ഉത്ര വധക്കേസ്: സൂരജിന്റെ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കാൻ നീക്കം
അറസ്റ്റിലാകുന്നതിന് മുമ്പ് സൂരജ് അഭിഭാഷകരെ സന്ദർശിച്ചതായി സൂചനയുണ്ട്. അറസ്റ്റിലാകുന്നതിന് തലേ ദിവസം പറക്കോട്ടെ അഭിഭാഷകന്റെ വീട്ടിലെത്തി ഏറെനേരം കാര്യങ്ങൾ ചർച്ച ചെയ്തുവത്രേ.
പത്തനംതിട്ട: ഉത്ര വധക്കേസിൽ അറസ്റ്റിലായ സൂരജിന്റെ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കാൻ കുടുംബത്തിൻ്റെ നീക്കം. മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചാൽ ജാമ്യാപേക്ഷ തള്ളുമെന്ന സാധ്യത മുന്നിൽക്കണ്ടാണ് ഹൈക്കോടതിയെ സമീപിക്കാൻ നീക്കം.
അതിനിടെ, അറസ്റ്റിലാകുന്നതിന് മുമ്പ് സൂരജ് അഭിഭാഷകരെ സന്ദർശിച്ചതായി സൂചനയുണ്ട്. അറസ്റ്റിലാകുന്നതിന് തലേ ദിവസം പറക്കോട്ടെ അഭിഭാഷകന്റെ വീട്ടിലെത്തി ഏറെനേരം കാര്യങ്ങൾ ചർച്ച ചെയ്തുവത്രേ. കഴിഞ്ഞ ദിവസം തെളിവെടുപ്പിനിടെ സൂരജ് പോലിസിനെതിരേ ചില ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. തെളിവുകൾ കൃത്രിമമായി ചമച്ചതാണെന്നും ഉപദ്രവിച്ചെന്നുമായിരുന്നു ആരോപണം. ഇതെല്ലാം നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണെന്നാണ് സൂചന.
നാല് ദിവസത്തേക്കാണ് കോടതി പ്രതികളെ പോലീസ് കസ്റ്റഡിയിൽ വിട്ടത്. കഴിഞ്ഞദിവസം അടൂർ പറക്കോട്ടെ വീട്ടിലും ഏനാത്തും ഇവരുമായി പോലിസ് തെളിവെടുപ്പ് നടത്തിയിരുന്നു. ഉത്രയുടെ സ്വർണം സൂക്ഷിച്ചിരുന്ന ലോക്കർ പരിശോധിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും ബാങ്കിന്റെ ആസ്ഥാനത്ത് നിന്ന് നിയമപ്രകാരമുള്ള അനുമതി ലഭിക്കാത്തതിനാൽ നടന്നില്ല.