പിങ്ക് പോലിസ് കുട്ടിയെ അപമാനിച്ച സംഭവം: നഷ്ടപരിഹാരം നല്‍കാനാവില്ലെന്ന് സര്‍ക്കാര്‍;സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍
ഉദ്യോഗസ്ഥരുടെ വ്യക്തിപരമായ വീഴ്ചകളുടെ ബാധ്യത സര്‍ക്കാരിന് ഏല്‍ക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയാണ് സര്‍ക്കാര്‍ അപ്പീലുമായി ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചിരിക്കുന്നത്
കൊച്ചി: തിരുവനന്തപുരം ആറ്റിങ്ങലില്‍ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്നാരോപിച്ച് പെണ്‍കുട്ടിയെ പരസ്യമായി പിങ്ക് പോലിസ് ഉദ്യോഗസ്ഥ അപമാനിച്ച സംഭവത്തില്‍ ഇരയായ കുട്ടിക്ക് നഷ്ടപരിഹാരം നല്‍കണമെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവിനെതിരെ സര്‍ക്കാര്‍ ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കി.സര്‍ക്കാരിന് നഷ്ടപരിഹാരം നല്‍കാന്‍ കഴിയില്ല. ഉദ്യോഗസ്ഥരുടെ വ്യക്തിപരമായ വീഴ്ചകളുടെ ബാധ്യത സര്‍ക്കാരിന് ഏല്‍ക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയാണ് സര്‍ക്കാര്‍ അപ്പീലുമായി ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചിരിക്കുന്നത്.
പിങ്ക് പോലിസ് ഉദ്യോഗസ്ഥയാല്‍ അപമാനിക്കപ്പെട്ട പെണ്‍കുട്ടിക്ക് സര്‍ക്കാര്‍ ഒന്നര ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനാണ് നേരത്തെ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടിരുന്നത്. പിങ്ക് പോലിസ് ഉദ്യോഗസ്ഥ അപമാനിച്ചെന്നാരോപിച്ച് പെണ്‍കുട്ടി നല്‍കിയ ഹരജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.
ജനങ്ങളുമായി ഇടപെടുന്നതുമായി ബന്ധപ്പെട്ട് കുറ്റക്കാരിയായ ഉദ്യോഗസ്ഥയ്ക്ക് പ്രത്യേക പരിശീലനം നല്‍കണമെന്നും ഇവരെ ക്രമസമാധാന പാലന ചുമതലയില്‍ നിന്നും മാറ്റി നിര്‍ത്തണമെന്നും കോടതി നിര്‍ദ്ദേശിച്ചിരുന്നു.എന്നാല്‍ നഷ്ടപരിഹാരം നല്‍കുന്നതിനെ സര്‍ക്കാര്‍ സിംഗിള്‍ ബെഞ്ചില്‍ നടന്ന വാദത്തിലുംഎതിര്‍ത്തിരുന്നു.
സര്‍ക്കാര്‍ നിലപാടിനെ കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു.ആരോപണ വിധേയായ പോലിസ് ഉദ്യോഗസ്ഥയ്‌ക്കെതിരെ കടുത്ത നടപടി എടുക്കാത്തതിലും സര്‍ക്കാരിനെ കോടതി വിമര്‍ശിച്ചിരുന്നു.ഉദ്യോഗസ്ഥയെ സ്ഥലംമാറ്റിയെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നുവെങ്കിലും സ്ഥലം മാറ്റം ശിക്ഷയല്ലെന്നും കോടതി ചോദിച്ചിരുന്നു.പെണ്‍കുട്ടിയെ അപമാനിച്ച സംഭവത്തില്‍ ആരോപണ വിധേയയായ ഉദ്യോഗസ്ഥ കോടതിയില്‍ മാപ്പപേക്ഷ നല്‍കിയിരുന്നുവെങ്കിലും പെണ്‍കുട്ടി ഇത് സ്വീകരിച്ചിരുന്നില്ല.