ഉത്തരപ്രദേശില്‍ യുവസന്യാസിനിമാര്‍ തീവണ്ടിയില്‍ ആക്രമിക്കപ്പെട്ട സംഭവം; ഉന്നത തല അന്വേഷണം വേണമെന്ന് കെസിബിസി

സേക്രട്ട് ഹാര്‍ട്ട് സന്യാസിനീ സമൂഹം കേരളത്തില്‍നിന്നുള്ളതായതിനാലും, അതിക്രമത്തിനിരയായ സന്യാസിനിമാരില്‍ ഒരാള്‍ മലയാളി ആയതിനാലും കേരള സമൂഹത്തിന്റെയും സംസ്ഥാനസര്‍ക്കാരിന്റേയും അടിയന്തര ഇടപെടീല്‍ ഈ വിഷയത്തില്‍ ആവശ്യമാണ്.റെയില്‍വേയും, കേന്ദ്ര സര്‍ക്കാരും, ഉത്തര്‍പ്രദേശ് സര്‍ക്കാരും സംഭവത്തെക്കുറിച്ചുള്ള പ്രത്യേക അന്വേഷണങ്ങള്‍ നടത്തുകയും കുറ്റക്കാരായവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുകയും വേണം.

Update: 2021-03-23 08:57 GMT

കൊച്ചി: ഈ മാസം 19 ന് ഡല്‍ഹിയില്‍നിന്ന് ഒഡീഷയിലേയ്ക്ക് തേര്‍ഡ് ക്ലാസ് എസി ടിക്കറ്റില്‍ യാത്രചെയ്യുകയായിരുന്ന സേക്രട്ട് ഹാര്‍ട്ട് കോണ്‍ഗ്രിഗേഷന്‍ ഡല്‍ഹി പ്രൊവിന്‍സിലെ രണ്ട് യുവസന്യാസിനികളും, രണ്ട് സന്യാസാര്‍ഥിനികളും ഉത്തരപ്രദേശിലെ ഝാന്‍സിയില്‍ വച്ച് ആക്രമിക്കപ്പെടുകയും ട്രെയിനില്‍നിന്ന് അകാരണമായി കസ്റ്റഡിയില്‍ എടുക്കപ്പെടുകയും ചെയ്ത സംഭവം പ്രതിഷേധാര്‍ഹവും രാജ്യ ശ്രദ്ധ ആവശ്യപ്പെടുന്നതുമാണെന്ന് കേരള കത്തോലിക്ക മെത്രാന്‍ സമിതി(കെസിബിസി).സേക്രട്ട് ഹാര്‍ട്ട് സന്യാസിനീ സമൂഹം കേരളത്തില്‍നിന്നുള്ളതായതിനാലും, അതിക്രമത്തിനിരയായ സന്യാസിനിമാരില്‍ ഒരാള്‍ മലയാളി ആയതിനാലും കേരള സമൂഹത്തിന്റെയും സംസ്ഥാനസര്‍ക്കാരിന്റേയും അടിയന്തര ഇടപെടീല്‍ ഈ വിഷയത്തില്‍ ആവശ്യമാണ്.

ഉത്തര്‍പ്രദേശില്‍ ഏതെങ്കിലും വിധത്തിലുള്ള പരിചയങ്ങളോ ബന്ധങ്ങളോ ഉള്ളവരായിരുന്നില്ല സന്യാസിനിമാരിലാരും. എങ്കിലും, ട്രെയിനില്‍ യാത്രചെയ്തു എന്ന ഒറ്റ കാരണത്താല്‍ ആ സംസ്ഥാനത്ത് മാത്രമുള്ള മതംമാറ്റ നിരോധന നിയമമാണ് നാല് സന്യാസിനിമാരില്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമം നടന്നത്. ട്രെയിനില്‍ യാത്രചെയ്തു എന്നതല്ലാതെ, തങ്ങളുടെ സംസ്ഥാനവുമായി യാതൊരു ബന്ധവുമില്ലാത്ത നാല് പേര്‍ക്കെതിരെ ആ സംസ്ഥാനത്തിലെ മാത്രം നിയമപ്രകാരം കേസെടുക്കാന്‍ ശ്രമിക്കുക, കയ്യിലുണ്ടായിരുന്ന രേഖകള്‍ പരിശോധിച്ചപ്പോള്‍ ആരോപണം തെറ്റാണെന്ന് വ്യക്തമായി ബോധ്യമായിട്ടും ട്രെയിനില്‍നിന്ന് അവരെ കസ്റ്റഡിയില്‍ എടുക്കുകയും, വനിതാ പോലിസിന്റെ സാന്നിധ്യമില്ലാതെ ബലപ്രയോഗം നടത്തി ഇറക്കിക്കൊണ്ടു പോവുകയും ചെയ്യുക, അപരിചിതമായ ഒരു സ്ഥലത്തുവച്ച് നാല് സ്ത്രീകളെ അവഹേളിക്കാനായി വലിയൊരാള്‍ക്കൂട്ടത്തെ അനുവദിക്കുക തുടങ്ങി, ഇന്ത്യന്‍ റെയില്‍വേ യാത്രക്കാര്‍ക്ക് നല്‍കുന്ന സുരക്ഷിതത്വത്തെയും, ഇന്ത്യന്‍ ഭരണഘടന നല്‍കുന്ന പൗരാവകാശത്തെയും ആഴത്തില്‍ ചോദ്യം ചെയ്യുന്ന ഒന്നാണ്

ഈ സംഭവംമെന്നും കെസിബിസി വ്യക്തമാക്കി. റെയില്‍വേയും, കേന്ദ്ര സര്‍ക്കാരും, ഉത്തര്‍പ്രദേശ് സര്‍ക്കാരും ഈ സംഭവത്തെക്കുറിച്ചുള്ള പ്രത്യേക അന്വേഷണങ്ങള്‍ നടത്തുകയും കുറ്റക്കാരായവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുകയും വേണം. വിഷയത്തില്‍ ദേശീയ വനിതാ കമ്മീഷന്റെയും, മനുഷ്യാവകാശ കമ്മീഷന്റെയും ന്യൂനപക്ഷ കമ്മീഷന്റെയും ഇടപെടല്‍ വേണമെന്നും കെസിബിസി ആവശ്യപ്പെട്ടു.

Tags:    

Similar News