കളമശേരി മെഡിക്കല്‍ കോളജിലെ ഹൗസ് സര്‍ജന്മാരുടെ സമരം പിന്‍വലിച്ചു

ഹൗസ് സര്‍ജന്‍ പ്രതിനിധികളുമായും എസ്എഫ്‌ഐ യൂണിയന്‍ പ്രതിനിധികളുമായി ജില്ലാ കലക്ടര്‍ എസ് സുഹാസിന്റെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയ്‌ക്കൊടുവിലാണ് സമരം ഒത്തുതീര്‍പ്പിലായത്.കഴിഞ്ഞ മാര്‍ച്ച് മാസം മുതല്‍ സമ്പൂര്‍ണ്ണ കൊവിഡ് ഹോസ്പിറ്റല്‍ ആയതിനാല്‍ പഠന സൗകര്യം പുനരാരംഭിക്കണമെന്നാവശ്യപ്പെട്ടാണ് വിദ്യാര്‍ഥികള്‍ സമരം ആരംഭിച്ചത്

Update: 2021-01-08 12:30 GMT

കൊച്ചി: കളമശ്ശേരി സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ ഹൗസ് സര്‍ജന്മാരും വിദ്യാര്‍ഥികളും നടത്തുന്ന സമരം പിന്‍വലിച്ചു. ഹൗസ് സര്‍ജന്‍ പ്രതിനിധികളുമായും എസ്എഫ്‌ഐ യൂണിയന്‍ പ്രതിനിധികളുമായി ജില്ലാ കലക്ടര്‍ എസ് സുഹാസിന്റെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയ്‌ക്കൊടുവിലാണ് സമരം ഒത്തുതീര്‍പ്പിലായത്.കഴിഞ്ഞ മാര്‍ച്ച് മാസം മുതല്‍ സമ്പൂര്‍ണ്ണ കൊവിഡ് ഹോസ്പിറ്റല്‍ ആയതിനാല്‍ പഠന സൗകര്യം പുനരാരംഭിക്കണമെന്നാവശ്യപ്പെട്ടാണ് വിദ്യാര്‍ഥികള്‍ സമരം ആരംഭിച്ചത്.

ആലുവ ജില്ലാ ആശുപത്രിയില്‍ കൊവിഡ് ചികില്‍സക്കായുള്ള കൂടുതല്‍ സൗകര്യങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ മെഡിക്കല്‍ കോളജിലെ ഐപി. പുനരാരംഭിക്കാന്‍ കഴിയുമെന്ന് കലക്ടര്‍ ചര്‍ച്ചയില്‍ സമരക്കാരെ അറിയിച്ചു. ഇത് മെഡിക്കല്‍ കോളജിലെ കൊ വിഡ് രോഗികളുടെ തിരക്ക് കുറക്കാന്‍ സാധിക്കും. ആലുവ ആശുപത്രിയുടെ നവീകരണത്തിനായി എസ്ഡിആര്‍.ഫണ്ടില്‍ നിന്നും 35 ലക്ഷം രൂപയും എന്‍എച്ച്എം ഫണ്ടില്‍ നിന്നും 45 ലക്ഷം രൂപയും നല്‍കും. ജനുവരി 31 നുള്ളില്‍ കൊവിഡ് രോഗികള്‍ക്കായി 100 ഓക്‌സിജന്‍ കിടക്കകള്‍ ഉള്‍പ്പെടുന്ന വിപുലമായ ബ്ലോക്ക് പ്രവര്‍ത്തനം ആരംഭിക്കാന്‍ കഴിയും.

ആലുവയില്‍ പ്രവര്‍ത്തനസജ്ജമാകുന്നതോടെ കളമശ്ശേരി ആശുപത്രി പഴയ രീതിയില്‍ പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ കഴിയുമെന്നും കലക്ടര്‍ പറഞ്ഞു. എമര്‍ജന്‍സി ഐപി സര്‍വീസ് ഉടന്‍ ആരംഭിക്കാന്‍ കഴിയുമെന്നും കലക്ടര്‍ അറിയിച്ചു. വിദ്യാര്‍ഥികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനായി മെഡിക്കല്‍ കോളജ് കേന്ദ്രീകരിച്ച് കമിറ്റി രൂപീകരിക്കാനും കലക്ടര്‍ നിര്‍ദ്ദേശിച്ചു. ആര്‍എംഒ ഡോ.ഗണേഷ് മോഹന്‍, ആശുപത്രി സൂപ്രണ്ട് പീറ്റര്‍ വാഴയില്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.

Tags:    

Similar News