യുവ ഇന്ത്യന്‍ പ്രതിരോധ താരം ഹോര്‍മിപാം റുവ കേരള ബ്ലാസ്റ്റേഴ്സില്‍

മണിപ്പൂര്‍ സോംഡാല്‍ സ്വദേശിയായ 20കാരന്‍, 2019-20 സീസണില്‍ ഇന്ത്യന്‍ ആരോസിന്റെ പ്രധാന താരമായിരുന്നു.2018ല്‍ പഞ്ചാബ് എഫ്സിയുടെ അണ്ടര്‍-18 ടീമിന്റെ ഭാഗമായിരിക്കെ, ഇന്ത്യന്‍ അണ്ടര്‍ 18 ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 2018-19 സീസണില്‍ മിനര്‍വ പഞ്ചാബിന് അവരുടെ ആദ്യ ഹീറോ എലൈറ്റ് അണ്ടര്‍-18 ലീഗ് കിരീടം നേടിക്കൊടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിചിരുന്നു. 2019ല്‍ നേപ്പാളില്‍ നടന്ന സാഫ് അണ്ടര്‍-18 ചാമ്പ്യന്‍ഷിപ്പ് നേടിയ ഇന്ത്യന്‍ ടീമിലും ഹോര്‍മിപാം അംഗമായിരുന്നു.

Update: 2021-04-08 14:21 GMT

കൊച്ചി: യുവ പ്രതിരോധ താരം ഹോര്‍മിപാം റുവ കേരള ബ്ലാസ്റ്റേഴ്സില്‍. മൂന്നുവര്‍ഷത്തേക്കാണ് കരാര്‍, 2024 വരെ യുവതാരം ടീമിന്റെ ഭാഗമാവും. കുട്ടിക്കാലം മുതല്‍ ഫുട്ബോളില്‍ സജീവമായ മണിപ്പൂര്‍ സോംഡാല്‍ സ്വദേശിയായ 20കാരന്‍, 2019-20 സീസണില്‍ ഇന്ത്യന്‍ ആരോസിന്റെ പ്രധാന താരമായിരുന്നു.2017ല്‍ ഇംഫാലിലെ സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യ (സായ്) അക്കാദമിയില്‍ ചേര്‍ന്നാണ് യുവ പ്രതിരോധക്കാരന്റെ കരിയര്‍ തുടക്കമിട്ടത്. 2018ല്‍ പഞ്ചാബ് എഫ്സിയുടെ അണ്ടര്‍-18 ടീമിന്റെ ഭാഗമായിരിക്കെ, ഇന്ത്യന്‍ അണ്ടര്‍ 18 ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 2018-19 സീസണില്‍ മിനര്‍വ പഞ്ചാബിന് അവരുടെ ആദ്യ ഹീറോ എലൈറ്റ് അണ്ടര്‍-18 ലീഗ് കിരീടം നേടിക്കൊടുക്കുന്നതില്‍ ഈ സെന്റര്‍ ബാക്ക് താരം നിര്‍ണായക പങ്കുവഹിചിരുന്നു.

2019ല്‍ നേപ്പാളില്‍ നടന്ന സാഫ് അണ്ടര്‍-18 ചാമ്പ്യന്‍ഷിപ്പ് നേടിയ ഇന്ത്യന്‍ ടീമിലും ഹോര്‍മിപാം അംഗമായിരുന്നു.പഞ്ചാബ് എഫ്സിയില്‍ നിന്ന് ലോണ്‍ അടിസ്ഥാനത്തില്‍ എത്തിയാണ് 2019-20 സീസണില്‍ ഹോര്‍മിപാം ഇന്ത്യന്‍ ആരോസിനായി 14 മത്സരങ്ങളില്‍ പ്രതിരോധത്തില്‍ കളിച്ചത്. ഐ ലീഗിന്റെ ഈ സീസണില്‍, പഞ്ചാബ് എഫ്സിക്കായി 9 മത്സരങ്ങളില്‍ ബൂട്ടുകെട്ടിയ താരം സ്ഥിരതയാര്‍ന്ന പ്രകടനവും നടത്തി. 600 മിനുറ്റിലേറെ കളിക്കളത്തിലുണ്ടായിരുന്ന ഹോര്‍മിപാം റുവ ആറു മത്സരങ്ങളില്‍ ആദ്യ ഇലവനിലും സ്ഥാനം പിടിച്ചിരുന്നു.

കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്കൊപ്പം ചേര്‍ന്ന് തന്റെ ഫുട്ബോള്‍ യാത്ര തുടരുന്നതില്‍ ആവേശഭരിതനാണെന്ന് ഹോര്‍മിപാം റുവ അഭിപ്രായപ്പെട്ടു. ടീമിന്റെ ആരാധകകൂട്ടത്തെ കുറിച്ച് ഒരുപാട് കേട്ടിട്ടുണ്ട്, എല്ലായ്പ്പോഴും ടീമിന്റെ ഭാഗമാകാനും ആഗ്രഹിച്ചിരുന്നു. കൂടുതല്‍ കഠിനമായി പരിശ്രമിക്കുമെന്ന് വാഗ്ദാനം ചെയ്യുന്നതിനൊപ്പം, ഭാവിയില്‍ ആരാധകര്‍ക്ക് വേണ്ടി ഏറ്റവും മികച്ചത് ചെയ്യാനും താന്‍ ആഗ്രഹിക്കുന്നു. ടീമിനൊപ്പം പരിശീലനം ആരംഭിക്കാന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്നും ഹോര്‍മിപാം റുവ അഭിപ്രായപ്പെട്ടു.

ഹോര്‍മിപാമിനെ പോലെ കഴിവുള്ള ഒരു താരം കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയില്‍ ചേരുന്നതില്‍ തങ്ങള്‍ സന്തുഷ്ടരാണെന്ന് കേരള ബ്ലാസ്റ്റേഴ്സ് എഫ്.സി സ്പോര്‍ട്ടിങ് ഡയറക്ടര്‍ കരോലിസ് സ്‌കിന്‍കിസ് പറഞ്ഞു. ഭാവിയില്‍ ടീമിന്റെ പ്രതിരോധത്തിന്റെ ഹൃദയസ്ഥാനത്ത് ഒരു പ്രധാന താരമായി മാറാനുള്ള കഴിവ് അദ്ദേഹത്തിനുണ്ടെന്നും കരോലിസ് സ്‌കിന്‍കിസ് കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News