വടക്കാഞ്ചേരിയില്‍ രണ്ട് യുവാക്കള്‍ മരിച്ച അപകടം; ഡ്രൈവറെ സസ്‌പെന്റ് ചെയ്ത് കെഎസ്ആര്‍ടിസി

Update: 2022-02-10 17:21 GMT

തിരുവനന്തപുരം: വടക്കാഞ്ചേരിയില്‍ രണ്ട് യുവാക്കളുടെ മരണത്തിനിടയാക്കിയ അപകടത്തില്‍ കെഎസ്ആര്‍ടിസി ഡ്രൈവറെ സസ്‌പെന്റ് ചെയ്തു. വടക്കാഞ്ചേരി ഓപറേറ്റിങ് സെന്ററിലെ ഡ്രൈവറായ സി എല്‍ ഔസേപ്പിനെയാണ് അന്വേഷണ വിധേയമായി കെഎസ്ആര്‍ടിസി സിഎംഡി സസ്‌പെന്റ് ചെയ്തത്. ഫെബ്രുവരി ഏഴിനായിരുന്നു പാലക്കാടുനിന്ന് വടക്കാഞ്ചേരിയിലേക്ക് സര്‍വീസ് നടത്തിയ കെഎസ്ആര്‍ടിസി ബസ് തട്ടി ബൈക്ക് യാത്രക്കാരായ യുവാക്കള്‍ മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഡ്രൈവര്‍ക്ക് ഗുരുതര വീഴ്ച സംഭവിച്ചതായി നേരത്തെ ആക്ഷേപമുയര്‍ന്നിരുന്നു.

ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് സസ്‌പെന്‍ഷന്‍ നടപടി. അപകടത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ നേരത്തെ പുറത്തുവന്നിരുന്നു. റോഡിന്റെ വലതുവശത്തുകൂടെ പോവുകയായിരുന്ന ലോറിയെ മറികടക്കുകയായിരുന്നു ബൈക്ക്. ഇതിനിടെ കെഎസ്ആര്‍ടിസി ബസ്സും ലോറിയെ മറികടക്കാന്‍ ശ്രമിച്ചു.

ബസ് വരുന്നത് കണ്ട് ബൈക്ക് വലത്തേക്ക് മാറിയെങ്കിലും കെഎസ്ആര്‍ടിസി ഡ്രൈവര്‍ വീണ്ടും വലത്തോട്ട് വെട്ടിക്കുകയായിരുന്നു. ഇതോടെ ബൈക്ക് ബസ്സിനും ലോറിക്കും ഇടയില്‍ വീണു. ബൈക്കിന് മുകളിലൂടെ ബസ് കയറിയിറങ്ങുകയും ചെയ്തു. അപകടത്തില്‍പ്പെട്ട വാഹനങ്ങളുടെ പിന്നിലുണ്ടായിരുന്ന ഒരു കാറിലെ ഡാഷ്‌കാമിലാണ് അപകട ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നത്. ഈ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെയാണ് ബസ് തട്ടിയാണ് യുവാക്കള്‍ മരിച്ചതെന്ന് വ്യക്തമായത്. പാലക്കാട് കാവിശ്ശേരി സ്വദേശി ആദര്‍ശ് മോഹന്‍, കാസര്‍കോട് സ്വദേശി സാബിത്ത് എന്നിവരാണ് അപകടത്തില്‍ മരിച്ചത്.

Tags:    

Similar News