എയ്ഡഡ് മേഖലയിലെ അധ്യാപക നിയമനം: കെസിബിസി ഉപവാസത്തിന് എസ് ഡിപിഐ ഐക്യദാര്‍ഢ്യം

പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി, സംസ്ഥാന ജനറല്‍ സെക്രട്ടറി റോയി അറയ്ക്കല്‍, സംസ്ഥാന സെക്രട്ടറി കെ എസ് ഷാന്‍ എന്നിവര്‍ സമരപ്പന്തലിലെത്തിയാണ് ഐക്യദാര്‍ഢ്യം അറിയിച്ചത്.

Update: 2020-10-22 12:38 GMT

തിരുവനന്തപുരം: എയ്ഡഡ് മേഖലയിലെ അധ്യാപക നിയമനങ്ങള്‍ അംഗീകരിക്കണമെന്നാവശ്യപ്പെട്ട് കെസിബിസി വിദ്യാഭ്യാസ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് ജോഷ്വാ മാര്‍ ഇഗ്‌നാത്തിയോസിന്റെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റിനു മുമ്പില്‍ നടക്കുന്ന ഉപവാസ സമരത്തിന് എസ് ഡിപിഐ ഐക്യദാര്‍ഢ്യം അറിയിച്ചു. പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി, സംസ്ഥാന ജനറല്‍ സെക്രട്ടറി റോയി അറയ്ക്കല്‍, സംസ്ഥാന സെക്രട്ടറി കെ എസ് ഷാന്‍ എന്നിവര്‍ സമരപ്പന്തലിലെത്തിയാണ് ഐക്യദാര്‍ഢ്യം അറിയിച്ചത്.

രാജ്യത്തിന്റെ ഭാവി ക്ലാസ് മുറികളിലാണെന്നും അവരെ വാര്‍ത്തെടുക്കുന്ന അധ്യാപകര്‍ക്ക് വേതനം പോലും നല്‍കാതെ ബുദ്ധിമുട്ടിക്കുന്നത് അനീതിയാണെന്നും റോയി അറയ്ക്കല്‍ പറഞ്ഞു. നീതിക്കും അതിജീവനത്തിനും വേണ്ടിയുള്ള പോരാട്ടത്തില്‍ എല്ലാവിധ പിന്തുണയും എസ് ഡിപിഐ ഉറപ്പുനല്‍കി. 2016 മുതല്‍ നിയമനം നേടിയ സംസ്ഥാനത്തെ മൂവായിരത്തോളം അധ്യാപകരാണ് നിയമനാംഗീകാരം ലഭിക്കാതെ ബുദ്ധിമുട്ടുന്നത്.

പ്രൊട്ടക്ടഡ് അധ്യാപകരും മാനേജ്മെന്റ് നിയമിക്കുന്ന അധ്യാപകരും 1:1 അനുപാതത്തിലായിരിക്കണമെന്ന 2006 ലെ കെഇആര്‍ ഭേദഗതിയാണ് പ്രതിസന്ധിക്കു കാരണമായത്. പല ജില്ലകളിലും അധ്യാപക ബാങ്ക് ഒഴിഞ്ഞുകിടക്കുകയാണെന്നും അതുമൂലം സര്‍ക്കാര്‍ പറയുന്ന അനുപാതത്തില്‍ നിയമനം നടത്താനാവില്ലെന്നുമാണ് അധ്യാപക പ്രതിനിധികള്‍ പറയുന്നത്. എയ്ഡഡ് വിദ്യാഭ്യാസ മേഖലയെ നിയന്ത്രണത്തില്‍ കൊണ്ടുവന്ന് അധികാരകേന്ദ്രീകരണത്തിനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് കെസിബിസി വിദ്യാഭ്യാസ കമ്മീഷന്‍ ഭാരവാഹികള്‍ പറയുന്നു.

Tags:    

Similar News