വഖ്ഫ് ബോര്‍ഡ്: പ്രക്ഷോഭ പരിപാടികള്‍ തല്‍ക്കാലം നിര്‍ത്തിവയ്ക്കുമെന്ന് മെക്ക
കോഴിക്കോട്: വഖ്ഫ് ബോര്‍ഡ് നിയമനം പിഎസ്‌സിക്ക് വിടാനുള്ള നിയമം അടുത്തുചേരുന്ന നിയമസഭാ സമ്മേളനത്തില്‍ പിന്‍വലിക്കുമെന്ന പ്രതീക്ഷയില്‍ മുഖ്യമന്ത്രിയുടെ വാക്ക് വിശ്വസിച്ച്, ഇപ്പോള്‍ നടത്തിവരുന്ന പ്രത്യക്ഷ സമരപരിപാടികള്‍ തല്‍ക്കാലം തുടരേണ്ടതില്ലെന്ന് എറണാകുളത്ത് ചേര്‍ന്ന മെക്ക സംസ്ഥാന കൗണ്‍സില്‍ യോഗം തീരുമാനിച്ചു. വിഷയത്തില്‍ ശാശ്വത പരിഹാരം, വിവാദ നിയമം സഭയില്‍ പിന്‍വലിക്കല്‍ മാത്രമാണ്. ഫെബ്രുവരിയില്‍ ചേരുന്ന ബജറ്റ് സമ്മേളനം വരെയെങ്കിലും കാത്തിരിക്കുകയെന്നത് സര്‍ക്കാരിന് ചര്‍ച്ചയ്ക്കും തീരുമാനങ്ങള്‍ക്കും സമയമനുവദിക്കുക എന്ന ന്യായമായ കാര്യമാണ്. ബജറ്റ് സമ്മേളനം വരെ സമുദായം പ്രതീക്ഷയോടെ കാത്തിരിക്കും.
യാതൊരു കാരണവശാലും മുസ്‌ലിം സംഘടനകള്‍ക്കുള്ളിലും പരസ്പരവും ഭിന്നിപ്പിനും ശൈഥില്യത്തിനും അനൈകൃത്തിനും ഇടവരുത്തരുത്. വഖ്ഫ് വിഷയത്തില്‍ ശാശ്വത പരിഹാരത്തിനായി മുസ്‌ലിം സമൂഹം ഒറ്റക്കെട്ടായി ചര്‍ച്ചകളിലൂടെ ഏകീകൃത തീരുമാനത്തിലെത്തിച്ചേരാന്‍ ബന്ധപ്പെട്ട മുഴുവന്‍ പേരും സഹകരിച്ചുപ്രവര്‍ത്തിക്കണമെന്നും കൗണ്‍സില്‍ യോഗം അഭ്യര്‍ഥിച്ചു. സച്ചാര്‍- പാലൊളി കമ്മിറ്റി ശിപാര്‍ശകള്‍ പ്രകാരമുള്ള സ്‌കോളര്‍ഷിപ്പുകള്‍ നൂറു ശതമാനവും മുസ്‌ലിംകള്‍ക്ക് നീക്കിവയ്ക്കണം. ഇതര സ്‌കോളര്‍ഷിപ്പുകളും ആനുകൂല്യങ്ങളും ജനസംഖ്യാനുപാതികമായി അര്‍ഹരായ മുഴുവന്‍ അപേക്ഷകര്‍ക്കും അനുവദിക്കണം. ഇക്കാര്യത്തില്‍ സമഗ്രവും കുറ്റമറ്റതുമായ നിയമ നിര്‍മാണം നടത്തണം.
സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ ഫയല്‍ ചെയ്തിട്ടുള്ള അപ്പീലില്‍ ആത്മാര്‍ഥതയുള്ള പക്ഷം അതനുസരിച്ചുള്ള നിയമനിര്‍മാണമാണ് പോംവഴിയെന്നും കൗണ്‍സില്‍ നിര്‍ദേശിച്ചു. മുന്നാക്ക പിന്നാക്ക, ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പുകള്‍ക്കുള്ള മാനദണ്ഡങ്ങളും തുകയും ഏകീകരിച്ച് നിലവിലുള്ള അസന്തുലിതാവസ്ഥയ്ക്ക് പരിഹാരമുണ്ടാക്കണം. അര്‍ഹരായ മുഴുവന്‍ അപേക്ഷകര്‍ക്കും ലഭിക്കും വിധം ബജറ്റ് വിഹിതം ഓരോ വിഭാഗത്തിനും ഉറപ്പുവരുത്തണം.
ജനുവരി മുതല്‍ മാര്‍ച്ച് 31 വരെ മെക്കയുടെ അടിത്തറയും അംഗബലവും വിപുലീകരിച്ച് താലൂക്ക്- ജില്ലാ തല കൗണ്‍സിലും സമ്മേളനവും വിളിച്ചു ചേര്‍ത്ത് പ്രവര്‍ത്തനം ഊര്‍ജിതമാക്കാനും താലൂക്ക്, ജില്ലാ കമ്മിറ്റികള്‍ പുനസ്സംഘടിപ്പിക്കുവാനും മെയ് രണ്ടാം വാരം സംസ്ഥാന വാര്‍ഷിക സമ്മേളനം നടത്താനും തീരുമാനിച്ചു. സംസ്ഥാന പ്രസിഡന്റ് പ്രഫ. ഇ അബ്ദുല്‍ റഷീദ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എന്‍ കെ അലി റിപോര്‍ട്ടും സി ബി കുഞ്ഞുമുഹമ്മദ് സാമ്പത്തിക സ്ഥിതിയും അവതരിപ്പിച്ചു.
എം എ ലത്തീഫ്, കെ എം അബ്ദുല്‍ കരിം, എ എസ് എ റസ്സാഖ്, സി എച്ച് ഹംസ, ഫാറൂഖ് എന്‍ജിനീയര്‍, ടി എസ് അസീസ്, എ മഹ്മൂദ്, അബ്ദുല്‍ സലാം ക്ലാപ്പന, സി ടി കുഞ്ഞയമു, എം എം നൂറുദ്ദീന്‍, എം അഖ്‌നിസ്, എ ഐ മുബീന്‍, പി എം എ ജബ്ബാര്‍, സി എം എ ഗഫൂര്‍, പി എസ് അഷറഫ്, നാസറുദ്ദീന്‍ മന്നാനി, മുഹമ്മദ് നജീബ്, എം എ അനീസ്, എന്‍ജിനീയര്‍ ടി ഗഫൂര്‍, വി പി സക്കീര്‍, വി കെ അലി, എം പി മുഹമ്മദ്, ഷംസുദ്ദീന്‍, കെ എം സലിം, യൂനസ് കൊച്ചങ്ങാടി തുടങ്ങിയവര്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു. പത്ത് ജില്ലകളില്‍നിന്നുള്ള 73 പ്രതിനിധികള്‍ കൗണ്‍സില്‍ യോഗത്തില്‍ സംബന്ധിച്ചു.