ഉപതിരഞ്ഞെടുപ്പ് ഫലം ചര്‍ച്ച ചെയ്യാന്‍ യുഡിഎഫ് യോഗം ഇന്ന്

അഞ്ച് മണ്ഡലങ്ങളിലെക്ക് നടന്ന ഉപതിരഞ്ഞെടുപ്പ് ഫലം ചര്‍ച്ച ചെയ്യാനായി യുഡിഎഫ് യോഗം ഇന്ന് വൈകീട്ട് ചേരും.

Update: 2019-10-28 01:52 GMT

തിരുവനന്തപുരം: അഞ്ച് മണ്ഡലങ്ങളിലെക്ക് നടന്ന ഉപതിരഞ്ഞെടുപ്പ് ഫലം ചര്‍ച്ച ചെയ്യാനായി യുഡിഎഫ് യോഗം ഇന്ന് വൈകീട്ട് ചേരും. നേതാക്കളുടെ പരസ്യപ്പോരും തൊഴുത്തില്‍ കുത്തും കാരണം സീറ്റുകള്‍ നഷ്ടപ്പെടാനിടയാതിനെക്കുറിച്ച് കോണ്‍ഗ്രസിനെതിരെ ഘടകകക്ഷികള്‍ വിമര്‍ശനം ഉന്നയിക്കാനിടയുണ്ട്. കോട്ടകള്‍ നഷ്ടമായ സ്ഥിതിയിലാണ് കോണ്‍ഗ്രസ്സും കേരള കോണ്‍ഗ്രസ്സും യുഡിഎഫ് യോഗത്തിനെത്തുന്നത്. പാലാ ഫലം വന്നശേഷം മുന്നണി യോഗം ചേര്‍ന്നിരുന്നില്ല. ജോസഫ്-ജോസ് തമ്മിലടിയില്‍ പാലാ നഷ്ടമാക്കിയെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍.

ലോക്‌സഭാ തിരഞ്ഞെടുപ്പിലെ മികച്ച ജയം നല്‍കിയ ആത്മവിശ്വാസം കോണ്‍ഗ്രസിലെയും കേരള കോണ്‍ഗ്രസ്സിലെയും തമ്മിലടി മൂലം കളഞ്ഞുകുളിച്ചെന്നാണ് ലീഗിന്റെ അഭിപ്രായം. ആര്‍എസ്എപിയും അതൃപ്തരാണ്. കേരള കോണ്‍ഗ്രസ്സിലെ തര്‍ക്കം ഇതുവരെ തീര്‍ന്നിട്ടുമില്ല. നിയമസഭാ സമ്മേളനം നടക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാറിനെതിരായ കൂടുതല്‍ സമരപരിപാടികള്‍ക്കും യോഗം രൂപം നല്‍കിയേക്കും. 

Tags:    

Similar News