ശ്രീറാം വെങ്കിട്ടരാമന്‍ പൂജപ്പുര ജയിലില്‍
ശ്രീറാം വെങ്കിട്ടരാമന്‍ കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. ജാമ്യാപേക്ഷ നാളെ കോടതി പരിഗണിക്കും. അഡ്വ. ഭാസുരേന്ദ്ര നായരായിരിക്കും ശ്രീറാം വെങ്കിട്ടരാമനു വേണ്ടി ഹാജരാവുക എന്നാണ് വിവരം
തിരുവനന്തപുരം: മദ്യപിച്ച് വാഹനമോടിച്ച്, സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് കെ മുഹമ്മദ് ബഷീറിനെ കാറിടിച്ച് കൊന്ന കേസില്‍ അറസ്റ്റിലായ ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമനെ പൂജപ്പുര ജയിലിലേക്കു മാറ്റി. തിരുവനന്തപുരത്തെ കിംസ് ആശുപത്രിയില്‍ ആഡംബര മുറിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ശ്രീറാമിനെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേയ്ക്ക് എന്നു അറിയിച്ചാണ് ഡിസ്ചാര്‍ജ് ചെയ്തു വാങ്ങിയത്. തുടര്‍ന്ന് മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കുകയും റിമാന്‍ഡ് ചെയ്യുകയുമായിരുന്നു. മജിസ്‌ട്രേറ്റിന്റെ ഉത്തരവ് പ്രകാരമാണ് ജയിലിലേക്കു മാറ്റിയത്.
കിംസ് ആശുപത്രിയില്‍ നിന്നും സ്ട്രച്ചറില്‍ കിടത്തി മുഖം മറച്ചാണ് ശ്രീറാമിനെ പുറത്തിറക്കിയത്. തുടര്‍ന്ന് മജിസ്‌ട്രേറ്റിന്റെ വീട്ടില്‍ എത്തിച്ച് ശ്രീറാമിനെ റിമാന്‍ഡ് ചെയ്യുകയായിരുന്നു. കിംസ് ആശുപത്രിയുടെ ആംബുലന്‍സ് മജിസ്‌ട്രേറ്റിന്റെ വീടിനു മുന്നില്‍ എത്തിക്കുകയും ആംബുലന്‍സില്‍ എത്തി മജിസ്‌ട്രേറ്റ് തന്നെ റിമാന്‍ഡ് എഴുതുകയുമായിരുന്നു.
ശ്രീറാമിന് കാര്യമായ പരിക്കുകളോ, ആരോഗ്യ പ്രശ്‌നങ്ങളോ ഇല്ലെന്ന് കിംസ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് മജിസ്‌ട്രേറ്റ് ശ്രീറാമിനെ റിമാന്‍ഡ് ചെയ്യാനുള്ള നടപടികള്‍ ആരംഭിച്ചത്. ശ്രീറാമിനെ നേരിട്ട് ആംബുലന്‍സില്‍ എത്തി പരിശോധിച്ച മജിസ്‌ട്രേറ്റിനു ഇദ്ദേഹത്തിന് ആരോഗ്യ പ്രശ്‌നങ്ങളുള്ളതായി ബോധ്യപ്പെട്ടില്ല. തുടര്‍ന്നാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റാതെ തിരുവനന്തപുരം പൂജപ്പുര സബ് ജയിലിലേയ്ക്ക് മാറ്റാന്‍ തന്നെ നിര്‍ദേശം നല്‍കിയത്. വൈകിട്ട് ആറരയോടെ പൂജപ്പുരയിലെ തിരുവനന്തപുരം സബ് ജയിലില്‍ ശ്രീറാമിനെ എത്തിച്ച് റിമാന്‍ഡ് ചെയ്യുകയായിരുന്നു.
