പൊതുമരാമത്ത് പ്രവൃത്തികളുടെ പൂര്‍ത്തീകരണത്തിന് വര്‍ക്കിങ് കലണ്ടര്‍ നടപ്പാക്കും: മന്ത്രി പി എ മുഹമ്മദ് റിയാസ്

ഹൈക്കോടതി പരാമര്‍ശിച്ച റോഡുകളില്‍ ഒന്നു മാത്രമാണ് പൊതുമരാമത്ത് റോഡ്. വാട്ടര്‍ അതോറിറ്റിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിലാണ് കോടതി ഇടപെടലുണ്ടായത്.

Update: 2021-11-26 12:16 GMT

മലപ്പുറം: പൊതുമരാമത്ത് പ്രവൃത്തികളുടെ പൂര്‍ത്തീകരണത്തിന് വര്‍ക്കിങ് കലണ്ടര്‍ നടപ്പാക്കുമെന്ന് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. മഴക്കാലത്ത് പദ്ധതി തയ്യാറാക്കുകയും മഴ കഴിയുന്നതോടെ പ്രവൃത്തി ആരംഭിക്കുകയും ചെയ്യുന്ന വിധത്തിലാണ് കലണ്ടര്‍ ക്രമീകരിക്കുക. മലപ്പുറം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഡിസ്ട്രിക്റ്റ് ഇന്‍ഫ്രാ സ്ട്രക്ച്ചര്‍ കോര്‍ഡിനേഷന്‍ കമ്മിറ്റി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രവൃത്തികള്‍ കൂടുതല്‍ സുതാര്യവും കാര്യക്ഷമവുമാക്കുന്നതിനായുള്ള നടപടികള്‍ തുടരും. ശുദ്ധജല വിതരണ പൈപ്പ് സ്ഥാപിക്കുന്നതിനായി വെട്ടിപ്പൊളിക്കുന്ന റോഡുകള്‍ സമയബന്ധിതമായി പൂര്‍വസ്ഥിതിയിലാക്കിയില്ലെങ്കില്‍ കര്‍ക്കശമായ നിലപാട് സ്വീകരിക്കും. ഇക്കാര്യം മുഖ്യമന്ത്രിയുടെയും വാട്ടര്‍ അതോറിറ്റിയുടെ ചുമതലയുള്ള മന്ത്രിയുടെയും ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. ഇതുസംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ എത്രയും വേഗം ഉന്നതതല യോഗം ചേരുമെന്നും മന്ത്രി വ്യക്തമാക്കി.

ഹൈക്കോടതി പരാമര്‍ശിച്ച റോഡുകളില്‍ ഒന്നു മാത്രമാണ് പൊതുമരാമത്ത് റോഡ്. വാട്ടര്‍ അതോറിറ്റിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിലാണ് കോടതി ഇടപെടലുണ്ടായത്. ഒരു ലക്ഷത്തില്‍ അധികം കിലോമീറ്റര്‍ ദൂരത്തില്‍ 33000 കിലോമീറ്റര്‍ റോഡുകള്‍ മാത്രമാണ് പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ളത്. ബാക്കിയുള്ളവ തദ്ദേശഭരണ വകുപ്പ് ഉള്‍പ്പെടെയുള്ളവയുടേതാണ്. ഏറ്റവും അധികം റോഡുകള്‍ പൊതുമരാമത്ത് വകുപ്പിന്റേതല്ല. ഡിസ്ട്രിക്റ്റ് ഇന്‍ഫ്രാ സ്ട്രക്ച്ചര്‍ കോര്‍ഡിനേഷന്‍ കമ്മിറ്റി സംവിധാനം വളരെ ഫലപ്രദമായാണ് മുന്നോട്ടു പോകുന്നത്. ജില്ലകളില്‍ വര്‍ഷത്തില്‍ രണ്ടില്‍ കുറയാതെയും പ്രത്യേക സാഹചര്യങ്ങളിലും ഡിസ്ട്രിക്റ്റ് ഇന്‍ഫ്രാ സ്ട്രക്ച്ചര്‍ കോര്‍ഡിനേഷന്‍ കമ്മിറ്റി യോഗം ചേരും.

ഡിസ്ട്രിക്റ്റ് ഇന്‍ഫ്രാ സ്ട്രക്ച്ചര്‍ കോര്‍ഡിനേഷന്‍ കമ്മിറ്റികള്‍ ഫലപ്രദമായി മുന്നോട്ടു കൊണ്ടുപോകുന്നതിനായി പൊതുമരാമത്ത് വകുപ്പ് ജോയിന്റ് സെക്രട്ടറി സാംബ ശിവറാവുവിന് ഏഴ് ജില്ലകളുടെയും എസ്.സുഹാസിന് ഏഴു ജില്ലകളുടെയും സ്റ്റേറ്റ് നോഡല്‍ ഓഫീസര്‍ ചുമതല നല്‍കിയിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പ് പ്രവൃത്തികളുടെ ഡിഫക്റ്റ് ലയബലിറ്റി പിരീഡില്‍ അറ്റകുറ്റപ്പണികള്‍ കരാറുകാര്‍ നടത്തണം. ഇക്കാര്യത്തില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കാണ് ഉത്തരവാദിത്വമെന്നും മന്ത്രി വ്യക്തമാക്കി.

Similar News