ട്രാന്‍സ്പോര്‍ട്ട് ഓഫിസ് ക്ലര്‍ക്കിന്‍റെ ആത്മഹത്യ; ജൂനിയര്‍ സൂപ്രണ്ടിനെ സ്ഥലം മാറ്റി
ജീവനക്കാരിയുടെ മരണത്തെ തുടര്‍ന്ന് ജില്ലയിലെ ആര്‍ ടി ഓഫീസിലും സബ് റീജണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫിസുകളിലും വ്യാപകമായി കൈക്കൂലി ആരോപണം ശക്തമായിരുന്നു.
കല്‍പറ്റ: മാനന്തവാടി സബ് റീജണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫിസിലെ സീനിയര്‍ ക്ലര്‍ക്ക് പി എ സിന്ധുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ആരോപണ വിധേയരായ മേലുദ്യോഗസ്ഥക്കെതിരേ നടപടി. ജൂനിയര്‍ സൂപ്രണ്ട് അജിതകുമാരിയെ കോഴിക്കോട് ആര്‍ ടി ഓഫീസിലേക്ക് സ്ഥലം മാറ്റി ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ എം ആര്‍ അജിത് കുമാര്‍ ഉത്തരവിറക്കി.
ജീവനക്കാരിയുടെ മരണത്തെ തുടര്‍ന്ന് ജില്ലയിലെ ആര്‍ ടി ഓഫീസിലും സബ് റീജണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫിസുകളിലും വ്യാപകമായി കൈക്കൂലി ആരോപണം ശക്തമായിരുന്നു. ആര്‍ ടി ഓഫിസുകള്‍ അഴിമതിയുടെ കേന്ദ്രങ്ങളാണെന്ന ആരോപണത്തെ തുടര്‍ന്നാണ് വകുപ്പ് മന്ത്രിയും ട്രാന്‍സ്പോര്‍ട്ട് കമ്മിഷണറും ഇതുമായി ബന്ധപ്പെട്ട് അന്വേഷിക്കാന്‍ നിര്‍ദേശം നല്‍കിയത്.
ഏപ്രില്‍ ആറിനാണ് സിന്ധുവിന്റെ സഹോദരന്‍ പി എ ജോസിന്റെ വീട്ടിലെ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഓഫീസില്‍ മാനസിക സമ്മര്‍ദം അനുഭവിക്കുന്ന കാര്യങ്ങള്‍ വ്യക്തമാക്കുന്ന സിന്ധുവിന്റെ കുറിപ്പുകള്‍ മരണശേഷം ലഭിച്ചിരുന്നു. സഹപ്രവര്‍ത്തകയായിരുന്ന അജിതകുമാരിക്കെതിരേയുള്ള പരാമര്‍ശവുമുണ്ടായിരുന്നു.
തുടര്‍ന്ന് ഇവരോട് അവധിയില്‍ പ്രവേശിക്കാന്‍ മോട്ടോര്‍ വാഹനവകുപ്പ് നിര്‍ദേശിച്ചു. ഡെപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ ആര്‍ രാജീവാണ് സിന്ധുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങള്‍ അന്വേഷിച്ച് റിപോര്‍ട്ട് നല്‍കിയത്. ഏപ്രില്‍ 11-നാണ് ഇതുമായി ബന്ധപ്പെട്ട റിപോര്‍ട്ട് ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ക്ക് നല്‍കിയത്.