തൃശൂര്‍: സമ്മതിദാനാവകാശം വിനിയോഗിക്കേണ്ടതിന്റെ പ്രാധാന്യം ആളുകളിലേക്കെത്തിക്കുന്നതിനും വോട്ടിംഗ് സംബന്ധിച്ചുള്ള ആളുകളുടെ സംശയ ദുരീകരണത്തിനുമായി സ്വീപ്പിന്റെയും ശുചിത്വമിഷന്റെയും നേതൃത്വത്തില്‍ ജില്ലയില്‍ വോട്ട് വണ്ടി പര്യടനത്തിന് തുടക്കമായി.
തിരഞ്ഞെടുപ്പ് ഓഫിസറും സ്വിപ്പ് ചെയര്‍മാനുമായ ജില്ലാ കലക്ടര്‍ എസ് ഷാനവാസ് വോട്ട് വണ്ടി ഫ്‌ലാഗ് ഓഫ് ചെയ്തു.
സമ്മതിദായകരുടെ വോട്ടിങ് സംബന്ധമായ സംശയങ്ങള്‍ ദൂരികരിച്ച് വോട്ടിന്റെ പ്രധാന്യം ജനങ്ങളിലേക്ക് എത്തിക്കുക, ഹരിത തിരഞ്ഞെടുപ്പ് സന്ദേശം ജനങ്ങളില്‍ എത്തിക്കുക എന്നിവയ്ക്കാണ് വോട്ട് വണ്ടി പ്രധാന്യം നല്‍കുന്നത്.
പരിപാടിയിലേക്ക് ആളുകളെ കൂടുതലായി ആകര്‍ഷിക്കുന്നതിന് വാഹനത്തില്‍ തിരഞ്ഞെടുപ്പ് ബോധവല്‍ക്കരണവും ഹരിത തിരഞ്ഞെടുപ്പ് ഗാനവും പ്രയോജനപ്പെടുത്തുന്നുണ്ട്. നമ്മുടെ വോട്ടാണ് നമ്മുടെ രാജ്യത്തിന്റെ ശക്തി, വോട്ട് രേഖപ്പെടുത്തി ജനാധിപത്യത്തിന് ശക്തി പകരൂ എന്നീ സന്ദേശങ്ങള്‍ വോട്ടു വണ്ടിയിലൂടെ ജനങ്ങളിലെത്തിക്കും. വോട്ടിങ് മെഷീന്‍ പരിചയപ്പെടുന്നതിനും മാതൃകാ വോട്ടിങിനും പരിപാടിയുടെ ഭാഗമായി പൊതുജനങ്ങള്‍ക്ക് അവസരമൊരുക്കിയിട്ടുണ്ട്.
ജില്ലയിലെ 13 മണ്ഡലങ്ങളിലും വോട്ട് വണ്ടി പ്രചാരണം നടത്തും. വോട്ട് ചെയ്യാന്‍ ആളുകളെ പ്രേരിപ്പിച്ച് ജില്ലയില്‍ 100 ശതമാനം ഹരിത പോളിങ് ഉറപ്പാക്കുകയാണ് വോട്ട് വണ്ടിയുടെ ലക്ഷ്യം. കന്നി വോട്ടര്‍മാരുടെ സംശയങ്ങള്‍ ദൂരീകരിച്ച് വോട്ട് ചെയ്യാന്‍ പ്രോത്സഹനം നല്‍കും.
വോട്ടര്‍മാരുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കാന്‍ സ്വീപ്പിന്റെയും ശുചിത്വമിഷന്റെയും പ്രതിനിധികള്‍ വോട്ട് വണ്ടിയിലുണ്ടാകും.
കലക്ട്രേറ്റ് കോംപൗണ്ടില്‍ നടന്ന വോട്ട് വണ്ടി ഫ്‌ലാഗ് ഓഫ് പരിപാടിയില്‍ സ്വിപ്പ് നോഡല്‍ ഓഫീസര്‍ ബി ബാലഗോപാല്‍, ശുചിത്വമിഷന്‍, സ്വിപ്പ് പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.