അര്‍ജുനായുള്ള തിരച്ചില്‍ നിലച്ചു; യന്ത്രം ഉപയോഗിക്കാമെന്ന് അറിയിച്ച് കേരള കാര്‍ഷിക സര്‍വകലാശാല

Update: 2024-08-01 08:43 GMT

ഷിരൂര്‍: ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനു വേണ്ടിയുള്ള ഗംഗാവലി പുഴയിലെ തിരച്ചില്‍ ഇന്നലെയും നടന്നില്ല. സംസ്ഥാന, ദേശീയ ദുരന്ത നിവാരണ സേനയുടെ പ്രതിനിധികള്‍ ബോട്ടില്‍ പുഴയില്‍ സാധാരണ പരിശോധന നടത്തി. ജലയാനവുമായി ബന്ധിപ്പിക്കുന്ന മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചു തിരച്ചിലിനു സന്നദ്ധമാണെന്നു തൃശൂരിലെ കേരള കാര്‍ഷിക സര്‍വകലാശാലാ പ്രതിനിധികള്‍ ഉത്തര കന്നഡ ജില്ലാ ഭരണകൂടത്തെ അറിയിച്ചു. കര്‍ണാടക, കേരള സര്‍ക്കാരുകള്‍ പരസ്പരം ചര്‍ച്ച ചെയ്ത ശേഷമാവും ഇതില്‍ അന്തിമ തീരുമാനമുണ്ടാവുക.

തിരച്ചിലിന് ഗംഗാവലി പുഴയിലെ മണ്ണ് നീക്കുന്നതുമായി ബന്ധപ്പെട്ടാണ് തൃശൂര്‍ കാര്‍ഷിക സര്‍വകലാശാലയില്‍നിന്നുള്ള പ്രതിനിധികള്‍ സ്ഥലം സന്ദര്‍ശിച്ചു പരിശോധന നടത്തിയത്. ജലയാനവുമായി ബന്ധിപ്പിക്കുന്ന മണ്ണുമാന്തി യന്ത്രമാണ് തൃശൂരില്‍നിന്ന് എത്തിക്കുക. ഇക്കാര്യം ഉത്തര കന്നഡ ജില്ലാ ഭരണകൂടം തൃശൂര്‍ ജില്ലാ ഭരണകൂടത്തോട് ആവശ്യപ്പെട്ടിരുന്നു.

കഴിഞ്ഞദിവസം ഗംഗാവലി പുഴയില്‍ പരിശോധന നടത്തിയ സംഘത്തില്‍ സര്‍വകലാശാലയുടെയും കേരള സര്‍ക്കാരിന്റെയും പ്രതിനിധികള്‍ ഉണ്ടായിരുന്നു. കാര്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ സെയിലുമായി ഇവര്‍ ചര്‍ച്ച നടത്തി.


Tags:    

Similar News