കോഴിക്കോട് കെഎസ്ആര്‍ടിസിയിലെ കിയോസ്‌കുകള്‍ ഒഴിപ്പിക്കാനുള്ള നോട്ടീസിന് സ്റ്റേ

Update: 2021-10-31 17:46 GMT

കോഴിക്കോട്: കെഎസ്ആര്‍ടിസി സമുച്ചയത്തിലെ കിയോസ്‌കുകള്‍ ഒഴിപ്പിക്കാനുള്ള നോട്ടീസ് സ്റ്റേ ചെയ്തു. കെടിഡിഎഫ്‌സി നല്‍കിയ നോട്ടീസ് കോഴിക്കോട് മുന്‍സിഫ് കോടതിയാണ് സ്റ്റേ ചെയ്തത്. 75 ലക്ഷം രൂപയുടെ സുരക്ഷാ നിക്ഷേപമാണ് കടമുറി വാടകയ്‌ക്കെടുത്തവര്‍ കെടിഡിഎഫ്‌സിക്ക് നല്‍കിയത്. വലിയ തുക ദിവസ വാടകയുമുണ്ടെന്നിരിക്കെ മതിയായ സമയം നല്‍കാതെയും പുനപ്രവേശനം ഉറപ്പുവരുത്താതെയും ഒഴിപ്പിക്കുന്നുവെന്ന കിയോസ്‌ക് കരാറുകാരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ബസ്സുകള്‍ മാറ്റാതെ കടമുറികള്‍ ഒഴിയണമെന്നാവശ്യപ്പെട്ട നോട്ടീസിനെ ചോദ്യം ചെയ്താണ് വ്യാപാരികള്‍ കോടതിയെ സമീപിച്ചത്.

നോട്ടീസ് പ്രകാരമുള്ള സമയപരിധി ഇന്ന് അവസാനിക്കാനിരിക്കെയാണ് കോടതിയുടെ ഇടപെടല്‍. കെഎസ്ആര്‍ടിസി കെട്ടിടസമുച്ചയത്തിന് ബലക്ഷയമുണ്ടെന്ന റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ചെന്നൈ ഐഐടി നിര്‍ദേശിച്ച ബലപ്പെടുത്തല്‍ നടപടിക്ക് മുന്നോടിയായാണ് കോഴിക്കോട് കെഎസ്ആര്‍ടിസി കെട്ടിടസമുച്ഛയത്തില്‍ പ്രവര്‍ത്തിക്കുന്ന ഭക്ഷണസാധനങ്ങള്‍ വില്‍ക്കുന്ന കിയോസ്‌ക് നടത്തിപ്പുകാരോട് ഒഴിയാന്‍ കെടിഡിഎഫ്‌സി ആവശ്യപ്പെട്ടത്. ഇന്ന് ഒഴിയണമെന്നാണ് ഈമാസം 26ന് കിയോസ്‌കുകാര്‍ക്ക് ലഭിച്ച നോട്ടീസില്‍ ആവശ്യപ്പെട്ടിരുന്നത്. ഒരുവര്‍ഷമായി കച്ചവടം നടത്തിവരുന്നവര്‍ക്കാണ് നോട്ടീസ് നല്‍കിയത്. നിലവിലുള്ള കരാര്‍ റദ്ദാക്കുകയാണെന്നും നോട്ടീസില്‍ വ്യക്തമാക്കിയിരുന്നു.

എന്നാല്‍, കരാര്‍ പ്രകാരമുള്ള സമയം നല്‍കാതെയാണ് നോട്ടീസെന്നും ബലപ്പെടുത്തലിന് ശേഷമുള്ള പുനപ്രവേശനം നോട്ടീസ് ഉറപ്പുനല്‍കുന്നില്ലെന്നും കരാറുകാര്‍ക്ക് മനസ്സിലായി. ഇതെത്തുടര്‍ന്നാണ് ഇവര്‍ കോഴിക്കോട് മുന്‍സിഫ് കോടതിയെ സമീപിച്ചത്. ഹരജി പരിഗണിച്ച കോടതി മറ്റൊരു ഉത്തരവുണ്ടാകുന്നതുവരെ നോട്ടീസ് സ്‌റ്റേ ചെയ്തു. കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റ് മാറ്റാത്തതും പ്രധാന കരാറുകാരായ അലിഫ് ബില്‍ഡേഴ്‌സിന് നോട്ടീസ് നല്‍കാത്തതും കിയോസ്‌കുകാര്‍ കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു.

അതേസമയം ബലപ്പെടുത്തലിനായി കെട്ടിടം ഒഴിപ്പിക്കുന്നതിന്റെ ഭാഗമാണ് നടപടിയെന്നും സ്‌റ്റേ ഒഴിവാക്കാന്‍ കോടതിയെ സമീപിപ്പിക്കുമെന്നും കെടിഡിഎഫ്‌സി അറിയിച്ചു. 76 കോടി രൂപയാണ് ചെലവില്‍ 2015 ലാണ് കോഴിക്കോട് കെഎസ്ആര്‍ടിസി സമുച്ചയം നിര്‍മിച്ചത്. സമുച്ചയം നിര്‍മിച്ചത്. വലിയ വ്യാപ്തിയുള്ള കെട്ടിടത്തിലെ ചില മുറികള്‍ വാടകയ്ക്ക് കൊടുക്കാനും അന്ന് പദ്ധതിയുണ്ടായിരുന്നു. എന്നാല്‍, തുടക്കം മുതലെ നിരവധി പരാതികളാണ് കെട്ടിടത്തിന്റെ അപാകത സംബന്ധിച്ച് ഉയര്‍ന്നുവന്നത്.

Tags:    

Similar News