മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ വിജയന്‍ കണ്ണമ്പിള്ളി അന്തരിച്ചു
പത്രപ്രവര്‍ത്തനം ആരംഭിച്ച് കഷ്ടിച്ച് ഒരു വര്‍ഷം മാത്രം പിന്നിടുമ്പോള്‍ പ്രഖ്യാപിച്ച അടിയന്തരാവസ്ഥയ്ക്കെതിരേ അദ്ദേഹം ധീരമായ നിലപാട് സ്വീകരിച്ചു.
കൊച്ചി: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും ഫ്രീ പ്രസ് ജേണലിന്റെ മുന്‍ എഡിറ്ററുമായിരുന്ന വിജയന്‍ കണ്ണമ്പിള്ളി (72) അന്തരിച്ചു. വ്യാഴാഴ്ച ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.
മുന്‍ ഇന്ത്യന്‍ അംബാസഡര്‍ കെ എം കണ്ണമ്പിള്ളിയുടെയും കോണത്ത് മാധവി അമ്മയുടെയും മകനായി 1949-ലാണ് വിജയന്‍ കണ്ണമ്പിള്ളിയുടെ ജനനം. പത്രപ്രവര്‍ത്തനത്തിലേക്ക് തിരിയുന്നതിന് മുമ്പ് വിദ്യാര്‍ഥി കാലഘട്ടത്തില്‍ മാര്‍ക്സിസ്റ്റ് ചിന്താഗതിക്കാരനായിരുന്ന അദ്ദേഹം 1974-ല്‍ ദി ഇക്കണോമിക് ടൈംസില്‍ ചേര്‍ന്നു.
പത്രപ്രവര്‍ത്തനം ആരംഭിച്ച് കഷ്ടിച്ച് ഒരു വര്‍ഷം മാത്രം പിന്നിടുമ്പോള്‍ പ്രഖ്യാപിച്ച അടിയന്തരാവസ്ഥയ്ക്കെതിരേ അദ്ദേഹം ധീരമായ നിലപാട് സ്വീകരിച്ചു. പല ഇന്ത്യൻ മാധ്യമങ്ങളും മാധ്യമ പ്രവർത്തകരും രാഷ്ട്രീയ സമ്മർദത്തിന് വഴങ്ങിയ കാലഘട്ടമായിരുന്നു അത്.
1980-കളുടെ മധ്യത്തില്‍ അദ്ദേഹം ഫ്രീ പ്രസ് ജേണലില്‍ എഡിറ്ററായി. പിന്നീട് ബിസിനസ് ഇന്ത്യ പബ്ലിഷിംഗ് ഗ്രൂപ്പില്‍ പ്രവര്‍ത്തിക്കുന്നതിനായി അദ്ദേഹം പത്രപ്രവര്‍ത്തനം ഉപേക്ഷിച്ചു. കുട്ടിക്കാലത്തേ താല്പര്യമുള്ള ചിത്രകല പ്രവര്‍ത്തനങ്ങള്‍ പുരരാരംഭിച്ച അദ്ദേഹം കേരള പാചകത്തേക്കുറിച്ച് പുസ്തകവും എഴുതിയിട്ടുണ്ട്.
കെ അച്ചുതൻ (1997 ൽ മരണപ്പെട്ടു), പരം കണ്ണമ്പിളളി, ബാലചന്ദ്രൻ കണ്ണമ്പിള്ളി, മാവോയിസ്റ്റ് സൈദ്ധാന്തികൻ കെ മുരളി എന്നിവർ സഹോദരങ്ങളാണ്.