ്റെടുത്ത് അന്വേഷണം ആരംഭിച്ചു.

16 വര്‍ഷം നീണ്ട അന്വേഷണത്തിന് ശേഷം ഫാ.തോമസ് കോട്ടൂര്‍, ഫാ.ജോസ് പൂതൃക്കയില്‍, സിസ്റ്റര്‍ സെഫി എന്നീ മൂന്ന് പ്രതികളെ സിബിഐ 2008 നവംബര്‍ 18 ന് അറസ്റ്റ് ചെയ്തു. 49 ദിവസം ജയിലില്‍ കിടന്നതിന് ശേഷം മൂന്ന് പ്രതികള്‍ക്കും ഹൈക്കോടതി ജാമ്യം നല്‍കി. പിന്നീട് ഈ മൂന്ന് പ്രതികള്‍ക്കെതിരെയും സി ബി ഐ 2009 ജൂലൈ 17ന് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. എന്നാല്‍ വിചാരണ കൂടാതെ തങ്ങളെ കുറ്റവിമുക്തരാക്കണമെന്നാശ്യപ്പെട്ട് സി ബി ഐ കോടതിയില്‍ പ്രതികള്‍ നല്‍കിയ ഹരജി 2018 മാര്‍ച്ച് 7 ന് സിബിഐ കോടതി തീര്‍പ്പാക്കി.ഒന്നാം പ്രതി തോമസ് കോട്ടൂര്‍, മൂന്നാം പ്രതി സിസ്റ്റര്‍ സെഫി എന്നിവരുടെ ഹരജികള്‍ തള്ളിക്കൊണ്ട് വിചാരണ നേരിടുവാനും രണ്ടാം പ്രതി ഫാ. ജോസ് പൂതൃക്കയിലിനെ വിചാരണ കൂടാതെ വെറുതെ വിട്ടുകൊണ്ടും തിരുവനന്തപുരം സിബിഐ കോടതി ഉത്തരവിടുകയായിരുന്നു.

ഒന്നാം പ്രതി ഫാ. തോമസ് കോട്ടൂര്‍, മൂന്നാം പ്രതി സിസ്റ്റര്‍ സെഫി എന്നിവരോട് വിചാരണ നേരിടുവാന്‍ ഉത്തരവിട്ട സിബിഐ കോടതി ഉത്തരവിനെതിരെ രണ്ട് പ്രതികള്‍ നല്‍കിയ ഹരജികളും രണ്ടാം പ്രതി ഫാ. ജോസ് പൂതൃക്കയിലിനെ വിചാരണ കൂടാതെ വെറുതെ വിട്ടതിനെതിരെ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ സമര്‍പ്പിച്ച അപ്പീലുമാണ് ഹൈക്കോടതി ഇന്ന് തീര്‍പ്പാക്കിയത്

Tags:    

Similar News