വഖഫ് ബോര്‍ഡ് നിയമനം: ആശങ്ക സര്‍ക്കാര്‍ പരിഹരിക്കണം: പിഡിപി
പിഎസ്‌സി നിയമനത്തിലൂടെ സമുദായത്തിന് നഷ്ടം ഉണ്ടാവുകയില്ലെന്ന സര്‍ക്കാര്‍ നിലപാട് ബോധ്യപ്പെടുത്താന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്.
കോഴിക്കോട്: വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പിഎസ്‌സിക്ക് വിടാന്‍ സര്‍ക്കാര്‍ നിലപാട് സ്വീകരിച്ചത് വേണ്ടത്ര കൂടിയാലോചനകള്‍ നടത്താതെയാണോ എന്നത് ഗൗരവമായി പരിശോധിക്കപ്പെടണം.
വഖഫ് സ്വത്തുക്കള്‍ വിശ്വാസപരമായി കൈകാര്യം ചെയ്യപ്പെടേണ്ടതാണ്. മുമ്പും സ്വകാര്യ ട്രസ്റ്റ് പോലെ വഖഫ് സ്വത്തുക്കളും വകുപ്പ് നിയമനങ്ങളും കൈകാര്യം ചെയ്യപ്പെടുകയും ദുരുപയോഗപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. വിശ്വാസികള്‍ കൈകാര്യം ചെയ്യപ്പെടേണ്ട വഖഫ് , ദേവസ്വം വകുപ്പുകളിലെ നിയമന കാര്യത്തില്‍ വ്യത്യസ്ത നിലപാട് സ്വീകരിച്ചത് സാമുദായിക ധ്രുവീകരണത്തിന് ഇടവരുത്തും.
പിഎസ്‌സി നിയമനത്തിലൂടെ സമുദായത്തിന് നഷ്ടം ഉണ്ടാവുകയില്ലെന്ന സര്‍ക്കാര്‍ നിലപാട് ബോധ്യപ്പെടുത്താന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്. അധികാരം നഷ്ടപ്പെട്ട പ്രതിപക്ഷ കക്ഷികള്‍ക്ക് സര്‍ക്കാരിനെതിരെ വിശ്വാസി സമൂഹത്തെ വൈകാരികമായി രംഗത്തിറക്കാന്‍ കഴിയുന്ന തരത്തില്‍ നയങ്ങളും നിലപാടുകളും സ്വീകരിക്കുന്നതും അത് സമുദായ നേതൃത്വത്തോട് കൃത്യമായി ബോധ്യപ്പെടുത്താന്‍ യഥാസമയം ബന്ധപ്പെട്ടവര്‍ ശ്രമിക്കാതെ വരികയും ചെയ്യുന്നത് കേരളം നിലനിര്‍ത്തിപ്പോരുന്ന മതേതരത്വ ജനാധിപത്യ മൂല്യങ്ങള്‍ക്കും സാമൂഹിക ചുറ്റുപാടുകളില്‍ ധ്രുവീകരണത്തിനും കാരണമാകും.
സമീപകാലത്തായി സര്‍ക്കാര്‍ സ്വീകരിക്കുന്ന പല നിലപാടുകളും ന്യൂനപക്ഷ വിരുദ്ധമാണെന്ന് പ്രചരിപ്പിക്കപ്പെടുന്ന സാഹചര്യത്തില്‍ നയങ്ങളും നിലപാടുകളും രൂപപ്പെടുത്തുമ്പോള്‍ വേണ്ടത്ര ഗൗരവത്തില്‍ ചര്‍ച്ച ചെയ്യപ്പെടണം. മുസ്‌ലിം സമുദായ നേതൃത്വം അഭിപ്രായം പറയേണ്ട വിഷയങ്ങള്‍ മുസ്‌ലിം ലീഗ് ഹൈജാക്ക് ചെയ്യുകയും രാഷ്ട്രീയമായി ഉപയോഗിക്കുകയും ചെയ്യുന്നത് വഴി സമുദായ നേതൃത്വത്തിന് മതിയായ പരിഗണന ലഭിക്കാതെ പോകുന്നത് തിരിച്ചറിയണം.
അന്യാധീനപ്പെട്ട വഖഫ് സ്വത്തുക്കള്‍ തിരിച്ച് പിടിക്കാന്‍ നടപടിയുണ്ടാകണം. വഖഫ് ബോര്‍ഡ് പിഎസ്‌സി നിയമന കാര്യത്തില്‍ മുസ്ലിം സമുദായ നേതൃത്വത്തിന്റെ ആശങ്കകള്‍ പരിഹരിച്ച് കൊണ്ട് നിയമം നടപ്പിലാക്കണമെന്ന് പിഡിപി സംസ്ഥാന ജനറല്‍ സെക്രട്ടറി സാബു കൊട്ടാരക്കര പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.