ഒഎന്‍കെ ജംഗ്ഷനിലെ ട്രാഫിക് സിഗ്‌നല്‍ തകര്‍ന്നു പത്തുമാസം പിന്നിട്ടിട്ടും പുനഃസ്ഥാപിക്കാന്‍ നടപടിയില്ല
കായംകുളം: ട്രാഫിക് സിഗ്‌നല്‍ തകര്‍ന്നു പത്തുമാസം പിന്നിട്ടിട്ടും പുനഃസ്ഥാപിക്കാന്‍ നടപടിയില്ല. ദേശീയപാതയില്‍ ഒഎന്‍കെ ജംഗ്ഷനിലെ ട്രാഫിക് സിഗ്‌നലാണ് കഴിഞ്ഞ പത്തുമാസകാലമായി പ്രവര്‍ത്തനരഹിതമായി കിടക്കുന്നത്. വാഹനം ഇടിച്ചുണ്ടായ അപകടത്തില്‍ ഇവിടുത്തെ രണ്ടു സിഗ്‌നല്‍ പോസ്റ്റുകള്‍ തകരുകയായിരുന്നു. സിഗ്‌നല്‍ പോസ്റ്റുകള്‍ നിലം പതിച്ചതോടെ ഇവിടുത്തെ ഗതാഗത നിയന്ത്രണം കീറാമുട്ടിയായിരിക്കുകയാണ്. ദേശീയപാതയില്‍ ഏറ്റവും തിരക്കേറിയതും അപകടം നിറഞ്ഞതുമായ ഭാഗമാണ് ഒഎന്‍കെ ജംക്ഷന്‍. ആയിരക്കണക്കിനു വാഹനങ്ങള്‍ കടന്നുപോകുന്ന കായംകുളം കാര്‍ത്തികപ്പള്ളി റോഡ് ,മാര്‍ക്കറ്റ് റോഡ് എന്നിവയുടെ സംഘമസ്ഥാനമായ ഒഎന്‍കെ ജംക്ഷനില്‍ നാല് ഭാഗങ്ങളില്‍ നിന്നായി എത്തുന്ന വാഹനങ്ങളെ നിയന്ത്രിക്കുവാന്‍ ട്രാഫിക് ജീവനക്കാരും പാടുപെടുകയാണ്. ദേശീയപാതയുടെ വശങ്ങള്‍ താഴ്ചയായതും റോഡുകളുടെ വീതികുറവും ഗതാഗതം നിയന്ത്രിക്കുന്നവരുടെയും യാത്രക്കാരുടെയും സുരക്ഷയ്ക് ഒരേപോലെ ഭീഷണിയാണ്.
നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് ഒഎന്‍കെ ജംഗ്ഷനില്‍ സിഗ്‌നല്‍ ലൈറ്റ് സ്ഥാപിച്ചത്. ഗതാഗതം സുഗമമാക്കാന്‍ സ്ഥാപിച്ച സിഗ്‌നലിലെ അശാസ്ത്രീയത യാത്രക്കാരെ കൂടുതല്‍ ദുരിതത്തിലാക്കുകയായിരുന്നു . കാര്‍ത്തികപ്പള്ളി റോഡ് ,മാര്‍ക്കറ്റ് റോഡ് എന്നിവിടങ്ങളില്‍ നിന്നും വരുന്ന വാഹനങ്ങള്‍ ദേശീയപാത യിലേക്ക് കടക്കാന്‍ ഏറെ സമയം കാത്തുകിടക്കേണ്ടി വരുന്നതുമൂലം ഇരു റോഡുകളിലും വാഹനങ്ങള്‍ പെരുകുകയും ദേശീയപാതയില്‍ നിന്നും വരുന്ന വാഹനങ്ങള്‍ക്ക് ഇവിടങ്ങളിലേക്കു പ്രവേശിക്കാന്‍ കഴിയാതാവുകയും ചെയ്യുന്നതോടെ രൂക്ഷമായ ഗതാഗത തടസമാണ് ഇവിടെ അനുഭവപെട്ടുകൊണ്ടിരുന്നത്. റോഡിന്റെ വശങ്ങള്‍ വീതികൂട്ടി ശാസ്ത്രീയമായ ട്രാഫിക് സിഗ്‌നല്‍ ലൈറ്റ് പുനഃസ്ഥാപിക്കണമെന്ന ആവശ്യം ഉയരുകയാണ് .