കാക്കയുടെ നിറം; ഡോ ആര്‍എല്‍വി രാമകൃഷ്ണനെതിരെ കലാമണ്ഡലം സത്യഭാമയുടെ ജാതി അധിക്ഷേപം
ഈ ജാതി അധിക്ഷേപത്തിനെതിരെ ആര്‍എല്‍വി രാമകൃഷ്ണന്‍ രംഗത്തെത്തിയിട്ടുണ്ട്. കലാമണ്ഡലം എന്ന അതുല്യനാമം പേരോടു ചേര്‍ത്ത ഒരു കലാകാരി വീണ്ടും വീണ്ടും ആക്ഷേപിച്ചു കൊണ്ടിരിക്കുകയാണ്. തനിക്ക് കാക്കയുടെ നിറമാണ് എന്നും തന്നെ കണ്ടാല്‍ പെറ്റ തള്ള പോലും സഹിക്കില്ല എന്നും ഇവര്‍ പറഞ്ഞു. ഇതാദ്യമായല്ല കലാമണ്ഡലം സത്യഭാമ തന്നെ അധിക്ഷേപിക്കുന്നത്. താന്‍ മോഹിനിയാട്ട രംഗത്ത് നിലകൊള്ളുന്നതും മോഹിനിയാട്ടത്തില്‍ പിഎച്ച്ഡി എടുക്കുന്നതിലും ഇവര്‍ക്ക് താല്പര്യമില്ലായിരുന്നു. ഇങ്ങനെയുള്ള വ്യക്തികള്‍ കാരണം ഒരു പട്ടികജാതി കലാകാരന് നൃത്തരംഗത്ത് പിടിച്ചു നില്‍ക്കാന്‍ പറ്റാത്ത സാഹചര്യമാണ് ഇന്നുള്ളത് എന്ന് അദ്ദേഹം പ്രതികരിച്ചു. ഈ സംഭവത്തില്‍ നിയമനടപടിക്ക് ഒരുങ്ങുന്നതായും ആര്‍എല്‍വി രാമകൃഷ്ണന്‍ പ്രതികരിച്ചു.
സംഭവത്തില്‍ കല-സാംസ്‌കാരിക-രാഷ്ട്രീയ മേഖലകളില്‍ നിന്ന് നിരവധിപ്പേര്‍ ആര്‍എല്‍വി രാമകൃഷ്ണന് പിന്തുണ അറിയിച്ചിട്ടുണ്ട്. 'പ്രിയപ്പെട്ട അനിയാ, പുഴുക്കുത്ത് പിടിച്ച മനസ്സുകളുള്ളവര്‍ എന്തും പറയട്ടെ, നിങ്ങള്‍ മോഹിനിയാട്ടത്തിന്റെ ചരിത്രം തിരുത്തിയെഴുതിയ പ്രതിഭാധനന്‍ ആയ കലാകാരനാണ്,' എന്ന് മന്ത്രി ആര്‍ ബിന്ദു പ്രതികരിച്ചു.
'എന്താണ് ഇവര് പറയുന്നത്? കാക്കയുടെ നിറം എന്നൊക്കെ. നിങ്ങളുടെ സൗന്ദര്യ സങ്കല്‍പ്പം അല്ല സ്ത്രീയെ ഇവിടെ എല്ലാര്‍ക്കും. ഒരാളെ നിറവും സൗന്ദര്യവും പറഞ്ഞു തകര്‍ക്കാന്‍ ഇരിക്കുന്നു, വിവരമില്ലാത്ത സ്ത്രീ. നിങ്ങള്‍ വെല്ലുവിളിക്കണ്ടത് കഴിവുകൊണ്ടും അറിവുകൊണ്ടും ആണ്, അല്ലാതെ ഇമ്മാതിരി തോന്ന്യവാസം പറഞ്ഞു കൊണ്ടല്ല. നിങ്ങള്‍ ഈ പറഞ്ഞ കലാകാരന് വേണ്ടി ഞാന്‍ നിങ്ങളെ വെല്ലുവിളിക്കുന്നു അദ്ദേഹത്തിന്റെ കൂടെ ഒരു വേദിയില്‍ കട്ടക്ക് നിന്ന് നൃത്തം ചെയ്തു ജയിക്കാന്‍ പറ്റുമെങ്കില്‍ ചെയ്തു കാണിക്കു. ഈ പോസ്റ്റ് ആരെങ്കിലും ഇവരെ ഒന്ന് കാണിക്കണേ, ഒന്ന് വായിച്ചും കൊടുക്കണം,' എന്ന് നടിയും നര്‍ത്തകിയുമായ സ്‌നേഹ ശ്രീകുമാര്‍ പ്രതികരിച്ചു.