ഭീഷണി, സൈബര്‍ ആക്രമണം; ഡിവൈഎഫ്‌ഐ നേതാക്കള്‍ക്കെതിരേ പരാതിയുമായി അഭിഭാഷക
നേതാക്കളില്‍ നിന്ന് ഇപ്പോഴും ഭീഷണി നിലനില്‍ക്കുന്നതായി അഡ്വ. ബബില ഉമര്‍ഖാന്‍ കോടതിയില്‍ ആവര്‍ത്തിച്ചു.
കോഴിക്കോട്: മെഡിക്കല്‍ കോളജിലെ സുരക്ഷാ ജീവനക്കാരെ ആക്രമിച്ച സംഭവത്തിലെ പ്രതികള്‍ക്കൊപ്പമുള്ള നേതാക്കള്‍ ഭീഷണിപ്പെടുത്തുന്നവെന്ന സുരക്ഷാ ജീവനക്കാരുടെ അഭിഭാഷകയുടെ പരാതിയില്‍ കോഴിക്കോട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് അഭിഭാഷകയുടെ മൊഴി രേഖപ്പെടുത്തി. നേതാക്കളില്‍ നിന്ന് ഇപ്പോഴും ഭീഷണി നിലനില്‍ക്കുന്നതായി അഡ്വ. ബബില ഉമര്‍ഖാന്‍ കോടതിയില്‍ ആവര്‍ത്തിച്ചു.
രണ്ടുതവണ തനിക്ക് കോടതി വരാന്തയില്‍ നിന്ന് ഭീഷണിയുണ്ടായെന്നാണ് അഭിഭാഷക മൊഴി നല്‍കിയത്. തനിക്കെതിരെ സൈബര്‍ ആക്രമണവും നടക്കുന്നുണ്ടെന്നും അഭിഭാഷക മൊഴി നല്‍കിയിട്ടുണ്ട്. ഇതിന്റെ തെളിവുകള്‍ ഉടന്‍തന്നെ കോടതിയില്‍ ഹാജാക്കുമെന്ന് അഡ്വ. ബബില ഉമര്‍ഖാന്‍ അറിയിച്ചു.
അതിനിടെ, കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സുരക്ഷാ ജീവനക്കാരെ ആക്രമിച്ച കേസില്‍ പ്രതികളായ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കി. കേസിലെ മുഖ്യപ്രതി അരുണ്‍ അടക്കം അഞ്ചു പേരാണ് ജാമ്യഹര്‍ജി നല്‍കിയത്. കഴിഞ്ഞ 16 ആം തീയ്യതി മുതല്‍ റിമാന്‍ഡില്‍ ആണെന്നും അന്വേഷണം പൂര്‍ത്തിയായ സാഹചര്യത്തില്‍ ഇനി കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ട സാഹചര്യമില്ലെന്നും ജാമ്യം അനുവദിക്കണമെന്നുമാണ് ആവശ്യം. തന്റെ ഭാര്യയെ ആദ്യം സെക്യൂരിറ്റി ജീവനക്കാരനാണ് ആക്രമിച്ചതെന്നും അതില്‍ പരാതി നല്‍കിയതിലുള്ള വിരോധമായിരുന്നു സെക്യൂരിറ്റി ജീവനക്കാരനെന്നും അരുണ്‍ ജാമ്യാപേക്ഷയില്‍ വ്യക്തമാക്കുന്നു. പോലിസിന് കേസില്‍ ഗൂഢോദ്ദേശ്യമുണ്ടെന്നും ഹര്‍ജിയില്‍ പറയുന്നുണ്ട്. നേരത്തെ കോഴിക്കോട് സെഷന്‍സ് കോടതി പ്രതികളുടെ ഹര്‍ജി തള്ളിയിരുന്നു.