എസ്എസ്എൽസി, പ്ലസ്‍ടു പരീക്ഷകൾ വീണ്ടും മാറ്റി
എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ ഈ മാസം 26 മുതല്‍ 30 വരെ നടത്താനായി സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.
തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എൽസി, പ്ലസ്‍ടു പരീക്ഷകൾ വീണ്ടും മാറ്റി. നാലാം ഘട്ട ലോക്ക് ഡൗണിൻ്റെ മെയ് 31വരെ സ്കൂളുകൾ അടച്ചിടാനുള്ള കേന്ദ്ര നിർദേശ പ്രകാരമാണ് തീരുമാനം.
എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ ഈ മാസം 26 മുതല്‍ 30 വരെ നടത്താനായി സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇത് സംബന്ധിച്ചുള്ള ടൈംടേബിള്‍ പുറപ്പെടുവിക്കുകയും ചെയ്തു. എന്നാല്‍ ഞായറാഴ്ച വൈകുന്നേരം കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച മാനദണ്ഡ പ്രകാരം സ്കൂളുകള്‍ തുറന്നു പ്രവര്‍ത്തിക്കരുതെന്നാണ് നിര്‍ദേശം. ഇതേതുടര്‍ന്നാണ് പരീക്ഷകള്‍ മാറ്റിയത്.
പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കും. വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ് വിളിച്ച ഉന്നതതലയോഗത്തിലാണ് തീരുമാനം. പരീക്ഷകൾ ജൂൺ ആദ്യവാരം നടത്താനാകുമോ എന്നത് ആലോചിക്കുന്നുണ്ട്. ഇതുവരെ പൂർത്തിയായ എസ്എസ്എൽസി പരീക്ഷകളുടെ മൂല്യനിർണയവും ഇന്ന് തുടങ്ങുകയാണ്. സ്കൂളുകളിലേക്കുള്ള അഡ്മിഷനും ഇന്ന് ആരംഭിച്ചിട്ടുണ്ട്.