പെരിയ ഇരട്ട കൊലക്കേസില്‍ സിബിഐ: സംസ്ഥാന സര്‍ക്കാരിന്റെ ഹരജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

സിബിഐ ഇതുവരെ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിട്ടില്ല.

Update: 2020-10-26 04:00 GMT

തിരുവനന്തപുരം: പെരിയ ഇരട്ട കൊലക്കേസ് സിബിഐക്ക് വിട്ട കേരള ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. കേസ് ഏറ്റെടുക്കുന്ന കാര്യത്തില്‍ നിലപാടറിയിക്കാന്‍ സുപ്രീം കോടതി സിബിഐയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സിബിഐ ഇതുവരെ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിട്ടില്ല. മറുപടി നല്‍കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടേക്കുമെന്നാണ് സൂചന. അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ സിബിഐ അന്വേഷണം എന്തിനെന്നാണ് സര്‍ക്കാര്‍ ഉന്നയിക്കുന്ന ചോദ്യം. സിബിഐ അന്വേഷണം ആരംഭിച്ചിട്ടുണ്ടെങ്കില്‍ ഇടപെടില്ലെന്ന സുപ്രീം കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സര്‍ക്കാര്‍ സുപ്രീം കോതിയെ സമീപിച്ചതിനാല്‍ കേസ് ഡയറി അടക്കമുളള രേഖകള്‍ കേരള പോലീസ് സിബിഐക്ക് നല്‍കിയിട്ടില്ല.

കാസര്‍കോട് പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ രണ്ട് യുവാക്കളെ വെട്ടിക്കൊലപ്പെടുത്തിയ കേസിന്റെ അന്വേഷണം സിബിഐക്ക് വിട്ട് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവായത് 2019 സെപ്തംബര്‍ 30നാണ്. ക്രൈംബ്രാഞ്ച് അന്വേഷണത്തെ രൂക്ഷമായി വിമര്‍ശിച്ച സിംഗിള്‍ ബഞ്ച് കുറ്റപത്രം റദ്ദാക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഹൈക്കോടതി ഉത്തരവ് അനുസരിച്ച് സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തു. എഫ്‌ഐആര്‍ എറണാകുളം സിജെഎം കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തു. സിബിഐയുടെ തിരുവനന്തപുരം യൂണിറ്റിനാണ് കേസിന്റെ അന്വേഷണ ചുമതല. ഇതിനിടെ അന്വേഷണം സിബിഐക്ക് വിട്ടതിനെതിരെ സര്‍ക്കാര്‍ സുപ്രിം കോടതിയില്‍ അപ്പീല്‍ നല്‍കുകയായിരുന്നു.

Tags:    

Similar News