പരിചയപ്പെട്ടത് ഫേസ്ബുക്ക് വഴി; കാറുമായി എത്തിയത് ശ്രീറാം വിളിച്ചതിനാലെന്നും യുവതി
രാത്രി 12.40 ഓടെ കാറുമായി കവടിയാറെത്തി. പിന്നീട് വാഹനമോടിച്ചത് ശ്രീറാം വെങ്കിട്ടരാമനാണ്. അമിത വേഗത്തിലായിരുന്നു ശ്രീറാം വാഹനമോടിച്ചത്. അമിത വേഗത്തിന് നേരത്തെയും വഫയുടെ പേരിലുള്ള കെ എല്‍ -1-ബിഎം 360 എന്ന കാറിന് മോട്ടോര്‍വാഹന വകുപ്പ് മൂന്നു തവണ പിഴ ചുമത്തിയിരുന്നു.
തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമനെ പരിചയപ്പെട്ടത് ഫേസ്ബുക്ക് വഴിയാണെന്ന് കാറിലുണ്ടായിരുന്ന മോഡൽ വഫാ ഫിറോസ്. മാധ്യമപ്രവർത്തകനായ കെ എം ബഷീര്‍ മരണപ്പെട്ട അപകടത്തിൽ കാറോടിച്ചത് ശ്രീറാം വെങ്കിട്ടരാമന്‍ തന്നെ ആണെന്ന് വഫ പോലിസിന് മൊഴി നല്‍കി. രാത്രി വിളിച്ച് ശ്രീറാം വെങ്കിട്ടരാമൻ വാഹനം ആവശ്യപ്പെട്ടതുകൊണ്ടാണ് ശ്രീറാമിന്‍റെ അടുത്തെത്തിയതെന്നും യുവതി മൊഴി നല്‍കി.
രാത്രി 12.40 ഓടെ കാറുമായി കവടിയാറെത്തി. പിന്നീട് വാഹനമോടിച്ചത് ശ്രീറാം വെങ്കിട്ടരാമനാണ്. അമിത വേഗത്തിലായിരുന്നു ശ്രീറാം വാഹനമോടിച്ചത്. അമിത വേഗത്തിന് നേരത്തെയും വഫയുടെ പേരിലുള്ള കെ എല്‍ -1-ബിഎം 360 എന്ന കാറിന് മോട്ടോര്‍വാഹന വകുപ്പ് മൂന്നു തവണ പിഴ ചുമത്തിയിരുന്നു.
കെഎം ബഷീറിന്‍റെ മരണത്തിലേക്ക് നയിച്ച വാഹനാപകടത്തില്‍ സര്‍വ്വേ വകുപ്പ് ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസ് പ്രതിയാകുമെന്ന് ഉറപ്പായി. അപകടമുണ്ടാക്കിയ കാര്‍ ഓടിച്ചിരുന്നത് തനിക്കൊപ്പമുണ്ടായ സുഹൃത്ത് വഫ ഫിറോസായിരുന്നു എന്നാണ് ശ്രീറാം ആദ്യം പോലിസിന് നല്‍കിയിരുന്ന മൊഴി. പിന്നാലെ ആരേയും പ്രതി ചേര്‍ക്കാതെ മനപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്കുള്ള വകുപ്പ് ചേര്‍ത്ത് പോലിസ് കേസെടുക്കുകയും ചെയ്തിരുന്നു.
