ഓര്‍ത്തഡോക്‌സ് വൈദികന് പോലിസ് സംരക്ഷണം നല്‍കിയതിനെതിരായ ഹരജി തള്ളി
നേരത്തെ കോടതി പുറപ്പെടുവിച്ച ഉത്തരവിനെതിരേ പുനപ്പരിശോധനാ ഹരജി നല്‍കിയ ബേസില്‍ എന്ന വ്യക്തിക്ക് 50,000 രൂപ പിഴയും കോടതി ചുമത്തി. ഈ തുക കേരള ലീഗല്‍ സര്‍വീസ് അതോറിറ്റിക്ക് നല്‍കണമെന്നും കോടതി ഉത്തരവിട്ടു. കോടതിയുടെ സമയം വെറുതെ പാഴാക്കരുതെന്നും കോടതി പറഞ്ഞു.
കൊച്ചി: യാക്കോബായ- ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്ന കോതമംഗലം പള്ളിയില്‍ പ്രവേശിക്കാന്‍ ഓര്‍ത്തഡോക്‌സ് വിഭാഗം വൈദികന്് പോലിസ് സംരക്ഷണം നല്‍കിയതിനെതിരേ സമര്‍പ്പിച്ച ഹരജി ഹൈക്കോടതി തള്ളി. നേരത്തെ കോടതി പുറപ്പെടുവിച്ച ഉത്തരവിനെതിരേ പുനപ്പരിശോധനാ ഹരജി നല്‍കിയ ബേസില്‍ എന്ന വ്യക്തിക്ക് 50,000 രൂപ പിഴയും കോടതി ചുമത്തി. ഈ തുക കേരള ലീഗല്‍ സര്‍വീസ് അതോറിറ്റിക്ക് നല്‍കണമെന്നും കോടതി ഉത്തരവിട്ടു. കോടതിയുടെ സമയം വെറുതെ പാഴാക്കരുതെന്നും കോടതി പറഞ്ഞു.
യാക്കോബായ സഭയുടെ കൈവശമിരിക്കുന്ന പള്ളിയില്‍ ഓര്‍ത്തഡോക്‌സ് വിഭാഗം വൈദികനായ തോമസ് പോള്‍ റമ്പാന് ശുശ്രൂഷ നടത്താന്‍ അനുവദിക്കരുതെന്നാവശ്യപ്പെട്ടാണ് ഇവര്‍ കോടതിയെ സമീപിച്ചത്. തോമസ് പോള്‍ റമ്പാന് കോതമംഗലം പള്ളിയില്‍ പ്രവേശിച്ച് ശുശ്രൂഷ നടത്താന്‍ പോലിസ് സംരക്ഷണം നല്‍കണമെന്ന് വ്യക്തമാക്കി കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഇത് റദ്ദാക്കണമെന്നാണ് ഹരജിക്കാരന്റെ ഒരാവശ്യം. എന്നാല്‍, കോടതി ഇത് തള്ളി. കോടതി ഉത്തരവ് പ്രകാരം നേരത്തെ തോമസ് പോള്‍ റമ്പാന്‍ പള്ളിയില്‍ പ്രവേശിക്കാനെത്തിയെങ്കിലും യാക്കോബായ വിശ്വാസികള്‍ സംഘടിച്ചെത്തി പ്രതിരോധിച്ചതിനെ തുടര്‍ന്ന് സാധിച്ചില്ല.
തുടര്‍ന്ന് ഏതുവിധേനയും പള്ളിയില്‍ പ്രവേശിക്കുമെന്ന് പറഞ്ഞ് പള്ളിക്കുപുറത്ത് ഒരു രാത്രി മുഴുവന്‍ തോമസ് പോള്‍ റമ്പാന്‍ നിലയുറപ്പിച്ചെങ്കിലും അടുത്ത ദിവസം രാവിലെ പോലിസ് എത്തി ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇതോടെയാണ് അന്നുണ്ടായ സംഘര്‍ഷാവസ്ഥയ്ക്ക് പരിഹാരമായത്.