എം കെ വര്‍ഗീസ് തൃശൂര്‍ കോര്‍പറേഷന്‍ മേയര്‍

48 കൗണ്‍സിലര്‍മാര്‍ രണ്ടാംഘട്ടത്തില്‍ വോട്ടു രേഖപ്പെടുത്തി. എം കെ വര്‍ഗീസിന് 25 വോട്ടും എതിര്‍ സ്ഥാനാര്‍ത്ഥി എന്‍ എ ഗോപകുമാറിന് 23 വോട്ടുകളും ലഭിച്ചു.

Update: 2020-12-28 10:31 GMT

തൃശൂര്‍: കോര്‍പറേഷന്‍ പതിനാറാം ഡിവിഷന്‍ നെട്ടിശ്ശേരിയില്‍ നിന്നും സ്വതന്ത്രനായി വിജയിച്ച എം കെ വര്‍ഗീസ് തൃശൂര്‍ കോര്‍പ്പറേഷന്‍ മേയറായി സത്യപ്രതിജ്ഞ ചെയ്തു. എതിര്‍ സ്ഥാനാര്‍ത്ഥി യുഡിഎഫിലെ എന്‍ എ ഗോപകുമാറിനെക്കാളും രണ്ട് വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എം കെ വര്‍ഗീസ് മേയര്‍ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.

കോര്‍പ്പറേഷന്‍ കൗണ്‍സില്‍ ഹാളില്‍ രാവിലെ പതിനൊന്നരയോടെയാണ് മേയര്‍ തിരഞ്ഞെടുപ്പ് നടപടികളാരംഭിച്ചത്. വരണാധികാരി കൂടിയായ ജില്ലാ കലക്ടര്‍ എസ് ഷാനവാസ് തിരഞ്ഞെടുപ്പ് നടപടികള്‍ക്ക് നേതൃത്വം നല്‍കി. തിരഞ്ഞെടുപ്പ് മാനദണ്ഡങ്ങള്‍ ജില്ലാ കലക്ടര്‍ വിശദീകരിച്ചു. കോര്‍പ്പറേഷന്‍ സെക്രട്ടറി വിനു സി കുഞ്ഞപ്പന്‍ 54 കൗണ്‍സിലര്‍മാരുടെ പേരും ഡിവിഷനുകളും വായിച്ച് ഉറപ്പ് വരുത്തി.

തുടര്‍ന്ന് രഹസ്യ ബാലറ്റ് പേപ്പറില്‍ വോട്ട് രേഖപ്പെടുത്താന്‍ അനുമതിയായി. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി എം കെ വര്‍ഗീസ്, യു ഡിഎഫ് സ്ഥാനാര്‍ത്ഥിയായി എന്‍ എ ഗോപകുമാര്‍, ബിജെപി സ്ഥാനാര്‍ത്ഥിയായി വിനോദ് പൊള്ളഞ്ചേരി എന്നിവര്‍ ആദ്യഘട്ട വോട്ടെടുപ്പില്‍ മത്സരിച്ചു. ഒന്നാം ഡിവിഷന്‍ കൗണ്‍സിലര്‍ ഡോ വി ആതിര ആദ്യത്തെ വോട്ട് രേഖപ്പെടുത്തി. തുടര്‍ന്ന് 53 കൗണ്‍സിലര്‍മാരും വോട്ട് രേഖപ്പെടുത്തി.

യുഡിഎഫ് പ്രതിനിധി ജോണ്‍ ഡാനിയേല്‍, എല്‍ഡിഎഫ് പ്രതിനിധി ഷാജന്‍ പി കെ, ബി ജെ പി പ്രതിനിധി എന്‍ പ്രസാദ് എന്നിവര്‍ നോമിനികളായി. ആദ്യഘട്ട വോട്ടെണ്ണിയപ്പോള്‍ എം കെ വര്‍ഗീസിന് 24 വോട്ടും എന്‍ എ ഗോപകുമാറിന് 23 വോട്ടും വിനോദ് പൊള്ളഞ്ചേരിക്ക് 6 വോട്ടും ലഭിച്ചു. ഒരു വോട്ട് അസാധുവായി. തുടര്‍ന്ന് തിരഞ്ഞെടുപ്പ് മാനദണ്ഡം അനുസരിച്ച് ഏറ്റവും കുറഞ്ഞ വോട്ട് ലഭിക്കുന്ന സ്ഥാനാര്‍ത്ഥിയെ ഒഴിവാക്കി രണ്ടാംഘട്ട വോട്ടെടുപ്പ് തുടര്‍ന്നു.

തിരഞ്ഞെടുപ്പ് ചട്ടം അനുസരിച്ച് ബാലറ്റ് പേപ്പറിന്റെ നിറം മാറ്റിയാണ് വോട്ടെടുപ്പ് നടത്തിയത്.

എല്‍ഡിഎഫ് പ്രതിനിധി എം കെ വര്‍ഗീസ്, യുഡിഎഫ് പ്രതിനിധി എന്‍ എ ഗോപകുമാര്‍ എന്നിവര്‍ സ്ഥാനാര്‍ത്ഥികളായി രണ്ടാം ഘട്ട തിരഞ്ഞെടുപ്പ് നടന്നു. 48 കൗണ്‍സിലര്‍മാര്‍ രണ്ടാംഘട്ടത്തില്‍ വോട്ടു രേഖപ്പെടുത്തി. എല്‍ഡിഎഫ് പ്രതിനിധി ഷാജന്‍ പി കെ, യുഡിഎഫ് പ്രതിനിധി ജോണ്‍ ഡാനിയേല്‍ എന്നിവര്‍ നോമിനികളായി രണ്ടാംഘട്ട വോട്ടുകള്‍ എണ്ണിയപ്പോള്‍ എം കെ വര്‍ഗീസിന് 25 വോട്ടും എതിര്‍ സ്ഥാനാര്‍ത്ഥി എന്‍ എ ഗോപകുമാറിന് 23 വോട്ടുകളും ലഭിച്ചു. ജില്ലാ കലക്ടര്‍ എം കെ വര്‍ഗീസിനെ മേയറായി പ്രഖ്യാപിച്ച് പൂച്ചെണ്ട് നല്‍കി അനുമോദിച്ചു.

തുടര്‍ന്ന് മേയര്‍ ഗൗണ്‍ അണിഞ്ഞതിനുശേഷം പുതിയ മേയര്‍ക്ക് ജില്ലാ കലക്ടര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. കോര്‍പ്പറേഷന്‍ രജിസ്റ്ററിലും മറ്റു പ്രധാന രേഖകളിലും മേയര്‍ ഒപ്പ് രേഖപ്പെടുത്തി. കൃഷി വകുപ്പ് മന്ത്രി അഡ്വ. വി എസ് സുനില്‍കുമാര്‍, സിപിഐഎം ജില്ലാ സെക്രട്ടറി എം എം വര്‍ഗീസ്, മുന്‍ മേയര്‍ അജിത ജയരാജന്‍ വിവിധ പാര്‍ട്ടി പ്രതിനിധികള്‍, കൗണ്‍സിലര്‍മാര്‍ തുടങ്ങിയവര്‍ മേയറെ പൊന്നാടയണിയിച്ചു.

Tags:    

Similar News