ട്വന്റി 20 പ്രവര്‍ത്തകന്‍ ദീപുവിന്റെ മരണം: സിബി ഐ അന്വേഷണം വേണമെന്ന് സാബു എം ജേക്കബ്ബ്
സിബി ഐ അന്വേഷണം ഏറ്റെടുത്താല്‍ ജനങ്ങള്‍ തെളിവ് നല്‍കാന്‍ പരസ്യമായി രംഗത്തു വരാന്‍ തയ്യാറാകും. ഇപ്പോള്‍ അവര്‍ക്ക് ഭയമാണ്.ദീപുവിന്റെ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തവര്‍ കൊവിഡ് മാനദണ്ഡം ലംഘിച്ചുവെന്നാരോപിച്ച് ആയിരക്കണിക്കിന് ആളുകളുടെ പേരില്‍ കേസുവരുമെന്ന് പറയുന്നു.തന്റെ പേരില്‍ ഇപ്പോള്‍ കേസെടുത്തു.കേസെടുത്ത് ആളുകളെ ഭയപ്പെടുത്തുകയാണ്
കൊച്ചി: എറണാകുളം കിഴക്കമ്പലത്ത് മര്‍ദ്ദനമേറ്റ് ട്വന്റി20 പ്രവര്‍ത്തകന്‍ ദീപു മരിച്ച സംഭവം സിബി ഐ അന്വേഷിക്കണമെന്നും ഇതിനുള്ള നിയമനടപടികളുമായി മുന്നോട്ടു പോകുകയാണെന്നും ട്വന്റി20 ചീഫ് കോ-ഓര്‍ഡിനേറ്റര്‍ സാബു എം ജേക്കബ്ബ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.കഴിഞ്ഞ 10 മാസക്കാലമായി എംഎല്‍എയും കൂട്ടരും നടത്തിയ കാര്യങ്ങള്‍ പുറത്തു വരണമെങ്കില്‍ സിബി ഐ പോലുള്ള ഏജന്‍സി അന്വേഷിക്കണം. സിബി ഐ അന്വേഷണം ഏറ്റെടുത്താല്‍ ജനങ്ങള്‍ തെളിവ് നല്‍കാന്‍ പരസ്യമായി രംഗത്തു വരാന്‍ തയ്യാറാകും. ഇപ്പോള്‍ അവര്‍ക്ക് ഭയമാണ്. കാരണം കേരള പോലിസിന് തെളിവുനല്‍കിയാല്‍ എന്താകുമെന്ന ഭയം.
ദീപുവിന്റെ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തവര്‍ കൊവിഡ് മാനദണ്ഡം ലംഘിച്ചുവെന്നാരോപിച്ച്ആയിരക്കണിക്കിന് ആളുകളുടെ പേരില്‍ കേസുവരുമെന്ന് പറയുന്നു.തന്റെ പേരില്‍ ഇപ്പോള്‍ കേസെടുത്തു.കേസെടുത്ത് ആളുകളെ ഭയപ്പെടുത്തുകയാണ്.സാധാരണക്കാരായ പാവപ്പെട്ട ആളുകളാണ്. അവരെ ഭയപ്പെടുത്തുകയാണെന്നും സാബു എം ജേക്കബ്ബ് വ്യക്തമാക്കി.
പോലിസിന്റെ അകമ്പടിയോടെയാണ് ദീപുവിന്റെ മൃതശരീരം കൊണ്ടുവന്നതും പൊതു ദര്‍ശനത്തിന് വെച്ചതും.ഇതിനു ശേഷം പോലിസ് അകമ്പടിയോടെ തന്നെയാണ് മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോയതും കര്‍മ്മങ്ങള്‍ ചെയ്തതുമെല്ലാം.കണ്ടാലറിയാവുന്ന ആയിരത്തോളം പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.പ്രതിപക്ഷ നേതാവ് വി ഡി സതീശനും മുന്‍ എംഎല്‍എ വി പി സജീന്ദ്രനുമെല്ലാം അവിടെ വന്നിരുന്നു എങ്കില്‍ പിന്നെ എന്തുകൊണ്ട് ഇവര്‍ക്കെതിരെയൊന്നും കേസെടുത്തില്ലെന്നും സാബു എം ജേക്കബ്ബ് ചോദിച്ചു. ഇവിടെ ഒരു കൂട്ടര്‍ക്ക് ഒരു നിയമം ഭരിക്കുന്നവര്‍ക്കും അവരുടെ മന്ത്രിമാര്‍ക്കും അവരുടെ ആളുകള്‍ക്കും പാര്‍ട്ടിക്കും എംഎല്‍എ മാര്‍ക്കുമെല്ലാം മറ്റൊരു നിയമം എന്നതാണ് സ്ഥിതിയെന്നും സാബു എം ജേക്കബ്ബ് ആരോപിച്ചു.
തന്റെ കൈകള്‍ ശുദ്ധമാണെന്ന് എംഎല്‍എ പറയുന്നു.അങ്ങനെയങ്കില്‍ എംഎല്‍എ തന്നെ സിബി ഐ അന്വേഷണത്തിന് സര്‍ക്കാരിന് എഴുതികൊടുക്കട്ടെ.കേസിന്റെ അന്വേഷണം സിബി ഐക്ക് വിട്ട് തങ്ങളുടെ കൈകള്‍ ശുദ്ധമാണെന്ന് സര്‍ക്കാര്‍ തെളിയിക്കട്ടെയെന്നും സാബു എം ജേക്കബ്ബ് വ്യക്തമാക്കി.
തന്റെ ഫോണ്‍ കേരള പോലിസ് പരിശോധിക്കട്ടെയെന്നാണ് എംഎല്‍എ പറയുന്നത്.കേരള പോലിസ് പരിശോധിച്ചിട്ട് എന്തു കിട്ടാനാണെന്നും സാബു എം ജോക്കബ്ബ് ചോദിച്ചു.കൊല്ലപ്പെട്ട ദീപുവിന് നീതികിട്ടാന്‍ വേണ്ടി തങ്ങള്‍ ഏതറ്റംവരെയും പോകും അതിനായി നിയമോപദേശം തേടിക്കൊണ്ടിരിക്കുകയാണെന്നും സാബു എം ജേക്കബ്ബ് വ്യക്തമാക്കി.നേരത്തെ തങ്ങളുടെ ജോലിക്കാര്‍ പോലിസ് വാഹനം ആക്രമിച്ചുവെന്നതിലും വന്‍ ഗൂഢാലോചന നടന്നിട്ടുണ്ട്.ഇതിന്റെ തുടക്കം സ്വാഭാവികമായി സംഭവിച്ചതാണ്.എന്നാല്‍ അന്നേ ദിവസം 10 മണിക്കു ശേഷം നടന്ന സംഭവമെല്ലാം ആരുടെയോ നിര്‍ദ്ദേശ പ്രകാരം നടന്നിരിക്കുന്ന കാര്യങ്ങളാണ്.ഇതിലെ ഗൂഢാലോചനയും പുറത്തു വരണമെന്നും സാബു എം ജേക്കബ്ബ് വ്യക്തമാക്കി.