പാർട്ടിയിൽ നടക്കുന്നത് കാതലായ മാറ്റം; ഉമ്മൻചാണ്ടിയെ തള്ളി ടി സിദ്ദിഖ്

കെപിസിസി പുനസംഘടന സംബന്ധിച്ച് ഉമ്മൻചാണ്ടിയും ചെന്നിത്തലയുമായി വിശദ ചർച്ച നടന്നെന്ന് അദ്ദേഹം പരസ്യമായി വെളിപ്പെടുത്തി.

Update: 2021-09-04 07:13 GMT

വയനാട്: സംസ്ഥാന കോൺഗ്രസിൽ ഗ്രൂപ്പ് സമവാക്യങ്ങളിൽ വൻ മാറ്റങ്ങൾക്ക് ഡിസിസി അധ്യക്ഷ നിയമനവും കെപിസിസി പുനസംഘടനയും കാരണമാവുമെന്ന് സൂചന. ഡിസിസി അധ്യക്ഷ നിയമനങ്ങൾക്കെതിരേ പരസ്യമായി അനിഷ്ടം പ്രകടിപ്പിച്ച ഉമ്മൻ ചാണ്ടിക്കും, രമേശ് ചെന്നിത്തലയ്ക്കും പിന്തുണ നൽകാതെ ഒപ്പമുള്ള കുറച്ച് നേതക്കളുടെ പ്രസ്താവനകൾ ശ്രദ്ധേയമായിരുന്നു. ഇപ്പോഴിതാ ഉമ്മൻചാണ്ടിയുടെ സന്തത സഹചാരിയായിരുന്ന ടി സിദ്ദിഖ് വയനാട്ടിൽ നടത്തിയ പ്രസ്താവനയും ചർച്ചയായിരിക്കുകയാണ്.

കെപിസിസി പുനസംഘടന സംബന്ധിച്ച് ഉമ്മൻചാണ്ടിയും ചെന്നിത്തലയുമായി വിശദ ചർച്ച നടന്നെന്ന് അദ്ദേഹം പരസ്യമായി വെളിപ്പെടുത്തി. എംഎൽഎയായ ടി സിദ്ദിഖ് പാർട്ടിയിൽ കെപിസിസി വർക്കിങ് പ്രസിഡന്റ് സ്ഥാനമാണ് വഹിക്കുന്നത്. ഉത്തരവാദിത്തം ആഭരണമായി കൊണ്ടുനടക്കാൻ അനുവദിക്കില്ലെന്നും, ഇപ്പോൾ നടക്കുന്നത് കാതലായ മാറ്റമാണെന്നും പാർട്ടിയാണ് പ്രധാനമെന്ന് കരുതി മുന്നോട്ടുപോകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം ഇപ്പോഴും പാർട്ടിയിൽ താൻ ഉന്നയിച്ച പ്രശ്നങ്ങൾക്ക് പരിഹാരമായില്ലെന്ന നിലപാടിലാണ് ഉമ്മൻചാണ്ടി എന്നാണ് സൂചന. ആരെങ്കിലും മുൻകൈ എടുത്താൽ മാത്രമേ ചർച്ചയ്ക്കുള്ളു എന്ന നിലപാടിലാണ് അദ്ദേഹമെന്നാണ് അടുത്ത വൃത്തങ്ങളിൽ നിന്നും അറിയുന്നത്.

Similar News