വി ജോയിയുടെ പോസ്റ്റര്‍ നശിപ്പിച്ച തര്‍ക്കം; ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ വീടുകയറി വെട്ടി ആര്‍എസ്എസ് പ്രവര്‍ത്തകര്‍
തിരുവനന്തപുരം: ആറ്റിങ്ങല്‍ പുളിമാത്ത് കമുകിന്‍കുഴിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി ജോയിയുടെ പോസ്റ്റര്‍ നശിപ്പിച്ചതുമായി ബന്ധപ്പെട്ട് ആര്‍എസ്എസ്-ഡിവൈഎഫ്‌ഐ സംഘര്‍ഷം. സംഘര്‍ഷത്തില്‍ ഒരു ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന് വെട്ടേറ്റു. ഡിവൈഎഫ്‌ഐ പുളിമാത്ത് മേഖലാ കമ്മിറ്റി അംഗവും കമുകിന്‍കുഴി സ്വദേശിയുമായ സുജിത്തിനാണ് (24) വെട്ടേറ്റത്.
ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. കമുകിന്‍കുഴി ജംഗ്ഷനില്‍ പതിച്ചിരുന്ന വി.ജോയിയുടെ പോസ്റ്റര്‍ കഴിഞ്ഞ ചൊവ്വാഴ്ച്ച പകല്‍ നശിപ്പിച്ചിരുന്നു. ഇതിന് പകരമായി ബുധനാഴ്ച വൈകിട്ട് 7 മണിയോടെ സുജിത്തടക്കമുള്ള ഡിവൈഎഫ്‌ഐ സിപിഐഎം പ്രവര്‍ത്തകര്‍ പോസ്റ്റര്‍ ഒട്ടിക്കാനെത്തിയപ്പോള്‍ ആര്‍എസ്എസ് പ്രവര്‍ത്തകരുമായി തര്‍ക്കം ഉണ്ടായി. ഇതിന്റെ തുടര്‍ച്ചയായാണ് സുജിത്തിനെ രാത്രി വീടുകയറി മാതാപിതാക്കളുടെ മുന്നില്‍ വച്ച് ആക്രമിച്ചത്. വെട്ടുകത്തിയും മണ്‍വെട്ടിയും സിമന്റ്കട്ടയും ഉപയോഗിച്ചായിരുന്നു ആക്രമണം. സുജിത്തിന്റെ കൈയ്ക്കാണ് വെട്ടേറ്റത്. തലയ്ക്കും ഗുരുതര പരിക്കുണ്ട്.
സുജിത്തിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രതീഷ്, ശശികുമാര്‍ തുടങ്ങിയ നാലോളം പ്രാദേശിക ആര്‍എസ്എസ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ആയിരുന്നു ആക്രമണമെന്ന് സുജിത്ത് പറയുന്നു.