ഗുജറാത്തിലെ ക്വാറന്റൈന്‍ സെന്ററില്‍ മലയാളികള്‍ ദുരിതത്തില്‍; തിരിച്ചുവരണമെന്ന് ആവശ്യം

Update: 2020-04-18 11:40 GMT

അഹ്മദാബാദ്: വിദേശത്തുനിന്ന് വരുന്നതിനിടയില്‍ അഹ് മദാബാദ് വിമാനത്താവളത്തില്‍ കൊവിഡ്-19 ക്വാറന്റൈനിലായ മലയാളികള്‍ ദുരിതത്തില്‍. ക്വാറന്റൈന്‍ കഴിഞ്ഞ തങ്ങളെ തിരിച്ചുവരാന്‍ അനുവദിക്കണമെന്ന് അപേക്ഷിച്ചുകൊണ്ട് അവരിലൊരാളായ ഇ കെ മുബഷിര്‍ മുഖ്യമന്ത്രി, ആരോഗ്യമന്ത്രി, മലപ്പുറം, വയനാട്, കോഴിക്കോട് കലക്ടര്‍മാര്‍ക്ക് നല്‍കിയ അപേക്ഷയിലാണ് ദുരിതങ്ങള്‍ എണ്ണിയെണ്ണിപ്പറയുന്നത്.

മുബഷീര്‍ പറയുന്നതനുസരിച്ച് എട്ടുപേര്‍ വിദേശത്തുനിന്നുള്ള യാത്രയ്ക്കിടയില്‍ അഹ്മദാബാദ് വിമാനത്താവളത്തില്‍ മാര്‍ച്ച് 21ന് ഇറങ്ങിയതായിരുന്നു. അവിടെ നിന്ന് മെഡിക്കല്‍ പരിശോധനയ്ക്കായി അവരെ ഗുജറാത്ത് സ്പോര്‍ട്സ് ഹോസ്റ്റലില്‍ ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചു. ഒരുമണിക്കൂര്‍ നിരീക്ഷണത്തില്‍ കഴിഞ്ഞ ശേഷം പോവാമെന്ന് പറഞ്ഞാണ് കൊണ്ടുപോയത്. അവിടെ എത്തിയപ്പോള്‍ അത് 24 മണിക്കൂറാക്കി. പിറ്റേദിവസം ജനതാകര്‍ഫ്യൂ. അന്നും അവിടെ തുടരേണ്ടിവന്നു.

അതുകഴിഞ്ഞ് അവര്‍ പറഞ്ഞതനുസരിച്ച് മാര്‍ച്ച് 24നു കൊച്ചിയിലേക്ക് വിമാനം ബുക്ക് ചെയ്തു. പക്ഷേ, വിമാനത്താവളത്തിലേക്ക് പോകാന്‍ അധികാരികള്‍ അനുവദിച്ചില്ല. പോലിസിനെ ഉപയോഗിച്ച് തടഞ്ഞുനിര്‍ത്തി. 21 ദിവസത്തെ ലോക്ക് ഡൗണ്‍ കഴിയും വരെ നില്‍ക്കാന്‍ അവര്‍ ആവശ്യപ്പെട്ടു. അതിനിടയില്‍ ഏപ്രില്‍ 8ന് ക്വാറന്റൈന്‍ സമയം അവസാനിച്ചു. അതിന്റെ സര്‍ട്ടിഫിക്കറ്റും ലഭിച്ചു. അന്നവിടെനിന്ന് വിടുതല്‍ വാങ്ങി എല്ലാവരെയും കൂടുതല്‍ സൗകര്യമുണ്ടെന്ന് പറഞ്ഞ് മറ്റൊരിടത്തേക്ക് മാറ്റി. അവിടെ ഇവരടക്കം മുപ്പതോളം പേരുണ്ട്. രണ്ട് കോമണ്‍ കുളിമുറി മാത്രം. വേണ്ട ഭക്ഷണവും ലഭിച്ചില്ല. അവിടെ ചിലര്‍ ക്വാറന്റൈനിലുമുണ്ടായിരുന്നു. പലരും പുറത്തുപോവുകയും വരികയും ചെയ്തുകൊണ്ടിരുന്നു. അവിടെ നിന്നാല്‍ ക്വാറന്റൈന്‍ വെറുതേയായിപ്പോവുമെന്ന്് വ്യക്തമായി. പലരെയും വിളിച്ച് പഴയസ്ഥലത്തേക്ക് മാറി.

