മലപ്പുറത്ത് അവശനിലയില്‍ കണ്ടെത്തിയ കാട്ടാന ചരിഞ്ഞു

ഒരാഴ്ച മുമ്പാണ് ആര്‍ത്തലക്കുന്നിലെ ജനവാസമേഖലയില്‍ കാട്ടാനയെ അവശനിലയില്‍ കണ്ടെത്തിയത്.

Update: 2020-06-08 06:45 GMT

മലപ്പുറം: കരുവാരക്കുണ്ട് ആര്‍ത്തലക്കുന്നില്‍ അവശനിലയില്‍ കണ്ടെത്തിയ കാട്ടാന ചരിഞ്ഞു. ഒരാഴ്ച മുമ്പാണ് ആര്‍ത്തലക്കുന്നിലെ ജനവാസമേഖലയില്‍ കാട്ടാനയെ അവശനിലയില്‍ കണ്ടെത്തിയത്. അവശനിലയിലായ ആനയെ കാട്ടിലേക്ക് തിരിച്ചയക്കാനുള്ള ശ്രമങ്ങളെല്ലാം പരാജയപ്പെട്ടിരുന്നു. തുടര്‍ന്ന് ജൂണ്‍ നാലിനാണ് ആനയ്ക്ക് വനംവകുപ്പിന്റെ നേതൃത്വത്തില്‍ ചികില്‍സ ആരംഭിച്ചത്.

ആനയെ നിരീക്ഷിക്കാന്‍ വനപാലകരുടെ നേതൃത്വത്തില്‍ കാവലും ഏര്‍പ്പെടുത്തി. ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ടായതിനെത്തുടര്‍ന്ന് ആന വെള്ളം കുടിക്കാന്‍ ആരംഭിച്ചിരുന്നു. തുടര്‍ന്ന് ഞായറാഴ്ച ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ സുരേന്ദ്രനാഥ്, ചീഫ് ഫോറസ്റ്റ് വെറ്ററിനറി സര്‍ജന്‍ ഡോ. അരുണ്‍ സക്കറിയ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം കരുവാരക്കുണ്ടിലെത്തി ആനയ്ക്ക് ചികില്‍സ നല്‍കിയിരുന്നു.

മറ്റാനകളുമായുള്ള ഏറ്റുമുട്ടലില്‍ വായിലും ഉദരത്തിലുമാണ് ആനയ്ക്ക് പരിക്കേറ്റിരുന്നത്. ഇതിനുള്ള ചികില്‍സ നല്‍കിവരവെയാണ് ഇന്ന് രാവിലെയോടെ ആന മരണത്തിന് കീഴടങ്ങിയത്. ആന ചരിഞ്ഞ പശ്ചാത്തലത്തില്‍ വനംവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചുവരികയാണ്. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ആനയുടെ മൃതദേഹം സംസ്‌കരിക്കും.  

Tags:    

Similar News