ചെന്നിത്തലയ്ക്കും ഷാജിക്കുമെതിരായ വിജിലന്‍സ് അന്വേഷണം; അനുമതി നല്‍കി സ്പീക്കര്‍
യുഡിഎഫ് ഭരണകാലത്ത് രമേശ് ചെന്നിത്തലയ്ക്ക് കോഴ നല്‍കിയിരുന്നതായി ബാര്‍ ഉടമ ബിജു രമേശ് വെളിപ്പെടുത്തിയിരുന്നു. ഇതനുസരിച്ച് ചെന്നിത്തലയ്‌ക്കെതിരേ വിജിലന്‍സ് അന്വേഷണത്തിന് അനുമതി ആവശ്യപ്പെട്ട് ആഭ്യന്തരവകുപ്പ് അപേക്ഷ നല്‍കിയിരുന്നു. ഈ അപേക്ഷയിലാണ് സ്പീക്കറുടെ തീരുമാനം.
തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കും മുസ്‌ലിം ലീഗ് എംഎല്‍എ കെ എം ഷാജിയ്ക്കുമെതിരായ വിജിലന്‍സ് അന്വേഷണത്തിന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ അനുമതി നല്‍കി. യുഡിഎഫ് ഭരണകാലത്ത് രമേശ് ചെന്നിത്തലയ്ക്ക് കോഴ നല്‍കിയിരുന്നതായി ബാര്‍ ഉടമ ബിജു രമേശ് വെളിപ്പെടുത്തിയിരുന്നു. ഇതനുസരിച്ച് ചെന്നിത്തലയ്‌ക്കെതിരേ വിജിലന്‍സ് അന്വേഷണത്തിന് അനുമതി ആവശ്യപ്പെട്ട് ആഭ്യന്തരവകുപ്പ് അപേക്ഷ നല്‍കിയിരുന്നു. ഈ അപേക്ഷയിലാണ് സ്പീക്കറുടെ തീരുമാനം.
ബാറുകളുടെ ലൈസന്‍സ് ഫീസ് കുറയ്ക്കാന്‍ ചെന്നിത്തലയ്ക്കും കോഴ കൊടുത്തെന്നായിരുന്നു ബിജു രമേശിന്റെ ആരോപണം. കോഴ വാങ്ങുന്ന സമയത്ത് രമേശ് ചെന്നിത്തല മന്ത്രിയല്ലാതിരുന്നതിനാല്‍ ഗവര്‍ണറുടെ അനുമതി ആവശ്യമില്ലെന്നും സ്പീക്കര്‍ അനുമതി നല്‍കിയാല്‍ മതിയെന്നും ആഭ്യന്തരവകുപ്പിന് നിയമോപദേശം കിട്ടിയിരുന്നു. ഇതനുസരിച്ചാണ് സ്പീക്കറുടെ നടപടി. അനധികൃത സ്വത്ത് സമ്പാദന കേസിലാണ് ലീഗ് എംഎല്‍എ കെ എം ഷാജിക്കെതിരേ അന്വേഷണം നടത്താനുള്ള സ്പീക്കറുടെ അനുമതി.
ഷാജിക്കെതിരേ അന്വേഷണം നടത്താന്‍ കോഴിക്കോട് വിജിലന്‍സ് കോടതി അനുമതി നല്‍കിയിരുന്നു. ഇതിലാണ് ഇന്ന് സ്പീക്കര്‍ തീരുമാനമെടുത്തത്. മറ്റ് രണ്ട് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരായ അന്വേഷണത്തിന് സ്പീക്കറുടെ തീരുമാനം വരാനുണ്ട്. വി ഡി സതീശന്‍ എംഎല്‍എയ്ക്കും ആലുവ എംഎല്‍എ അന്‍വര്‍ സാദത്തിനെതിരെയുമുള്ള അന്വേഷണങ്ങളാണ് ഇവ. പുനര്‍ജനി പദ്ധതിക്കുവേണ്ടി അനുമതി ഇല്ലാതെ വിദേശ സഹായം സ്വീകരിച്ചു എന്നതാണ് പരാതി. ഇതില്‍ അന്വേഷണത്തിന് അനുമതി വേണമെങ്കില്‍ കൂടുതല്‍ വിശദാംശങ്ങള്‍ വേണമെന്നതാണ് സ്പീക്കറുടെ നിലപാട്.
നാലുകോടിയുടെ പാലം പണിതീര്‍ക്കാന്‍ പത്തുകോടി ചെലവായെന്ന ആരോപണമാണ് അന്‍വര്‍ സാദത്ത് നേരിടുന്നത്. ഇതിലും കൂടുതല്‍ വിശദാംശങ്ങള്‍ വേണമെന്നാണ് സ്പീക്കറുടെ നിലപാട്. അന്വേഷണത്തിന് അനുമതി നല്‍കിയ സ്പീക്കറുടെ നടപടിക്കെതിരേ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രംഗത്തെത്തി. മുഖ്യമന്ത്രിയുടെ നിര്‍ദേശത്തിന് അനുസരിച്ച് തുള്ളുന്ന വെറും പാവയാണ് സ്പീക്കറെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി. വിജിലന്‍സ് അന്വേഷണം രാഷ്ട്രീയപ്രേരിതമാണെന്നത് വ്യക്തമാണ്. ഈ നടപടി പ്രതീക്ഷിച്ചതാണ്. ഇനിയും നേതാക്കള്‍ക്ക് നേരെ പ്രതികാരനടപടി പ്രതീക്ഷിക്കുന്നു. നടപടിയെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.