എന്നാല്‍ വാഹമോടിച്ചത് ശ്രീറാം തന്നെയാണെന്നും അദ്ദേഹം മദ്യപിച്ചിരുന്നുവെന്നും സ്ഥിരീകരിക്കുന്ന ദൃക്സാക്ഷികളുടേയും അദ്ദേഹത്തെ പരിശോധിച്ച ഡോക്ടര്‍മാരുടേയും മൊഴികള്‍ പുറത്തുവന്നതോടെ പോലിസ് സമ്മര്‍ദ്ദത്തിലായി. ഒടുവില്‍ ശ്രീറാമിനൊപ്പം ഉണ്ടായിരുന്ന യുവതിയും അദ്ദേഹമാണ് വണ്ടിയോടിച്ചത് എന്നു മൊഴി നല്‍കിയതോടെ അപകടമുണ്ടാക്കിയത് ശ്രീറാമാണെന്ന വിവരം പോലിസ് സ്ഥിരീകരിച്ചത്. ശ്രീറാമിന്‍റെ മൊഴി ഡിസിപി രേഖപ്പെടുത്തിയിട്ടുണ്ട്. തിരുവനന്തപും കിംസ് ആശുപത്രിയിലുള്ള ശ്രീറാമിന്‍റെ രക്തസാംപിളുകളും ശേഖരിച്ചിട്ടുണ്ട്. അദ്ദേഹത്തെ ഉടനെ അറസ്റ്റ് ചെയ്യുമെന്നാണ് സൂചന.
നിലവില്‍ മനപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്കാണ് ശ്രീറാമിനെതിരെ കേസെടുത്തിരിക്കുന്നത്. കേസില്‍ പ്രതിയായതോടെ ശ്രീറാമിനെ ഇനി അറസ്റ്റ് ചെയ്യേണ്ടി വരുമെങ്കിലും അദ്ദേഹത്തിന് സ്റ്റേഷന്‍ ജാമ്യം ലഭിക്കും. അതേസമയം മദ്യപിച്ചു വാഹനമോടിച്ചതിന് കേസെടുത്താല്‍ പുതിയ മോട്ടോര്‍വാഹനവകുപ്പ് നിയമം അനുസരിച്ച് മൂന്ന് വര്‍ഷം വരെ തടവുശിക്ഷ ലഭിക്കുന്ന വകുപ്പിലായിരിക്കും അദ്ദേഹം പ്രതിയാവുക. പുതിയ നിയമം അനുസരിച്ച് ഇത്തരം കേസുകളില്‍ ലൈസന്‍സ് ആജീവനാന്തം സസ്പെന്‍ഡ് ചെയ്യുകയും കനത്ത പിഴ ഈടാക്കുകയും ചെയ്യും.
ഇന്നു പുലര്‍ച്ചെ ഒരു മണിയോടെയാണ് തിരുവനന്തപുരം മ്യൂസിയത്തിന് സമീപം വച്ച് ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്. ഡ്യൂട്ടി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങുകയായിരുന്ന സിറാജ് പത്രത്തിന്‍റെ തിരുവനന്തപുരം ബ്യൂറോ ചീഫ് കെഎം ബഷീര്‍ ഓടിച്ച ബൈക്കിലേക്ക് അമിത വേഗത്തിലെത്തിയ ശ്രീറാമിന്‍റെ കാര്‍ ഇടിക്കുകയായിരുന്നു.
മ്യൂസിയം പോലിസ് സ്റ്റേഷന് 50 മീറ്റര്‍ ദൂരത്തിലാണ് പുലര്‍ച്ചെ അപകടമുണ്ടായത്. ശ്രീറാം തന്നെ ആംബുലന്‍സ് വിളിച്ചു വരുത്താന്‍ പോലിസിനോട് ആവശ്യപ്പെട്ടു. ശേഷം കൂടെയാരുമില്ലാതെ ഒരാളെ ആശുപത്രിയിലേക്ക് കൊണ്ടു വരുന്നുണ്ടെന്നും വേണ്ട സഹായം ചെയ്യണമെന്നും തന്‍റെ വാഹനം ഇടിച്ചാണ് അപകടമുണ്ടായതെന്നും ശ്രീറാം വെങ്കിട്ടരാമന്‍ ആശുപത്രിയിലേക്ക് വിളിച്ചു പറഞ്ഞതായി സംഭവസ്ഥലത്തുണ്ടായിരുന്ന ദൃക്സാക്ഷികള്‍ പറയുന്നു.
