വര്‍ക്കലയില്‍ യുവതിയെ തീ കൊളുത്തി കൊന്ന സംഭവം: ഭര്‍തൃമാതാവും അറസ്റ്റില്‍
സ്ത്രീധന ഗാര്‍ഹിക പീഡനത്തെ തുടര്‍ന്നാണ് യുവതിയെ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയതെന്ന് വര്‍ക്കല പോലിസ്
തിരുവനന്തപുരം: വര്‍ക്കലയില്‍ യുവതിയെ തീ കൊളുത്തി കൊന്ന സംഭവത്തില്‍ ഭര്‍തൃമാതാവും അറസ്റ്റില്‍. രാമന്തളി പുതുവല്‍ വീട്ടില്‍ ദീപുവിന്റെ ഭാര്യ നിഷയാണ് പൊള്ളലേറ്റ് ചികിത്സയിലിരിക്കെ മരിച്ചത്. ദീപുവിനെയും മാതാവ് സുഭദ്രയെയും പോലിസ് അറസ്റ്റു ചെയ്തു.സ്ത്രീധന ഗാര്‍ഹിക പീഡനത്തെ തുടര്‍ന്നാണ് യുവതിയെ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയതെന്ന് വര്‍ക്കല പോലിസ് പറയുന്നു.വര്‍ക്കല രാമന്തളി പുതുവല്‍ വീട്ടില്‍ ദീപുവിന്റെ ഭാര്യ നിഷയെ വെള്ളിയാഴ്ച ഉച്ചക്കായിരുന്നു ഭര്‍ത്താവും ഭര്‍തൃ മാതാവും ചേര്‍ന്ന് തീ കൊളുത്തിയത്. വിവാഹത്തിന് നിഷയുടെ വീട്ടുക്കാര്‍ നല്‍കിയ സ്വര്‍ണവും പണവും ഭര്‍ത്താവിന്റെ വീട്ടുകാരുടെ ആവശ്യത്തിനു എടുത്തു ഉപയോഗിച്ചതിന്റെ പേരില്‍ തുടങ്ങിയ വഴക്കാണ് ക്രൂര കൃത്യത്തില്‍ കലാശിച്ചത്.
പതിവായി മദ്യപിച്ചെത്തി ദീപു നിഷയെ മര്‍ദിക്കാറുണ്ടായിരുന്നെന്നും പോലിസ് പറയുന്നു.നിഷയുടെ ശരീരത്തില്‍ സുഭദ്ര മണ്ണെണ്ണയൊഴിക്കുകയും ദീപു തീകൊളുത്തുകയുമായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ നിഷയെ വര്‍ക്കല താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചെങ്കിലും ശനിയാഴ്ച രാവിലെ മരിച്ചു.നിഷയുടെ മരണ മൊഴിയുടെ അടിസ്ഥാനത്തില്‍ ദീപുവിനെ അന്നു തന്നെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. പിന്നാലെ സുഭദ്രയെയും അറസ്റ്റ് ചെയ്തു. കേസില്‍ സുഭദ്രയാണ് ഒന്നാം പ്രതി. ഇരുവരെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കൊട്ടാരക്കര പനവേലി സ്വദേശിനിയായ നിഷയെ കഴിഞ്ഞ വര്‍ഷമാണ് ദീപു വിവാഹം കഴിച്ചത്