ജലനിരപ്പ് ഉയരാന്‍ സാധ്യത: ആലപ്പുഴ ജില്ലയില്‍ 100 ക്യാംപുകള്‍ തുറന്നു ;കൂടുതല്‍ പേര്‍ ക്യാംപുകളിലേക്ക്

2001 കുടുംബങ്ങളിലെ 7126 പേരാണ് ക്യാംപുകളില്‍ കഴിയുന്നത്.അടിയന്തര സാഹചര്യമുണ്ടായാല്‍ ആളുകളെ ക്യാംപുകളിലേക്ക് മാറ്റുന്നതിന് ജില്ലയില്‍ ആകെ 53 ബോട്ടുകളും രണ്ട് ആംബുലന്‍സ് ബോട്ടുകളും സജ്ജമാക്കിയിട്ടുണ്ട്. ജലഗതാഗത വകുപ്പിന്റെ 18 സര്‍വീസ് ബോട്ടുകളും ആവശ്യമെങ്കില്‍ ഉപയോഗിക്കും

Update: 2021-10-19 15:54 GMT

ആലപ്പുഴ: ജലനിരപ്പ് ഉയരാനുള്ള സാധ്യത മുന്നില്‍ കണ്ട് ആലപ്പുഴ ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളില്‍ നിന്ന് കൂടുതല്‍ ആളുകളെ ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റുന്നതിന് നടപടികള്‍ ഊര്‍ജ്ജിതമാക്കി. ഇന്ന് വൈകിട്ട് ഏഴു വരെ ജില്ലയില്‍ 100 ക്യാംപുകള്‍ തുറന്നു. 2001 കുടുംബങ്ങളിലെ 7126 പേരാണ് ക്യാംപുകളില്‍ കഴിയുന്നത്.ജില്ലയുടെ ചുമതലയുള്ള ഫിഷറീസ്,സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍, കൃഷി മന്ത്രി പി പ്രസാദ്, എ എം ആരിഫ് എംപി, ജില്ലാ കലക്ടര്‍ എ അലക്‌സാണ്ടര്‍ എന്നിവര്‍ ക്യാംപുകള്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി.

ക്യാംപുകളില്‍ അടിസ്ഥാന സൗകര്യങ്ങളും അവശ്യ വസ്തുക്കളും ഉറപ്പാക്കണമെന്ന് ജില്ലാ കലക്ടര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. കൊവിഡ് പ്രതിരോധ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചാണ് ക്യാംപുകള്‍ സജ്ജീകരിച്ചിരിക്കുന്നത്.അടിയന്തര സാഹചര്യമുണ്ടായാല്‍ ആളുകളെ ക്യാംപുകളിലേക്ക് മാറ്റുന്നതിന് ജില്ലയില്‍ ആകെ 53 ബോട്ടുകളും രണ്ട് ആംബുലന്‍സ് ബോട്ടുകളും സജ്ജമാക്കിയിട്ടുണ്ട്. ജലഗതാഗത വകുപ്പിന്റെ 18 സര്‍വീസ് ബോട്ടുകളും ആവശ്യമെങ്കില്‍ ഉപയോഗിക്കും. കിടപ്പുരോഗികളെ ക്യാംപുകളിലേക്ക് മാറ്റുന്നതിനുവേണ്ടി മൂന്ന് ആംബുലന്‍സുകള്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ആരോഗ്യ വകുപ്പിന് നല്‍കി.

ക്യാംപുകളുടെ ഏകോപനത്തിന് പ്രത്യേക സംവിധാനം

ജില്ലയിലെ ദുരിതാശ്വാസ ക്യാംപുകളുടെ നടത്തിപ്പ് ഏകോപിപ്പിക്കുന്നതിന് പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തി. ജില്ലാ വികസന കമ്മീഷണര്‍ എസ് അഞ്ജുവാണ് നോഡല്‍ ഓഫീസര്‍. നോഡല്‍ ഓഫീസറെ സഹായിക്കുന്നതിന് ജില്ലാ പ്ലാനിംഗ് ഓഫീസറും പ്ലാനിംഗ് ഓഫീസ് ജീവനക്കാരെയും നിയോഗിച്ചു.

സ്പില്‍വേയിലെ തടസം നീക്കുന്നു

തോട്ടപ്പള്ളി സ്പില്‍വേയില്‍ മാലിന്യങ്ങളും പായലും അടിഞ്ഞുകൂടി നീരൊഴുക്ക് തടസപ്പെടുന്ന സാഹചര്യം ഒഴിവാക്കുന്നതിന് രാപ്പകല്‍ ജാഗ്രത ഏര്‍പ്പെടുത്തി. ഷട്ടറുകളില്‍ തടഞ്ഞുനിന്നിരുന്ന മാലിന്യങ്ങള്‍ ഹിറ്റാച്ചി ഉപയോഗിച്ച് എടുത്ത് മറുഭാഗത്തേക്ക് നിക്ഷേപിക്കുന്ന ജോലി ഇന്നലെ രാവിലെ മുതല്‍ നടന്നുവരികയാണ്.

ജില്ലാ കലക്ടറുടെ മേല്‍നോട്ടത്തിലായിരുന്നു നടപടികള്‍. സ്പില്‍വേയിലെ ഷട്ടറുകളുടെ കേടുപാടുകള്‍ പരിഹരിച്ചിട്ടുണ്ട്.മന്ത്രി സജി ചെറിയാന്‍ സ്ഥലത്തെത്തി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. മാലിന്യ നീക്കം തുടരുന്നതിനായി രാത്രി സ്പില്‍വേ പാലത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി.

പെരുമാങ്കര, പാണ്ടി, മുടിക്കുഴി പാലങ്ങളുടെ ചുവട്ടില്‍ അടിഞ്ഞിരുന്ന മാലിന്യങ്ങളും നീക്കം ചെയ്തു. ഇതോടെ ഈ മേഖലകളില്‍ നീരൊഴുക്ക് സുഗമമമായിട്ടുണ്ട്. വീണ്ടും മാലിന്യങ്ങള്‍ അടിയുന്ന സാഹചര്യം ഒഴിവാക്കുന്നതിന് എല്ലാ പാലങ്ങളുടെയും സ്ഥിതി പരിശോധിക്കണമെന്ന് ജില്ലാ കലക്ടര്‍ ജലസേചന വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.

Tags:    

Similar News