കേരളത്തിൽ രണ്ട് പേർക്കുകൂടി ഒമിക്രോൺ സ്ഥിരീകരിച്ചു

ഡിസംബർ എട്ടിന് ഷാർജയിൽ നിന്നുള്ള വിമാനത്തിലാണ് ഇവരെത്തിയത്. കേന്ദ്രസർക്കാർ മാർഗനിർദേശ പ്രകാരം യുഎഇയെ ഹൈ റിസ്‌ക് രാജ്യത്തിൽ ഉൾപ്പെടുത്തിയിരുന്നില്ല.

Update: 2021-12-17 18:33 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് പേർക്ക് കൂടി കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. യുഎഇയിൽ നിന്നും എറണാകുളത്തെത്തിയ ഭർത്താവിനും (68) ഭാര്യയ്ക്കുമാണ് (67) ഒമിക്രോൺ സ്ഥിരീകരിച്ചത്.

ഡിസംബർ എട്ടിന് ഷാർജയിൽ നിന്നുള്ള വിമാനത്തിലാണ് ഇവരെത്തിയത്. കേന്ദ്രസർക്കാർ മാർഗനിർദേശ പ്രകാരം യുഎഇയെ ഹൈ റിസ്‌ക് രാജ്യത്തിൽ ഉൾപ്പെടുത്തിയിരുന്നില്ല. അതിനാൽ ഇവർക്ക് സ്വയം നിരീക്ഷണമാണ് അനുവദിച്ചിരുന്നത്. രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് ഇരുവരും 11, 12 തീയതികളിൽ ആർടിപിസിആർ പരിശോധന നടത്തി. അതിൽ കൊവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തി. തുടർന്ന് ഇവരുടെ സാംപിളുകൾ ജനിതക പരിശോധനയ്ക്കായി രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയിൽ അയച്ചു. അതിലാണ് ഇരുവർക്കും ഒമിക്രോൺ സ്ഥിരീകരിച്ചത്.

ഭർത്താവിന്റെ പ്രാഥമിക സമ്പർക്ക പട്ടികയിൽ ആറ് പേരും ഭാര്യയുടെ പ്രാഥമിക സമ്പർക്ക പട്ടികയിൽ ഒരാളുമാണുള്ളത്. 54 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇവരുമായി അടുത്ത സമ്പർക്കം പുലർത്തിയിട്ടുള്ളവരെ പരിശോധനയ്ക്ക് വിധേയമാക്കും. ഇതോടെ ഹൈ റിസ്‌ക് അല്ലാത്ത രാജ്യങ്ങളിൽ നിന്നും വന്ന മൂന്ന് പേർക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്.

സംസ്ഥാനത്ത് ഇതുവരെ ആകെ 7 പേർക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. ഹൈ റിസ്‌ക് അല്ലാത്ത രാജ്യങ്ങളിൽ നിന്നും വരുന്നവർക്ക് ഒമിക്രോൺ സ്ഥിരീകരിക്കുന്ന സാഹചര്യത്തിൽ സ്വയം നിരീക്ഷണ വ്യവസ്ഥകൾ കർശനമായി പാലിക്കണം. ഇവർ യാതൊരു കാരണവശാലും 14 ദിവസത്തേക്ക് പൊതുയിടങ്ങൾ സന്ദർശിക്കുകയോ ആൾക്കൂട്ടം ഉണ്ടാകുന്ന ചടങ്ങുകളിൽ സംബന്ധിക്കാനോ പാടില്ലെന്നും മന്ത്രി അറിയിച്ചു.

Similar News