ജലനിരപ്പ് കുറഞ്ഞു; മുല്ലപ്പെരിയാര്‍ ഡാമിന്റെ രണ്ട് ഷട്ടറുകള്‍ അടച്ചു

Update: 2021-11-24 02:39 GMT

ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ രണ്ട് ഷട്ടറുകള്‍ അടച്ചു. ഇപ്പോള്‍ അഞ്ച് ഷട്ടറുകള്‍ 30 സെന്റീമീറ്റര്‍ വീതമാണ് തുറന്നിരിക്കുന്നത്. നിലവില്‍ 141.50 അടിയാണ് മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ്. കനത്തമഴയെത്തുടര്‍ന്ന് ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതോടെ ഇന്നലെ രാത്രിയാണ് മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ഏഴ് ഷട്ടറുകള്‍ തമിഴ്‌നാട് തുറന്നത്. വൃഷ്ടി പ്രദേശത്ത് പെയ്ത മഴയെത്തുടര്‍ന്ന് വൈകീട്ട് ആറ് മണി മുതലാണ് ജലനിരപ്പ് ഉയര്‍ന്നുതുടങ്ങിയത്. ഏഴ് ഷട്ടറുകളില്‍ മൂന്നെണ്ണം 60 ഉം നാലെണ്ണം 30 സെന്റീമീറ്ററുമാണ് ഉയര്‍ത്തിയിരുന്നത്.

സെക്കന്റില്‍ 3,949 ഘനയടി വെള്ളമാണ് പെരിയാറിലേക്ക് ഒഴുക്കിവിട്ടത്. ഇതെത്തുടര്‍ന്ന് പെരിയാര്‍ നദിയിലെ ജലനിരപ്പ് രണ്ടടിയിലധികം ഉയര്‍ന്നു. രാവിലെയോടെ ആറും ഏഴും ഷട്ടറുകള്‍ അടയ്ക്കുകയായിരുന്നു. കൂടാതെ 2, 3, 4 ഷട്ടറുകള്‍ 60 സെന്റീമീറ്ററില്‍നിന്ന് 30 സെന്റീ മീറ്ററായി താഴ്ത്തുകയും ചെയ്തു. മഴ കനത്തതോടെ ആളിയാര്‍ ഡാമിന്റെ 11 ഷട്ടറുകള്‍ 21 സെന്റീ മീറ്റര്‍ വീതം ഉയര്‍ത്തിയതായി പറമ്പിക്കുളം ആളിയാര്‍ സബ് ഡിവിഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. 4,500 ക്യൂസെക്‌സ് ജലമാണ് തുറന്നുവിടുന്നത്.

ആളിയാര്‍ പ്രദേശത്ത് മഴ തുടരുന്ന സാഹചര്യത്തില്‍ നദിയിലൂടെയുള്ള നീരൊഴുക്ക് വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ ബന്ധപ്പെട്ട പുഴയോരങ്ങളില്‍ താമസിക്കുന്ന ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി അധികൃതര്‍ അറിയിച്ചു. ഇടുക്കി നെടുംകണ്ടം കല്ലാര്‍ ഡാമിലെ രണ്ട് ഷട്ടറുകള്‍ 10 സെന്റീമീറ്റര്‍ വീതമാണ് ഉയര്‍ത്തിയിട്ടുള്ളത്. 10 ഘനയടി ജലം ഒഴുക്കിവിടുകയാണ്. കല്ലാര്‍, ചിന്നാര്‍ പുഴയുടെ ഇരുകരകളില്‍ താമസിക്കുന്ന ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചിട്ടുണ്ട്.

Tags:    

Similar News