മൂന്നാം തരംഗം മുന്നൊരുക്കം: 316 കനിവ് 108 ആംബുലന്‍സുകളെയും സജ്ജമാക്കി ആരോഗ്യവകുപ്പ്
തിരുവനന്തപുരം: കൊവിഡ് മൂന്നാം തരംഗം മുന്നില്‍കണ്ട് ചികില്‍സാ സംവിധാനങ്ങള്‍ക്ക് പുറമേ കനിവ് 108 ആംബുലന്‍സുകള്‍ കൂടി സജ്ജമാക്കിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. നിലവില്‍ 290 ആംബുലന്‍സുകളാണ് കൊവിഡ് അനുബന്ധ സേവനങ്ങള്‍ നല്‍കുന്നത്. എന്നാല്‍, മൂന്നാം തരംഗം മുന്നില്‍കണ്ട് നിരത്തിലോടുന്ന 316 കനിവ് 108 ആംബുലന്‍സുകളെയും 1500 ജീവനക്കാരേയും സജ്ജമാക്കി. ഏതെങ്കിലുമൊരു സാഹചര്യമുണ്ടായാല്‍ മുഴുവന്‍ 108 ആംബുലന്‍സുകളും കൊവിഡ് അനുബന്ധ സേവനങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന സംവിധാനവുമൊരുക്കിയിട്ടുണ്ട്. അതേസമയം, കൊവിഡിതര സേവനങ്ങള്‍ക്കും പ്രാധാന്യം നല്‍കും. കേസുകളുടെ ആവശ്യകതയനുസരിച്ച് 108 ആംബുലന്‍സിന്റെ കണ്‍ട്രോള്‍ റൂം ഇതനുസരിച്ച് ക്രമീകരണം നടത്തുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത് ഇതുവരെ 4,29,273 പേര്‍ക്കാണ് കനിവ് 108 ആംബുലന്‍സുകള്‍ കൊവിഡ് അനുബന്ധ സേവനങ്ങള്‍ നല്‍കിയത്. 2020 ജനുവരി 29 മുതലാണ് കൊവിഡ് അനുബന്ധപ്രവര്‍ത്തനങ്ങള്‍ക്ക് കനിവ് 108 ആംബുലന്‍സുകളുടെ സേവനം ലഭ്യമാക്കി തുടങ്ങിയത്. 19 മാസം പിന്നിടുമ്പോള്‍ 3,11,810 കൊവിഡ് അനുബന്ധ ട്രിപ്പുകളാണ് ഓടിയത്. കണ്‍ട്രോള്‍ റൂം ജീവനക്കാരായ എമര്‍ജന്‍സി റെസ്‌പോണ്‍സ് ഓഫിസര്‍മാര്‍, ആംബുലന്‍സ് ജീവനക്കാരായ എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യന്‍മാര്‍, പൈലറ്റുമാര്‍ എന്നിവരുടെ കൂട്ടായ പ്രയത്‌നമാണ് ഇതിന് പിന്നില്‍. പാലക്കാട് ജില്ലയിലാണ് ഏറ്റവുമധികം ആളുകള്‍ക്ക് സേവനം നല്‍കിയത്. ഇവിടെ 81427 ആളുകള്‍ക്ക് കൊവിഡ് അനുബന്ധ സേവനങ്ങളെത്തിക്കാന്‍ കനിവ് 108 ആംബുലന്‍സുകള്‍ക്ക് കഴിഞ്ഞു. തിരുവനന്തപുരം 39615, കൊല്ലം 29914, പത്തനംതിട്ട 14169, ആലപ്പുഴ 11534, കോട്ടയം 24718, ഇടുക്കി 12477, എറണാകുളം 23465, തൃശൂര്‍ 35488, മലപ്പുറം 46906, കോഴിക്കോട് 33876, വയനാട് 19646, കണ്ണൂര്‍ 29658, കാസര്‍കോട് 26380 എന്നിങ്ങനെയാണ് മറ്റ് ജില്ലകളില്‍ കോവിഡ് അനുബന്ധ സേവനം ലഭ്യമാക്കിയവരുടെ കണക്കുകള്‍. ഈ കാലയളവില്‍ കൊവിഡ് ബാധിതരായ മൂന്ന് യുവതികളുടെ പ്രസവം കനിവ് 108 ആംബുലന്‍സ് ജീവനക്കാരുടെ പരിചരണത്തില്‍ ആംബുലന്‍സിനകത്ത് നടന്നിരുന്നു. കൂടാതെ നിലവില്‍ കോഴിക്കോട് നിപ പ്രതിരോധപ്രവര്‍ത്തനങ്ങളിലും കനിവ് 108 ആംബുലന്‍സുകളുടെ സേവനം ലഭ്യമാക്കിവരികയാണ്. ഇതിനായി നാല് കനിവ് 108 ആംബുലന്‍സുകള്‍ കോഴിക്കോട് വിന്യസിച്ചിട്ടുണ്ട്. 30 ട്രിപ്പുകളില്‍നിന്നായി 38 ആളുകള്‍ക്ക് നിപ അനുബന്ധ സേവനം ഒരുക്കാന്‍ കനിവ് 108 ആംബുലന്‍സുകള്‍ക്ക് സാധിച്ചു.