കഴിഞ്ഞ ദിവസം പുലര്‍ച്ചെ ഒരു മണിയോടെയാണ് മാധ്യമപ്രവര്‍ത്തകനായ ബഷീറിനെ ശ്രീറാം സഞ്ചരിച്ച വാഹനം ഇടിച്ചത്. മദ്യലഹരിയില്‍ ശ്രീറാം അമിത വേഗത്തില്‍ ഓടിച്ചിരുന്ന വാഹനം ഇടിച്ച് ബഷീര്‍ മരിക്കുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് ശ്രീറാമിനെ അറസ്റ്റ് ചെയ്തത്. എന്നാല്‍, രക്ത പരിശോധനയ്ക്ക് തയ്യാറാകാതിരുന്ന ശ്രീറാം, ജനറല്‍ ആശുപത്രിയില്‍ നിന്നും സ്വന്തം ഇഷ്ടപ്രകാരം തിരുവനന്തപുരത്തെ കിംസ് ആശുപത്രിയിലേയ്ക്ക് മാറുകയായിരുന്നു. ഇതേ തുടര്‍ന്ന് മാധ്യമങ്ങള്‍ കടുത്ത സമ്മര്‍ദം ചെലുത്തിയതോടെയാണ് ശ്രീറാമിനെ അറസ്റ്റ് ചെയ്യാനും, റിമാന്‍ഡ് ചെയ്യാനും പൊലീസ് തയ്യാറായത്.
രണ്ടു ദിവസമായി കിംസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ശ്രീറാമിനെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേയ്ക്ക് മാറ്റുകയാണെന്നാണ് നാലു മണിയോടെ പോലിസ് സ്വീകരിച്ച നിലപാട്. ഇതേ തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ജയില്‍ വാര്‍ഡില്‍ പോലിസ് കാവല്‍ ഏര്‍പ്പെടുത്തിയിരുന്നു. ഇതോടെയാണ് ശ്രീറാം മെഡിക്കല്‍ കോളജിലേയ്ക്ക് തന്നെ എത്തുമെന്ന സൂചന പരന്നത്. ഇതിനിടെ അഞ്ചരയോടെ ശ്രീറാമിനെ കിംസ് ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തു. തുടര്‍ന്നാണ് വഞ്ചിയൂര്‍ കോടതിയുടെ സമീപത്തെ മജിസ്‌ട്രേറ്റിന്റെ വീട്ടില്‍ ശ്രീറാമിനെ എത്തിച്ചത്.
ശ്രീറാമിനു കിംസ് ആശുപത്രിയില്‍ തന്നെ ചികിത്സ നല്‍കാനുള്ള പൊലീസിന്റെ ശ്രമങ്ങളെല്ലാം മാധ്യമങ്ങളുടെ കനത്ത സമ്മര്‍ദത്തെ തുടര്‍ന്നാണ് പൊളിഞ്ഞത്.
അതേസമയം ശ്രീറാം വെങ്കിട്ടരാമന്‍ കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. ജാമ്യാപേക്ഷ നാളെ കോടതി പരിഗണിക്കും. അഡ്വ. ഭാസുരേന്ദ്ര നായരായിരിക്കും ശ്രീറാം വെങ്കിട്ടരാമനു വേണ്ടി ഹാജരാവുക എന്നാണ് വിവരം.
വെള്ളിയാഴ്ച അര്‍ധരാത്രിയോടെയാണ് മദ്യലഹരിയിലായിരുന്ന ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാര്‍ ബൈക്കിലിടിച്ച് കെ മുഹമ്മദ് ബഷീര്‍ മരിച്ചത്. കേസില്‍ ശ്രീറാം വെങ്കിട്ടരാമനെ രക്ഷപ്പെടുത്താന്‍ പോലിസടക്കം ശ്രമം നടത്തുന്നതായി ആക്ഷേപമുയര്‍ന്നിരുന്നു. പോലിസ് അന്വേഷണത്തില്‍ കെ എം ബഷീറിന്റെ കുടുംബവും സംശയം പ്രകടിപ്പിച്ച് മുന്നോട്ട് വന്നിരുന്നു.