തൃശൂര്‍ പൂരത്തിന് ഇന്ന് കൊടിയേറും; പ്രവേശനം കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്ക് മാത്രം

Update: 2021-04-17 04:31 GMT

തൃശൂര്‍: കൊവിഡ് ആശങ്കകള്‍ക്കിടയില്‍ തൃശൂര്‍ പൂരത്തിന് ഇന്ന് കൊടിയേറും. തിരുവമ്പാടി ക്ഷേത്രത്തില്‍ രാവിലെ 11.15നും 12നും മധ്യേയും പാറമേക്കാവില്‍ 12.05നുമാണ് കൊടിയേറ്റം. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് ചടങ്ങുകള്‍ നടക്കുന്നതെന്നാണ് സംഘാടകര്‍ അറിയിച്ചിരിക്കുന്നത്. കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്കും അല്ലെങ്കില്‍ രണ്ടു ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കും മാത്രമാണ് പ്രവേശനമുണ്ടാവുക.

തിരുവമ്പാടിയില്‍ പകല്‍ മൂന്നോടെ പുറത്തേയ്ക്ക് എഴുന്നള്ളിപ്പ് തുടങ്ങും. തിരുവമ്പാടി ചന്ദ്രശേഖരന്‍ തിടമ്പേറ്റും. മൂന്നരയോടെ നടുവിലാലിലും നായ്ക്കനാലിലും പൂരക്കൊടി ഉയര്‍ത്തും. വടക്കുന്നാഥ ക്ഷേത്രത്തിന്റെ ശ്രീമൂലസ്ഥാനത്ത് മേളം കലാശിക്കും. പടിഞ്ഞാറെ ചിറയിലാണ് ആറാട്ട്. പാറമേക്കാവ് ക്ഷേത്ര സമുച്ചയത്തിലെ പാലമരത്തിലും മണികണ്ഠനാലിലും കൊടി ഉയര്‍ത്തും. പാറമേക്കാവില്‍ കൊടിയേറ്റ ശേഷം എഴുന്നള്ളിപ്പ് തുടങ്ങും.

പൂരത്തിന്റെ ഭാഗമായുള്ള പ്രദര്‍ശനത്തിന് പാസ് ഉപയോഗിച്ചുള്ള പ്രവേശനം ഇന്ന് തുടങ്ങും. ഏപ്രില്‍ 23നാണ് തൃശൂര്‍ പൂരം. വെടിക്കെട്ട് അടക്കമുള്ള ചടങ്ങുകള്‍ക്ക് ഒരുക്കം പൂര്‍ത്തിയായി. സാംപിള്‍ വെടിക്കെട്ട് പതിവുദിവസം എല്ലാ മുന്‍കരുതലോടെയും നടത്തും. ഈ സാഹചര്യത്തില്‍ കുറഞ്ഞനിരക്കില്‍ കൊവിഡ് പരിശോധന നടത്താന്‍ പാറമേക്കാവ് ദേവസ്വം അവസരം ഒരുക്കിയിട്ടുണ്ട്.

700 രൂപ നിരക്കിലാവും പരിശോധന നടത്തുക. 21 നാണ് പരിശോധന. പൂരനഗരിയെ ആറുമേഖലകളാക്കി തിരിച്ച് മെഡിക്കല്‍ സംഘത്തിന്റെ സേവനം ലഭ്യമാക്കും. പൂരം കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടക്കുന്നതിനാല്‍ ഇത്തവണ രണ്ടുക്ഷേത്രങ്ങളിലും വീടുകളിലെത്തി പൂരപ്പറ എടുക്കുന്ന ചടങ്ങുണ്ടാവില്ല. പക്ഷെ, എല്ലാ ദിവസവും ക്ഷേത്രത്തില്‍ പറ എടുക്കാമെന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചു.

Tags:    

Similar News