ചാര്‍ട്ടേഡ് വിമാനയാത്രക്ക് കൊവിഡ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന ഉത്തരവ് പിന്‍വലിക്കണം: വിസ്ഡം

വന്ദേ ഭാരത് പദ്ധതിക്ക് വരുന്ന നടപടിക്രമങ്ങള്‍ തന്നെ ചാര്‍ട്ടേഡ് വിമാനയാത്രക്കാര്‍ക്കും ബാധകമാക്കണം.ഒരേ രാജ്യത്ത് നിന്നും വരുന്നവര്‍ക്ക് തന്നെ രണ്ട് വിധത്തിലുള്ള പ്രോട്ടോക്കോള്‍ നടപ്പാക്കുന്നത് ശരിയല്ല.

Update: 2020-06-15 16:16 GMT

കോഴിക്കോട്: ഗള്‍ഫ് രാഷ്ട്രങ്ങളില്‍ നിന്നും ചാര്‍ട്ടേഡ് വിമാനത്തില്‍ കേരളത്തിലേക്ക് യാത്ര ചെയ്യണമെങ്കില്‍ കൊവിഡ് ബാധിതനല്ലെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് വേണമെന്ന ഉത്തരവ് പിന്‍വലിക്കണമെന്ന് വിസ്ഡം ഇസ് ലാമിക് ഓര്‍ഗനൈസേഷന്‍ സംസ്ഥാന പ്രസിഡന്റ് പി എന്‍ അബ്ദുല്‍ ലത്തീഫ് മദനി, ജന:സെക്രട്ടറി ടി കെ അഷറഫ് എന്നിവര്‍ ആവശ്യപ്പെട്ടു.

വന്ദേ ഭാരത് പദ്ധതിക്ക് വരുന്ന നടപടിക്രമങ്ങള്‍ തന്നെ ചാര്‍ട്ടേഡ് വിമാനയാത്രക്കാര്‍ക്കും ബാധകമാക്കണം.ഒരേ രാജ്യത്ത് നിന്നും വരുന്നവര്‍ക്ക് തന്നെ രണ്ട് വിധത്തിലുള്ള പ്രോട്ടോക്കോള്‍ നടപ്പാക്കുന്നത് ശരിയല്ല.

നിലവില്‍ മാതൃരാജ്യത്തേക്ക് മടങ്ങാന്‍ രജിസ്റ്റര്‍ ചെയ്തവരില്‍ ഭൂരിപക്ഷവും തൊഴില്‍ നഷ്ടപ്പെട്ടവരോ, മറ്റു ദുരിതം അനുഭവിക്കുന്നവരോ ആണെന്നത് സര്‍ക്കാര്‍ മറക്കരുത്.

ഗള്‍ഫ് രാഷ്ട്രങ്ങളിലെ ആരോഗ്യ പരിപാലനരീതി, സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കുന്നതിനുള്ള സൗകര്യങ്ങള്‍, സാമ്പത്തിക ബാദ്ധ്യത, കാലതാമസം എന്നിവ പരിഗണിക്കാതെയാണ് പ്രവാസികളായ പൗരന്മാരെ കൂടുതല്‍ ദുരിതത്തിലാക്കുന്ന ഈ നിര്‍ദ്ദേശം സര്‍ക്കാര്‍ മുന്നോട്ട് വെച്ചത്.

നാട്ടിലെത്തിയാല്‍ കര്‍ശനമായ ക്വാറന്റെയ്ന്‍ സംവിധാനം ഒരുക്കുന്നത് കൊണ്ട് തന്നെ സര്‍ക്കാര്‍ മുന്നോട്ട് വെക്കുന്ന ആശങ്കകള്‍ക്ക് തടയിടാനാകുമെന്നും ഭാരവാഹികള്‍ പറഞ്ഞു.

നാട്ടിലേക്ക് മടങ്ങുന്നതിന് രജിസ്റ്റര്‍ ചെയ്തവരെ മുന്‍ഗണനാക്രമം അനുസരിച്ച് അടിയന്തിര പ്രാധാന്യത്തോടെ നാട്ടിലെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ ത്വരിതപ്പെടുത്തണമെന്ന് ഇരുവരും ആവശ്യപ്പെട്ടു. 

Tags:    

Similar News