തദ്ദേശ തിരഞ്ഞെടുപ്പില്‍ കൊവിഡ് പെരുമാറ്റച്ചട്ടം നിര്‍ബന്ധം

തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതിന് അതത് രാഷ്ട്രീയ പാര്‍ട്ടികള്‍ ഒരു കൊവിഡ് നോഡല്‍ ഏജന്റിനെ ചുമതലപ്പെടുത്തണം.

Update: 2020-11-23 08:30 GMT

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളും വോട്ടര്‍മാരും കൊവിഡ് പെരുമാറ്റച്ചട്ടം കൃത്യമായി പാലിക്കണമെന്ന് തിരുവനന്തപുരം ജില്ലാ കലക്ടര്‍ ഡോ. നവജ്യോത് ഖോസ പറഞ്ഞു. ജില്ലയില്‍ പ്രതിദിന കൊവിഡ് കേസുകളും ടെസ്റ്റ് പോസിറ്റീവിറ്റി നിരക്കും കുറഞ്ഞിട്ടുണ്ടെങ്കിലും ആശ്വസിക്കാനുള്ള സമയമായിട്ടില്ല. തിരഞ്ഞെടുപ്പ് ചൂടിനിടയില്‍ കൊവിഡ് പ്രതിരോധത്തില്‍ നിന്നുള്ള ശ്രദ്ധയും ജാഗ്രതയും ഒരുതരത്തിലും കുറയാന്‍ പാടില്ല. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ വിട്ടുവീഴ്ച്ച വരുത്തിയാല്‍ തിരഞ്ഞെടുപ്പിനു ശേഷം കേസുകളുടെ എണ്ണം കൂടാനുള്ള സാധ്യതയുണ്ടെന്നു കൂടി ഏവരും ഓർക്കണം. അതിനാല്‍ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതിന് അതത് രാഷ്ട്രീയ പാര്‍ട്ടികള്‍ ഒരു കൊവിഡ് നോഡല്‍ ഏജന്റിനെ ചുമതലപ്പെടുത്തണം.

തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സ്ഥാനാര്‍ത്ഥികള്‍ ഭവന സന്ദര്‍ശനം നടത്തുമ്പോള്‍ സാമൂഹിക അകലം പാലിക്കാനും മാസ്‌ക് ധരിക്കാനും മറക്കരുത്. സ്ഥാനാര്‍ത്ഥികളുടെ ഭവന സന്ദര്‍ശന സമയത്ത് വയോജനങ്ങള്‍, കുട്ടികള്‍, ഗുരുതര രോഗങ്ങള്‍ക്ക് ചികിത്സയിൽ കഴിയുന്നവർ, ഗര്‍ഭിണികള്‍ എന്നിവരുമായുള്ള സമ്പര്‍ക്കം ഒഴിവാക്കണം. സ്ഥാനാര്‍ത്ഥികള്‍ ഭവന സന്ദര്‍ശനം നടത്തുമ്പോഴും പാര്‍ട്ടി ഭാരവാഹികളുമായി ഇടപഴകുമ്പോഴും നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി വിതരണം ചെയ്യുന്ന നോട്ടീസുകളും ലഘുലേഖകളും പരിമിതപ്പെടുത്തി സോഷ്യല്‍ മീഡിയ പരമാവധി പ്രയോജനപ്പെടുത്തണം. സാനിറ്റൈസര്‍ ഇടയ്ക്കിടയ്ക്ക് ഉപയോഗിക്കുകയും വേണം. തിരഞ്ഞെടുപ്പ് പ്രചാരണത്തോടൊപ്പം കൊവിഡ് മാനദണ്ഡങ്ങളെപ്പറ്റിയും മാസ്‌കിന്റെ ഉപയോഗത്തെകുറിച്ചും വോട്ടര്‍മാരില്‍ ബോധവത്ക്കരണവും നടത്തണം. സാമൂഹിക മാധ്യമങ്ങളിലൂടെ കൊവിഡ് പ്രതിരോധ നിർദേശങ്ങൾ പ്രചരിപ്പിക്കാന്‍ ശ്രമിക്കണമെന്നും അടഞ്ഞമുറികളില്‍ ഒരു കാരണവശാലും ഒത്തുകൂടാന്‍ പാടില്ലെന്നും ജില്ലാ കലക്ടറുടെ അറിയിപ്പിൽ പറയുന്നു.

Similar News