യുവാവിന്റെ തലയ്ക്കടിച്ച് മൂന്നംഗ സംഘം മാലയും പണമടങ്ങിയ പേഴ്സും കവര്‍ന്നു
കോഴിക്കോട് സ്വദേശി മനുപ്രസാദിനെയാണ് (28) എറണാകുളം സൗത്ത് റെയില്‍വെ ഓവര്‍ ബ്രിഡ്ജിനു സമീപത്തെ റെയില്‍വെ ട്രാക്കില്‍ അജ്ഞാതരായ മൂന്നംഗ സംഘം ആക്രമിച്ചത്. മനുവിന്റെ കഴുത്തിലുണ്ടായിരുന്ന സ്വര്‍ണമാലയും പേഴ്സിലുണ്ടായിരുന്ന പണവും മൂന്ന് എടിഎം കാര്‍ഡുകളും മറ്റ് രേഖകളും മോഷണ സംഘം കവര്‍ന്നു
കൊച്ചിഎറണാകുളം സൗത്ത് റെയില്‍വെ സ്റ്റേഷന് സമീപം യുവാവിനെ തലയ്ക്ക് അടിച്ച് വീഴ്ത്തി രണ്ടു പവന്റെ സ്വര്‍ണ്ണ മാലയും പണമടങ്ങിയ പേഴ്സും കവര്‍ന്നു. കോഴിക്കോട് സ്വദേശി മനുപ്രസാദിനെയാണ് (28) എറണാകുളം സൗത്ത് റെയില്‍വെ ഓവര്‍ ബ്രിഡ്ജിനു സമീപത്തെ റെയില്‍വെ ട്രാക്കില്‍ അജ്ഞാതരായ മൂന്നംഗ സംഘം ആക്രമിച്ചത്. പേഴ്സിലുണ്ടായിരുന്ന പണവും മൂന്ന് എടിഎം കാര്‍ഡുകളും മറ്റ് രേഖകളും നഷ്ടപ്പെട്ടു. ഷിപ്യാര്‍ഡില്‍ ഔട്ട്ഫിറ്റ് അസിസ്റ്റന്റായ മനു കോഴിക്കോട് നിന്ന് മാവേലി എക്‌സ്പ്രസ്സില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നിനാണ് സൗത്ത് റെയില്‍വെ സ്റ്റേഷനില്‍ എത്തിയത്.
ആറു വര്‍ഷമായി കൊച്ചിയില്‍ ജോലി ചെയ്യുന്ന മനു പ്ലാറ്റ്ഫോമില്‍ നിന്ന് റെയില്‍വെ ട്രാക്ക് മുറിച്ചു കടന്ന് അംബികാപുരത്ത് താന്‍ താമസിക്കുന്ന ലോഡ്ജിലേയ്ക്ക് പോകുന്നതിനിടെയാണ് സംഭവം. എതിരെ വന്ന മൂന്നംഗ സംഘത്തിലെ ഒരാള്‍ 'നിന്നെ ഇവിടെ കണ്ടിട്ടില്ലല്ലോ' എന്ന് പറഞ്ഞ് മനുവിന്റെ മാല വലിച്ചുപൊട്ടിക്കുകയായിരുന്നു. മറ്റ് രണ്ട് പേരും കല്ല് കൊണ്ട് തലയ്ക്കടിച്ചു. പേഴ്സ് തട്ടിയെടുത്ത സംഘം മനുവിന്റെ കൈയ്യിലിരുന്ന ബാഗും മോഷ്ടിക്കാന്‍ ശ്രമിച്ചു. മനു റെയില്‍വേ സ്റ്റേഷനിലേയ്ക്ക് കുതറിയേടിയതോടെ സംഘം പിന്‍വാങ്ങുകയായിരുന്നു. തലയ്ക്ക് പരിക്കേറ്റ മനുവിനെ റെയില്‍വെ പ്രൊട്ടക്ഷന്‍ ഫോഴ്സ് ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. തലയില്‍ രണ്ട് സ്റ്റിച്ച് ഉണ്ട്. എറണാുകുളം സെന്‍ട്രല്‍ പോലിസില്‍ പരാതി നല്‍കിയിട്ടുണ്ട്.