വിദേശങ്ങളില്‍ കുടുങ്ങിയവരെ നാട്ടിലെത്തിക്കണം: വിസ്ഡം ഗ്ലോബല്‍ മീറ്റ്
പഠനത്തോടൊപ്പം പാര്‍ട്ട് ടൈം ജോലി ചെയ്താണ് കൂടുതല്‍ പേരും വിദേശ രാഷ്ട്രങ്ങളില്‍ കഴിഞ്ഞിരുന്നത്
മലപ്പുറം: ലോക്ക്ഡൗണ്‍ കാരണം വിദേശ രാഷ്ട്രങ്ങളില്‍ കുടുങ്ങിയ വിദ്യാര്‍ഥികളെയും സന്ദര്‍ശക വിസയിലുള്ളവരെയും നാട്ടിലെത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പൊതുമാനദണ്ഡം തയ്യാറാക്കി നടപടിക്രമങ്ങള്‍ സ്വീകരിക്കണമെന്ന് വിസ്ഡം ഇസ് ലാമിക് ഓര്‍ഗനൈസേഷന്‍ ഓണ്‍ലൈനില്‍ ചേര്‍ന്ന ഗ്ലോബല്‍ മീറ്റ് ആവശ്യപ്പെട്ടു. കൊവിഡ് വ്യാപനം ശക്തമായതിനാല്‍ കാംപസുകള്‍ എന്ന് തുറക്കുമെന്ന് വ്യക്തമല്ലാത്ത സാഹചര്യത്തില്‍ വിദേശ രാഷ്ട്രങ്ങളിലെ കാംപസ് വിദ്യാര്‍ഥികള്‍ വലിയ പ്രതിസന്ധിയിലാണ്. താമസം, ഭക്ഷണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കൂടുതല്‍ പ്രയാസത്തിലേക്ക് നീങ്ങുകയാണ്.
പഠനത്തോടൊപ്പം പാര്‍ട്ട് ടൈം ജോലി ചെയ്താണ് കൂടുതല്‍ പേരും വിദേശ രാഷ്ട്രങ്ങളില്‍ കഴിഞ്ഞിരുന്നത്. ലോക്ക് ഡൗണ്‍ കാരണം ജോലിയില്ലാതാവുകയും കൂടുതല്‍ സാമ്പത്തിക ബാധ്യത വരുന്നതിലേക്ക് വിദ്യാര്‍ഥികള്‍ എത്തിയിരിക്കുകയുമാണ്. ജോലിയുടെ ഭാഗമായും മറ്റും സന്ദര്‍ശക വിസയില്‍ എത്തിയവരുടെ കാര്യവും സര്‍ക്കാര്‍ അനുഭാവപൂര്‍വം പരിഗണിക്കണമെന്ന് മീറ്റ് ആവശ്യപ്പെട്ടു.
കെ സജാദ് അധ്യക്ഷത വഹിച്ചു. വിസ്ഡം ഇസ് ലാമിക് ഓര്‍ഗനൈസേഷന്‍ സംസ്ഥാന പ്രസിഡന്റ് പി എന്‍ അബ്ദുല്‍ ലത്തീഫ് മദനി, ജനറല്‍ സെക്രട്ടറി ടി കെ അഷ്‌റഫ്, ജംഷീര്‍ സ്വലാഹി, ഷബീബ് മഞ്ചേരി, ഹാഷിം, ഷമീര്‍(ജപ്പാന്‍), ഷാസ് മുഹമ്മദ്, അഷ്‌റഫ്, നസീഫ്(യുകെ), ഷിജാസ്, ജാവേദ് (ആസ്‌ട്രേലിയ), അലീഫ് ഹസ്സന്‍(യുഎസ്എ), ജൈസല്‍(ഫിന്‍ലാന്റ്), ഷെഫീഖ്, ഫിര്‍ദൗസ്(തായ് വാന്‍), ഹുസാം അബ്ദുന്നാസിര്‍(ജര്‍മനി), സഈദ് ഷെരീഫ്(സ്‌പെയിന്‍), മുഹമ്മദ് അര്‍ഷാദ്(ചെക്ക് റിപ്പബ്ലിക്), റിയാസുദ്ദീന്‍(ദക്ഷിണ കൊറിയ), മുഹമ്മദ്(മാലിദ്വീപ്), ആദില്‍ സെര്‍ഹാന്‍(ഇറ്റലി) സംസാരിച്ചു.