കെപിസിസി രാഷ്ട്രീയ കാര്യസമിതി യോഗം ഉച്ചയ്ക്ക് ശേഷം മൂന്നിന്; ജംബോ കമ്മിറ്റി ഒഴിവാക്കും; അടിമുടി മാറ്റമുണ്ടാകുമെന്ന് വിഡി സതീശന്‍

കഴിവും കാര്യപ്രാപ്തിയും ജനസ്വീകാര്യതയുമാണ് ഭാരവാഹി മാനദണ്ഡമെന്ന് കെ സുധാകരന്‍ നേരത്തെ സൂചിപ്പിച്ചിരുന്നു

Update: 2021-06-23 05:56 GMT

തിരുവനന്തപുരം: കെപിസിസി രാഷ്ട്രീയ കാര്യ സമിതി യോഗം ഇന്ന് നടക്കും. ഉച്ചക്ക് ശേഷം മൂന്നിനാണ് രാഷ്ട്രീയ കാര്യ സമിതി യോഗം. കോണ്‍ഗ്രസ് സംഘടനാ രംഗത്ത് അടിമുടി മാറ്റമുണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. സംഘടനാ രംഗത്തെ എല്ലാ ന്യൂനതകളും പരിഹരിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. രാഷ്ട്രീയ കാര്യ സമിതിക്ക് മുന്നോടിയായി മുതിര്‍ന്ന നേതാക്കളുടെ യോഗം ഇപ്പോള്‍ കെപിസിസി ആസ്ഥാനത്ത് നടക്കുകയാണ്. തുടക്കത്തില്‍ തന്നെ പുനസംഘടന വേണം എന്ന ശക്തമായ നിലപാടിലാണ് കെ സുധാകരനും വിഡി സതീശനും.

കെപിസിസി പുനസംഘടനാ മാനദണ്ഡങ്ങള്‍ക്ക് രൂപം നല്‍കാനാണ് ഇന്ന് യോഗം ചേരുന്നത്. കെപിസിസി അധ്യക്ഷ പദവി ഏറ്റെടുത്ത കെ സുധാകരന്റെ ആദ്യത്തെ വെല്ലുവിളി പാര്‍ട്ടി പുനസംഘടനയാണ്.

ഗ്രൂപ്പുകള്‍ക്ക് അപ്പുറം കഴിവിന് പ്രാധാന്യം നല്‍കിയാണ് ഭാരവാഹികളെ നിശ്ചയിക്കാന്‍ ആലോചിക്കുന്നത്. ബൂത്ത് തലം മുതല്‍ കെപിസിസി വരെയുള്ള ജംബോ കമ്മിറ്റികള്‍ പിരിച്ചുവിടാനാണ് തീരുമാനം. ഡിസിസി, കെപിസിസി ഭാരവാഹികളുടെ പരമാവധി എണ്ണം 10 ആയി കുറയ്ക്കുകയാണ് കെ സുധാകരന്റെ ലക്ഷ്യം. ഇന്ന് ചേരുന്ന കെപിസിസി രാഷ്ട്രീയകാര്യ സമിതി ഈ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും. പുനസംഘടന മാനദണ്ഡങ്ങള്‍ ഉള്‍പ്പെടെ യോഗത്തില്‍ തീരുമാനിക്കും. നിലവില്‍ കെപിസിസി ജനറല്‍ സെക്രട്ടറിമാരായിരുന്നവരില്‍ ചിലര്‍ ഡിസിസി അധ്യക്ഷന്മാരാകാനും സാധ്യതയുണ്ട്.

എന്നാല്‍, ഗ്രൂപ്പുകളുടെ സമ്മര്‍ദ്ധത്തിനിടെ കഴിവും കാര്യശേഷിയുമുള്ള നേതാക്കളെ ഉല്‍പ്പെടുത്തി എങ്ങനെ പുനസംഘടന സാധ്യമാവും എന്നത് കാത്തിരുന്ന് കാണേണ്ടിവരും.


Tags:    

Similar News