ഹജ്ജ് സാങ്കേതിക പഠന ക്ലാസ് സംസ്ഥാന തല ഉദ്ഘാടനം മെയ് അഞ്ചിന് താനൂരിൽ

താനൂർ, തിരൂർ നിയോജക മണ്ഡലങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 296 അപേക്ഷകരും അതോടൊപ്പം വെയിറ്റിങ് ലിസ്റ്റ് 500ൽ ഉൾപ്പെടുന്ന 30 പേരും ഉൾപ്പെടെ 326 പേർ താനൂരിൽ നടക്കുന്ന സാങ്കേതിക പഠന ക്ലാസിൽ സംബന്ധിക്കും.

Update: 2022-05-04 18:53 GMT

താനൂർ: സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി ഈ വർഷം ഹജ്ജിന് യാത്രയാകുന്നവർക്ക് സംസ്ഥാന ഹജ്ജ് കമ്മിറ്റി നൽകുന്ന സാങ്കേതിക പഠന ക്ലാസിന്റെ സംസ്ഥാനതല ഉദ്ഘാടനം വ്യാഴാഴ്ച കാലത്ത് 9 മണിക്ക് താനൂർ ഒലിവ് ഓഡിറ്റോറിയത്തിൽ ഹജ്ജ് കാര്യവകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാനും കേന്ദ്ര ഹജ്ജ് കമ്മിറ്റി മെമ്പറുമായ സി മുഹമ്മദ് ഫൈസി അധ്യക്ഷനായിരിക്കും. മുൻ ഹജ്ജ് വകുപ്പ് മന്ത്രി ഡോ. കെ ടി ജലീൽ മുഖ്യാതിഥിയായിരിക്കും.

താനൂർ, തിരൂർ നിയോജക മണ്ഡലങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 296 അപേക്ഷകരും അതോടൊപ്പം വെയിറ്റിങ് ലിസ്റ്റ് 500ൽ ഉൾപ്പെടുന്ന 30 പേരും ഉൾപ്പെടെ 326 പേർ താനൂരിൽ നടക്കുന്ന സാങ്കേതിക പഠന ക്ലാസിൽ സംബന്ധിക്കും. ഹജ്ജ് യാത്രയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ക്ലാസിൽ പവർ പോയിന്റ് പ്രസെന്റേഷന്റെ സഹായത്താൽ ഹാജിമാർക്ക് വിശദീകരിച്ചു നൽകും. കൂടാതെ ഹാജിമാർക്കുണ്ടാകുന്ന സംശയങ്ങൾ ദൂരീകരിക്കുന്നതിനും അവസരമുണ്ടാകും. സംസ്ഥാന ഹജ്ജ് കമ്മിറ്റി നിയോഗിച്ച ട്രയിനർമാർ ഓരോ ഹജ്ജ് അപേക്ഷകനെയും നേരിട്ട് ബന്ധപ്പെട്ടാണ് ക്ലാസ്സിലേക്ക് ക്ഷണിക്കുന്നത്.

സംസ്ഥാന ഹജ്ജ് കമ്മറ്റി അസി.സെക്രട്ടറി എൻ.മുഹമ്മദലി ആമുഖ ഭാഷണം നിർവഹിക്കും. കോഡിനേറ്റർ അഷ്റഫ് അരയൻകോട് ഹജ്ജ് കമ്മിറ്റി വഴി ഹാജിമാർക്ക് നൽകുന്ന സേവനങ്ങളെക്കുറിച്ച് വിശദീകരിക്കും. പഠന ക്ലാസിലെ വിവിധ സെഷനുകളിൽ മാസ്റ്റർ ട്രെയിനർമാരായ മുജീബ് മാസ്റ്റർ വടക്കേമണ്ണ, ഷാജഹാൻ എൻ പി, ജില്ലാ ട്രെയിനർ റൗഫ് യു എന്നിവർ നേതൃത്വം നൽകും.

Similar News