അവിടെ എല്ലായിടത്തും കൊറോണ ബാധ കൂടുതലാണ്. ദിവസവും മൂന്നില്‍ കുറയാതെ മരണനിരക്കുമുണ്ട്. പോസിറ്റീവായ ആളുകളെ ഇവിടെ എത്തിക്കാന്‍ സാധ്യതയുണ്ടെന്നാണ് പുതിയ വിവരം. ഈ സാഹചര്യത്തില്‍ അവിടെ നില്‍ക്കുന്നത് സുരക്ഷിതമല്ലെന്നാണ് മുബഷീര്‍ പറയുന്നത്. ഇതുവരെയും ആര്‍ക്കും കുഴപ്പമില്ല.

ക്വാറന്റൈന്‍ കഴിഞ്ഞ നിലയ്ക്ക് തിരികെ വരാന്‍ അനുമതി വേണമെന്നാണ് ഇവരുടെ ആവശ്യം. ഇക്കാര്യം പറഞ്ഞ് പലരുമായി ബന്ധപ്പെട്ടെങ്കിലും മറുപടി ലഭിച്ചില്ല. മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും കലക്ടര്‍മാര്‍ക്കും അപേക്ഷ നല്‍കിയിട്ട് ഒരാഴ്ച പിന്നിട്ടിട്ടും യാതൊരു നടപടിയുമുണ്ടായില്ല. കലക്ടറുടെ ഓഫിസും പോലിസ് ആസ്ഥാനത്തും ബന്ധപ്പെട്ടു. അതും ഫലിച്ചില്ല. അഹ്മദാബാദ് അധികാരികളില്‍നിന്ന് യാത്ര ചെയ്യാനുള്ള അനുമതി വാങ്ങണമെന്നാണ് കലക്ടര്‍മാര്‍ പറയുന്നത്. എന്നാല്‍, അനുമതി നല്‍കാന്‍ അവര്‍ കൂട്ടാക്കുന്നില്ല.

ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥയെത്തി ഇവര്‍ക്ക് കൊവിഡ് നെഗറ്റീവാണെന്നുള്ള സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടുണ്ട്. എന്നാല്‍, യാത്രയ്ക്ക് അതൊന്നും മതിയാവില്ലെന്നാണ് ഭരണകൂടത്തിന്റെ നിലപാട്. നിലവില്‍ ഒരു വാഹനം ലഭ്യമാണ്. അതുപയോഗിച്ച് കേരളത്തിലെത്താന്‍ കഴിയും. സുരക്ഷിതമായ വഴിയും അവര്‍ കണ്ടെത്തിയിട്ടുണ്ട്. നികോള്‍, നാസിക്, സോലാപൂര്‍, മംഗളൂരു, കാസര്‍ഗോഡ്, എര്‍ണാകുളം വഴി ഉപയോഗിക്കാന്‍ കഴിയും. പക്ഷേ, അതിനുള്ള അനുമതി ലഭിച്ചിട്ടില്ല. അതിനുളള അനുമതി വേണമെന്നാണ് ഇവരുടെ ആവശ്യം. വയനാട്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ നിന്നുളളവരാണ് ക്വാറന്റൈന്‍ കാലാവധി കഴിഞ്ഞശേഷവും നാട്ടിലേക്ക് മടങ്ങിവരാനാവാതെ അഹ്മദാബാദില്‍ കുടുങ്ങിക്കിടക്കുന്നത്.

Similar News