കൊവിഡ് കേസുകള്‍ കൂടി: തൃശൂരില്‍ കര്‍ശന ജാഗ്രത; കലക്ടറേറ്റിലേക്കുള്ള പ്രവേശനത്തിന് നിയന്ത്രണം
അത്യാവശ്യകാര്യങ്ങള്‍ക്ക് മാത്രം കലക്ടറേറ്റിലെത്തിയാല്‍ മതി എന്നാണ് നിദേശം. വരുന്നവരെ തെര്‍മല്‍ സ്‌കാനര്‍ വഴി പരിശോധിക്കും. ജീവനക്കാര്‍ക്ക് ഐഡന്റിറ്റി കാര്‍ഡ് കണിച്ച ശേഷം ഓഫിസില്‍ പ്രവേശിക്കാം.
തൃശൂര്‍: കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായ പശ്ചാത്തലത്തില്‍ തൃശൂരില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി ജില്ലാ ഭരണകൂടം. ജില്ലയില്‍ ശനിയാഴ്ച നാലുപേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ആകെ ചികില്‍സയിലുള്ള വൈറസ് ബാധിതരുടെ എണ്ണം 151 ആയിരിക്കുകയാണ്. ഇതില്‍ രണ്ടുപേര്‍ പാലക്കാട് ജില്ലയില്‍നിന്നും ഒരാള്‍ കൊല്ലത്തുനിന്നും ഒരാള്‍ മലപ്പുറത്തുനിന്നുള്ളവരുമാണ്. അതേസമയം ഇന്നലെ രോഗം സ്ഥിരീകരിച്ച നാലുപേര്‍ക്കും സമ്പര്‍ക്കത്തിലൂടെയല്ല രോഗപ്പകര്‍ച്ചയുണ്ടായത് എന്നത് ആശ്വാസമായിട്ടുണ്ട്.
രോഗികളുടെ എണ്ണത്തിലുണ്ടായ വര്‍ധന കണക്കിലെടുത്താണ് നിയന്ത്രണങ്ങള്‍ കര്‍ക്കശമാക്കാനുള്ള തീരുമാനം. അത്യാവശ്യകാര്യങ്ങള്‍ക്ക് മാത്രം കലക്ടറേറ്റിലെത്തിയാല്‍ മതി എന്നാണ് നിദേശം. വരുന്നവരെ തെര്‍മല്‍ സ്‌കാനര്‍ വഴി പരിശോധിക്കും. ജീവനക്കാര്‍ക്ക് ഐഡന്റിറ്റി കാര്‍ഡ് കണിച്ച ശേഷം ഓഫിസില്‍ പ്രവേശിക്കാം. ഓഫിസുകളില്‍ പകുതി ജീവനക്കാര്‍ മതിയെന്നാണ് നിര്‍ദേശം. മറ്റുള്ളവര്‍ സമ്പര്‍ക്കമില്ലാതെ കഴിയണം. ഒരാഴ്ച ഇടവിട്ട് ജീവനക്കാര്‍ മാറണം. ആരോഗ്യകേന്ദ്രങ്ങളിലും ജീവനക്കാരെ നിയന്ത്രിച്ച് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഉത്തരവിറക്കി. ജില്ലയില്‍ തൃശൂര്‍ നഗരസഭയുള്‍പ്പെടെ 10 പ്രദേശങ്ങളില്‍ നിയന്ത്രണമുണ്ട്.
നിയന്ത്രണമേഖലകളില്‍ ആളുകള്‍ പുറത്തിറങ്ങുന്നത് പോലിസിന് തലവേദന സൃഷ്ടിച്ചിരിക്കുകയാണ്. വിദേശത്തുനിന്നെത്തിയ മൂന്നുപേരുള്‍പ്പെടെ നാല് പേര്‍ക്കാണ് കഴിഞ്ഞദിവസം രോഗം പിടിപെട്ടത്. തൃശൂരില്‍ ആകെ 22,497 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതില്‍ 22,302 പേരും വീടുകളിലാണ് ക്വാറന്റൈനിലുള്ളത്. 195 പേരാണ് ആശുപത്രികളില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 14 പേരെ ശനിയാഴ്ചയാണ് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തത്. രോഗികളുടെ എണ്ണം കൂടുന്ന പശ്ചാത്തലത്തില്‍ ജില്ലയില്‍ കൊവിഡ് ടെസ്റ്റുകള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്.