ആയുർരക്ഷാ ക്ലിനിക്കുകൾ നിരീക്ഷിക്കുന്നതിന് മേഖലാ സമിതി
കൊവിഡ് 19 പ്രതിരോധം സംബന്ധിച്ച് ട്രെയിനിങ് നൽകുന്നതിനും പദ്ധതിനിർവഹണത്തിനും ഡേറ്റാ കളക്ഷനും ആവശ്യമായ സാഹചര്യം ഒരുക്കുന്നതിനുമാണ് മേഖലാ സമിതി പ്രവർത്തിക്കുന്നത്.
തിരുവനന്തപുരം: കൊവിഡ് 19 പ്രതിരോധിക്കുന്നതിന് സർക്കാർ ആവിഷ്കരിച്ച നാല് പദ്ധതികൾ ജില്ലാതലത്തിൽ നടപ്പിലാക്കുന്നത് നിരീക്ഷിക്കുന്നതിന് ദക്ഷിണ മേഖലാ സമിതി രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും സ്വകാര്യ ഡോക്ടർമാർ, കോളജ് വിദ്യാർത്ഥികൾ, സന്നദ്ധപ്രവർത്തകർ തുടങ്ങിയവർക്ക് കൊവിഡ് 19 പ്രതിരോധം സംബന്ധിച്ച് ട്രെയിനിങ് നൽകുന്നതിനും പദ്ധതിനിർവഹണത്തിനും ഡേറ്റാ കളക്ഷനും ആവശ്യമായ സാഹചര്യം ഒരുക്കുന്നതിനുമാണ് മേഖലാ സമിതി പ്രവർത്തിക്കുന്നത്.
തിരുവനന്തപുരം ആയുർവേദ കോളജ് ആർഎം ഡോ.എസ് ഗോപകുമാർ ചെയർമാനും ഭാരതീയ ചികിത്സാവകുപ്പ് ജോ.ഡയറക്ടർ ഡോ.ആർ അനിൽകുമാർ കോർഡിനേറ്ററുമായി പ്രവർത്തിക്കും. ആലപ്പുഴ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ഷീബ, വർക്കല ജില്ലാ ആശുപത്രിയിലെ ചീഫ് മെഡിക്കൽ ഓഫീസർ ഡോ.കെ വി ബൈജു, തിരുവനന്തപുരം ആയുർവേദ കോളജ് പ്രഫസർ ഡോ.വി കെ സുനിത, ചേരമാൻ തുരുത്ത് ആയുർവേദ ഡിസ്പെൻസറി സീനിയർ മെഡിക്കൽ ഓഫീസർ ഡോ.ഷർമദ് ഖാൻ, ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ സെക്രട്ടറി ഡോ.പി ആർ സജി, മെഡിക്കൽ കൗൺസിൽ മെമ്പർ ഡോ.രജിത് ആനന്ദ്, പങ്കജകസ്തൂരി മാനേജിങ് ഡയറക്ടർ ഡോ.ഹരീന്ദ്രൻ നായർ, ഭാരതീയ ചികിത്സാവകുപ്പ് മുൻ ജോ.ഡയറക്ടർ ഡോ.ടി എസ് ജയൻ എന്നിവർ അംഗങ്ങളായി പ്രവർത്തിക്കും.
ആയുർരക്ഷാ ക്ലിനിക്കുകൾ വഴി മരുന്നുകൾ തീരെ കുറച്ച് ലഘു വ്യായാമം ഉൾപ്പെടെയുള്ളവ ശീലിപ്പിക്കുന്നതിനും ദിനചര്യ, നല്ല ഭക്ഷണം എന്നിവയിലൂടെ മാനസിക ശാരീരിക ആരോഗ്യം മെച്ചപ്പെടുത്തുന്നതിനുമുള്ള സേവനമാണ് സ്വാസ്ഥ്യം എന്ന പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. 1206 ക്ലിനിക്കുകൾ അതിനായി പ്രത്യേക പ്രവർത്തനം ആരംഭിച്ചു. 60 വയസ്സിനു മുകളിൽ പ്രായമുള്ളവരെ പകർച്ചവ്യാധികളിൽ നിന്നും സംരക്ഷിക്കുന്നതിനുള്ള ഔഷധങ്ങളും ചികിത്സയുമാണ് സുഖായുഷ്യം എന്ന പദ്ധതിയിലൂടെ നടപ്പിലാക്കുന്നത്.
കൊവിഡ്19 ബാധിച്ച് നെഗറ്റീവ് ആയ ശേഷം രണ്ടാഴ്ചത്തെ വിശ്രമം കഴിഞ്ഞ് ആരോഗ്യം വീണ്ടെടുക്കുന്ന ചികിത്സയാണ് പുനർജ്ജനി. പലവിധ കാരണങ്ങളാൽ ഡോക്ടറെ നേരിട്ട് കാണുവാനും മരുന്ന് വാങ്ങുവാനും കഴിയാത്ത സാഹചര്യത്തിൽ ഓൺലൈൻ സംവിധാനം വഴിയുള്ള പരിഹാരമാണ് നിരാമയ എന്ന പദ്ധതിയിലൂടെ നടപ്പിലാക്കുന്നത്. നിലവിൽ മരുന്നുകൾ മുടങ്ങിപ്പോയവർക്കും ഈ പദ്ധതി വഴി സഹായം ലഭ്യമാക്കുന്നതാണ്.