അമ്പലപ്പുഴയിൽ ക്ഷേത്രത്തിന്റെ ശ്രീകോവിൽ കുത്തിത്തുറന്ന് കാണിക്കവഞ്ചിയിലെ പണം കവർന്നു

രണ്ടാഴ്ച മുമ്പും ഇതേ ക്ഷേത്രത്തിൽ മോഷണം നടന്നിരുന്നു. ക്ഷേത്രത്തിന് പുറത്തു വെച്ചിരുന്ന കാണിക്കവഞ്ചിയാണ് അന്നു കവർന്നത്.

Update: 2021-11-05 15:12 GMT

അമ്പലപ്പുഴ: ക്ഷേത്രത്തിന്റെ ശ്രീകോവിൽ കുത്തിത്തുറന്ന് കാണിക്കവഞ്ചിയിലെ പണം കവർന്നു. തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ ഉടമസ്ഥതയിലുള്ള കാക്കാഴം പുതുക്കുളങ്ങര ക്ഷേത്രത്തിലാണ് കഴിഞ്ഞ രാത്രിയിൽ മോഷണം നടന്നത്. വ്യാഴാഴ്ച പുലർച്ചെ ജീവനക്കാരെത്തിയപ്പോഴാണ് ശ്രീകോവിൽ തകർന്നു കിടക്കുന്നത് കണ്ടത്. ഉടൻ തന്നെ പോലിസിലും ദേവസ്വം ബോർഡിലും അറിയിച്ചു.

പിന്നീട് പോലിസെത്തിയ ശേഷം മേൽശാന്തി ശ്രീകോവിലിൽ പ്രവേശിച്ചപ്പോഴാണ് കാണിക്കവഞ്ചി തകർത്തത് ശ്രദ്ധയിൽപ്പെട്ടത്. രണ്ടാഴ്ച മുമ്പും ഇതേ ക്ഷേത്രത്തിൽ മോഷണം നടന്നിരുന്നു. ക്ഷേത്രത്തിന് പുറത്തു വെച്ചിരുന്ന കാണിക്കവഞ്ചിയാണ് അന്നു കവർന്നത്. ഈ സംഭവത്തിൽ പോലിസ് അന്വേഷണം നടക്കുന്നതിനിടയിലാണ് ക്ഷേത്രത്തിൽ വീണ്ടും മോഷണം നടന്നത്.

രണ്ട് ദിവസമായി ചില നാടോടികൾ ക്ഷേത്ര പരിസരത്ത് കറങ്ങി നടന്നുവെന്ന് ക്ഷേത്ര ഭാരവാഹികൾ പറയുന്നു. ബുധനാഴ്ച അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് രണ്ടാം വാർഡ് കാക്കാഴം വടക്കേത്തയ്യിൽ മുജീബ് വാടക നൽകിയിരിക്കുന്ന വീട്ടിൽ പകൽ സമയത്ത് മോഷണ ശ്രമവും നടന്നിരുന്നു. വീട്ടുകാരില്ലാത്ത സമയത്ത് പാത്രങ്ങളും മോട്ടോറും മോഷ്ടിക്കാൻ ശ്രമം നടന്നു. സമീപ വാസികൾ എത്തിയപ്പോൾ മോഷ്ടാക്കൾ ഓടി രക്ഷപെട്ടു.


Similar News