ആലുവ പോലിസ് അകാരണമായി മര്‍ദ്ദിച്ചെന്ന് പ്രതിപക്ഷ നേതാവിന്റെ സ്റ്റാഫ് അംഗം

പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ സംഘടിപ്പിച്ച 'മകള്‍ക്കൊപ്പം' പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയ മൊഫിയയുടെ പിതാവിനെ വീട്ടില്‍ വിട്ടശേഷം ആലുവയില്‍ നില്‍ക്കവേയാണ് പോലിസ് അതിക്രമം ഉണ്ടായതെന്ന് അജ്മല്‍ ആരോപിച്ചു.

Update: 2021-12-04 15:43 GMT

ആലുവ: ആലുവ പോലിസ് അകാരണമായി മര്‍ദ്ദിച്ചെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ സ്റ്റാഫ് അംഗവും കെഎസ്‌യു സംസ്ഥാന ഭാരവാഹിയുമായ എ എ അജ്മല്‍ ആരോപിച്ചു. രാഷ്ട്രീയ വിരോധം തീര്‍ക്കാന്‍ പോലിസ് ശ്രമിച്ചാല്‍ നേരിടുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിച്ചു.

പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ സംഘടിപ്പിച്ച 'മകള്‍ക്കൊപ്പം' പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയ മൊഫിയയുടെ പിതാവിനെ വീട്ടില്‍ വിട്ടശേഷം ആലുവയില്‍ നില്‍ക്കവേയാണ് പോലിസ് അതിക്രമം ഉണ്ടായതെന്ന് അജ്മല്‍ ആരോപിച്ചു. രാത്രിയില്‍ റോഡില്‍ നില്‍ക്കുന്നത് എന്താണെന്ന് പോലിസ് ചോദിച്ചു. ഫോണ്‍ ചെയ്യുകയാണെന്നും പ്രതിപക്ഷ നേതാവിന്റെ സ്റ്റാഫാണെന്ന് അറിയിച്ചുവെങ്കിലും പോലിസ് മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് അജ്മല്‍ പറയുന്നത്.

കൈ ചുരുട്ടി മുഖത്തടിച്ചുവെന്നും വിവരം പറയാന്‍ ആലുവ എംഎല്‍എ അന്‍വര്‍ സാദത്തിനെ വിളിച്ചെങ്കിലും പോലിസ് ഫോണ്‍ പിടിച്ചുവാങ്ങിയെന്നും അജ്മല്‍ ആരോപിച്ചു. പോലിസിന്റെ ആക്രോശം ഫോണിലൂടെ കേട്ടതായി അന്‍വര്‍ സാദത്ത് എംഎല്‍എയും പറഞ്ഞു. ആലുവ പോലിസിന് ഭ്രാന്ത് പിടിച്ചുവെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പറഞ്ഞു.

അജ്മല്‍ ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സ തേടി. സംഭവത്തില്‍ പരാതിക്കാരന്റെ മൊഴി എടുക്കുമെന്ന് പോലിസ് വ്യക്തമാക്കി. സ്ഥലത്തെ സിസിടിവി ദൃശ്യങ്ങളും പരിശോധിക്കും.

Similar News