അഖിലിനെ കുത്തിയത് ശിവരഞ്ജിത്തെന്ന് അച്ഛന്‍ ചന്ദ്രന്‍

എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കുത്താനായി തന്നെ പിടിച്ചുനിര്‍ത്തിയെന്നും ശിവരഞ്ജിത്ത് കുത്തിയെന്നും അഖില്‍ തന്നോട് പറഞ്ഞതായി സ്വകാര്യചാനലിനോട് ചന്ദ്രന്‍ പറഞ്ഞു. അക്രമികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം.

Update: 2019-07-14 03:11 GMT

തിരുവനന്തപുരം: യൂനിവേഴ്‌സിറ്റി കോളജിലെ മൂന്നാംവര്‍ഷ വിദ്യാര്‍ഥി അഖിലിനെ കുത്തിയത് എസ്എഫ്‌ഐ യൂനിറ്റ് പ്രസിഡന്റ് ശിവരഞ്ജിത്താണെന്ന് അച്ഛന്‍ ചന്ദ്രന്റെ വെളിപ്പെടുത്തല്‍. എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കുത്താനായി തന്നെ പിടിച്ചുനിര്‍ത്തിയെന്നും ശിവരഞ്ജിത്ത് കുത്തിയെന്നും അഖില്‍ തന്നോട് പറഞ്ഞതായി സ്വകാര്യചാനലിനോട് ചന്ദ്രന്‍ പറഞ്ഞു. അക്രമികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം.

തന്നെ ആക്രമിക്കാനായി യൂനിവേഴ്‌സിറ്റി കോളജില്‍ മനപ്പൂര്‍വം പ്രശ്‌നങ്ങളുണ്ടാക്കുകയായിരുന്നുവെന്നാണ് അഖില്‍ പറഞ്ഞത്. പരാതിപ്പെട്ടാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി. പുറത്തുനിന്നുള്ളവരും അക്രമിസംഘത്തിലുണ്ടായിരുന്നു. അക്രമികളെ പിടികൂടുമെന്നാണ് പ്രതീക്ഷ. സംഭവത്തില്‍ സിപിഎം പൂര്‍ണപിന്തുണ അറിയിച്ചെന്നും ചന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. ശിവരഞ്ജിത്താണ് തന്നെ കുത്തിയതെന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഡോക്ടറോടും അഖില്‍ പറഞ്ഞിരുന്നു. ഇക്കാര്യം ഡോക്ടര്‍ പോലിസിനെ അറിയിക്കുകയും ചെയ്തു.

അതേസമയം, ശിവരഞ്ജിത്ത് ഉള്‍പ്പടെയുള്ള കേസിലെ പ്രധാന പ്രതികളായ ഏഴുപേര്‍ ഇപ്പോഴും ഒളിവിലാണ്. പ്രതികള്‍ക്ക് സിപിഎമ്മിന്റെ സംരക്ഷണം ലഭിക്കുന്നുണ്ടെന്നും പോലിസിന്റെ കണ്‍മുന്നിലുണ്ടായിട്ടും പ്രതികളെ പിടികൂടാന്‍ പോലിസ് തയ്യാറാവുന്നില്ലെന്നുമുള്ള ആക്ഷേപം ശക്തമാണ്. അതേസമയം, ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന അഖിലിന്റെ വിശദമായ മൊഴി പോലിസ് ഇന്ന് രേഖപ്പെടുത്തും. ഇതില്‍നിന്ന് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാവുമെന്നാണ് പോലിസ് കരുതുന്നത്.

Tags:    

Similar News