എന്നാല്‍ ഇതിനുശേഷം ശ്രീറാം പോലിസിനോട് പറഞ്ഞത് തന്‍റെ സുഹൃത്താണ് വണ്ടിയോടിച്ചത് എന്നാണ്. തന്‍റെ കൈയ്ക്ക് വേദനയുണ്ടെന്ന് ശ്രീറാം വെങ്കിട്ടരാമന്‍ പറഞ്ഞതോടെ അദ്ദേഹത്തെ ജനറല്‍ ആശുപത്രിയിലെത്തിച്ചു. അവിടെ വച്ച് അദ്ദേഹത്തെ പരിശോധിച്ച ഡോക്ടര്‍ ഒപി ടിക്കറ്റില്‍ ശ്രീറാമിനെ മദ്യം മണക്കുന്നതായി എഴുതി. തുടര്‍ന്ന് വിശദമായ പരിശോധനയ്ക്കായി ശ്രീറാമിനെ മെഡി.കോളേജിലേക്ക് റഫര്‍ ചെയ്തു. എന്നാല്‍ താനല്ല വണ്ടിയോടിച്ചതെന്ന ശ്രീറാമിന്‍റെ മൊഴി വിശ്വസിച്ച പോലിസ് അദ്ദേഹത്തെ വിട്ടു. സുഹൃത്തുകളെ വിളിച്ചു വരുത്തിയ ശ്രീറാം അവര്‍ക്കൊപ്പം തിരുവനന്തപുരത്തെ ഒരു സ്വകാര്യആശുപത്രിയില്‍ എത്തി അവിടെ അഡ്മിറ്റായി.
തിരിച്ച് മ്യൂസിയം പോലിസ് സ്റ്റേഷനിലെത്തിയ ഉദ്യോഗസ്ഥര്‍ ശ്രീറാമിനൊപ്പമുണ്ടായിരുന്ന യുവതിയുടെ പേരും വിവരങ്ങളും എഴുതിവാങ്ങിയ ശേഷം അവരെ ഒരു ഓണ്‍ലൈന്‍ ടാക്സിയിലേക്ക് വീട്ടിലേക്ക് അയച്ച് കാര്യങ്ങള്‍ ഒരുവിധം ഒത്തുതീര്‍പ്പാക്കി. ഇതിനൊക്കെ ശേഷമാണ് വാഹനാപകടത്തില്‍ മരിച്ചത് മാധ്യമപ്രവര്‍ത്തകനായ ബഷീറാണെന്ന വിവരം പുറത്തു വരുന്നത്. സംഭവം മാധ്യമങ്ങള്‍ ഏറ്റെടുക്കുകയും അപകടത്തിലും തുടര്‍ന്നുള്ള സംഭവങ്ങളിലും ഇടപെട്ട സാക്ഷികളുടെ മൊഴികള്‍ മാധ്യമങ്ങള്‍ പുറത്തു കൊണ്ടുവരികയും ചെയ്തതോടെ പോലിസ് പ്രതിരോധത്തിലായി.
മാധ്യമപ്രവര്‍ത്തകന്‍റെ മരണത്തിലേക്ക് നയിച്ച അപകടത്തെ തുടര്‍ന്ന് സിറ്റിപൊലീസ് കമ്മീഷണര്‍, ജോയിന്റ് കമ്മീഷണര്‍ തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥര്‍ മ്യൂസിയം പൊലീസ് സ്റ്റേഷനിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി. തുടർന്ന് സംഭവത്തില്‍ വിശദമായ അന്വേഷണം പോലിസ് ആരംഭിച്ചു. രാവിലെ എട്ട് മണിയോടെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത പോലിസ് ശ്രീറാമിനൊപ്പം കാറിലുണ്ടായിരുന്ന പട്ടം മരപ്പാലം സ്വദേശിനി വഫ ഫിറോസിനെ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി. സംഭവത്തിന്‍റെ ഗൗരവം മനസിലായതോടെ താനല്ല ശ്രീറാം തന്നെയാണ് വണ്ടിയോടിച്ചതെന്ന് ഇവർ മൊഴി നൽകി. യുവതിയെ പിന്നീട് ജനറല്‍ ആശുപത്രിയിലെത്തിച്ച പോലിസ് രക്തസാംപിള്‍ ശേഖരിച്ചെങ്കിലും ഇവരുടെ രക്തത്തില്‍ മദ്യത്തിന്‍റെ അംശം കണ്ടെത്തിയിട്ടില്ല.