സുഭാഷ് വാസുവിനെ ബിഡിജെഎസ്സില്‍നിന്ന് പുറത്താക്കിയേക്കും; വിശദീകരണം തേടുമെന്ന് തുഷാര്‍ വെള്ളാപ്പള്ളി
മൈക്രോഫിനാന്‍സ് തട്ടിപ്പിനു പുറമേ വെള്ളാപ്പള്ളി നടേശന്‍ കോളജ് ഓഫ് എന്‍ജിനീയറിങ്ങിന്റെ പേരില്‍ 22 കോടിയുടെ ക്രമക്കേട് നടത്തി. സുഭാഷ് വാസുവിനെതിരേ ശക്തമായ നടപടി വേണമെന്ന വികാരമാണ് ചേര്‍ത്തലയില്‍ ചേര്‍ന്ന ബിഡിജെഎസ് സംസ്ഥാന കൗണ്‍സില്‍ യോഗത്തിലുണ്ടായത്.
ആലപ്പുഴ: എസ്എന്‍ഡിപിക്ക് പിന്നാലെ ബിഡിജെഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സുഭാഷ് വാസുവിനെ സംഘടനയില്‍നിന്ന് പുറത്താക്കാനുള്ള നീക്കങ്ങള്‍ തുടങ്ങി. സുഭാഷ് വാസു സാമ്പത്തിക ക്രമക്കേട് നടത്തിയിട്ടുണ്ടെന്ന് വ്യക്തമായെന്നും ഇക്കാര്യത്തില്‍ 15 ദിവസത്തിനകം വിശദീകരണം നല്‍കിയില്ലെങ്കില്‍ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കുമെന്നും സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി വ്യക്തമാക്കി. വിമതനീക്കത്ത തുടര്‍ന്ന് മാവേലിക്കര എസ്എന്‍ഡിപി യൂനിയനില്‍നിന്നുള്ള പുറത്താക്കലിന് പിന്നാലെയാണ് സുഭാഷ് വാസുവിനെതിരായ ബിഡിജെഎസ്സിന്റെ നടപടി.
സംസ്ഥാന ജനറല്‍ സെക്രട്ടറിയെന്ന നിലയില്‍ സുഭാഷ് വാസു പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തി. മൈക്രോഫിനാന്‍സ് തട്ടിപ്പിനു പുറമേ വെള്ളാപ്പള്ളി നടേശന്‍ കോളജ് ഓഫ് എന്‍ജിനീയറിങ്ങിന്റെ പേരില്‍ 22 കോടിയുടെ ക്രമക്കേട് നടത്തി. സുഭാഷ് വാസുവിനെതിരേ ശക്തമായ നടപടി വേണമെന്ന വികാരമാണ് ചേര്‍ത്തലയില്‍ ചേര്‍ന്ന ബിഡിജെഎസ് സംസ്ഥാന കൗണ്‍സില്‍ യോഗത്തിലുണ്ടായത്. സ്‌പൈസസ് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്ത് തുടരണമോ എന്ന കാര്യം സുഭാഷ് വാസുവാണ് തീരുമാനിക്കേണ്ടത്. വിദേശത്ത് ചെക്ക് കേസില്‍ താന്‍ ജയിലില്‍ പോയതിനു പിന്നില്‍ സുഭാഷ് വാസു ആണോ എന്ന് അന്വേഷിക്കുമെന്നും തുഷാര്‍ പറഞ്ഞു. സുഭാഷ് വാസുവിന്റെ സംഘടനാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ എന്‍ഡിഎ ദേശീയ നേതൃത്വത്തെ അറിയിക്കാനും സംസ്ഥാന കൗണ്‍സില്‍ തീരുമാനിച്ചു.
അതേസമയം, സ്‌പൈസസ് ബോര്‍ഡില്‍നിന്ന് താന്‍ രാജിവെച്ചെന്ന പ്രചാരണം തെറ്റാണെന്നും വെള്ളാപ്പള്ളിയും കൂട്ടരും നടത്തിയ മുഴുവന്‍ ക്രമക്കേടുകളും ജനുവരി 15ന് ശേഷം വെളിപ്പെടുത്തുമെന്നും സുഭാഷ് വാസു അറിയിച്ചു. ബിഡിജെഎസ്സിലെ ഭിന്നതയെത്തുടര്‍ന്ന് സ്‌പൈസസ് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് സുഭാഷ് വാസു രാജിവച്ചുവെന്ന് വാര്‍ത്തകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് സുഭാഷിനെതിരേ ആരോപണവുമായി തുഷാര്‍ രംഗത്തെത്തിയത്. അതേസമയം, തോമസ് ചാണ്ടിയുടെ നിര്യാണത്തെത്തുടര്‍ന്ന് ഒഴിവുവന്ന കുട്ടനാട് സീറ്റിലേക്ക് ബിഡിജെഎസ് തന്നെ മല്‍സരിക്കുമെന്നും സ്ഥാനാര്‍ഥി ആരാണെന്ന് തീരുമാനമായിട്ടില്ലെന്നും തുഷാര്‍ കൂട്ടിച്ചേര്‍ത്തു.